
തൃശൂർ: അടുത്ത ആഴ്ച തൃശൂരിൽ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുമ്പാകെ മിനി പൂരം സംഘടിപ്പിക്കാൻ ഒരുങ്ങി പാറമേക്കാവ് ദേവസ്വം. ജനുവരി മൂന്നിന് എത്തുന്ന പ്രധാനമന്ത്രിക്ക് മുമ്പാകെ പൂരമൊരുക്കാൻ പാറമേക്കാവ് ദേവസ്വം സുരക്ഷാ അനുമതി തേടിയിട്ടുണ്ട്. അന്ന് നടക്കുന്ന റോഡ് ഷോയ്ക്കിടെ മിനി പൂരം സംഘടിപ്പിക്കാനാണ് അനുമതി തേടിയിരിക്കുന്നത്.
പൂരം പ്രദർശനത്തിന്റെ തറവാടകയുമായി ബന്ധപ്പെട്ട് കൊച്ചിൻ ദേവസ്വം ബോർഡുമായി നിലനിൽക്കുന്ന തർക്കത്തെ തുടർന്ന് രൂപംകൊണ്ട പൂരം പ്രതിസന്ധി പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവരികയാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്. 15 ആനകളെ അണിനിരത്തിയായിരിക്കും പൂരം.
നിലവിൽ പൂരം തറവാടകയുമായി ബന്ധപ്പെട്ട് കൊച്ചിൻ ദേവസ്വം ബോർഡുമായി തർക്കം നിലനിൽക്കുന്നുണ്ട്. ഈ തർക്കത്തിൽ കേന്ദ്ര സർക്കാർ തൃശൂർ പൂരത്തിനൊപ്പമാണെന്ന് ജനങ്ങളെ ബോദ്ധ്യപ്പെടുത്തേണ്ടതുണ്ട്. ഇതിന്റെ ഭാഗമായുള്ള ശ്രമങ്ങൾ ബിജെപി ആരംഭിച്ചിട്ടുണ്ട്.