
ചെന്നൈ: പ്രശസ്ത നടനും ഡിഎംഡികെ നേതാവുമായ വിജയകാന്ത് അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കൊവിഡ് ബാധിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്നു. ആരോഗ്യനില ഗുരുതരമായതോടെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. മെഡിക്കൽ ബുള്ളറ്റിനിലൂടെ ആശുപത്രി അധികൃതരാണ് മരണവിവരം അറിയിച്ചത്.
തമിഴ് സിനിമാലോകത്ത് ഒരുകാലത്ത് ഹിറ്റുകൾ സമ്മാനിച്ച വിജയകാന്തിനെ ആരാധകർ സ്‌നേഹത്തോടെ വിളിച്ചത് ക്യാപ്റ്റൻ എന്നായിരുന്നു. ദേശീയ മുർപോക്ക് ദ്രാവിഡ കഴകം എന്ന രാഷ്ട്രീയ പാർട്ടിയുടെ സ്ഥാപക നേതാവാണ് വിജയകാന്ത്. രണ്ട് തവണ തമിഴ്നാട് നിയമസഭാംഗമായിരുന്നു.
അമ്മൻ കോവിൽ കിഴക്കാലേ, വൈദേഹി കാത്തിരുന്താൽ, ചിന്ന ഗൗണ്ടർ, വല്ലരശ്, ക്യാപ്റ്റൻ പ്രഭാകരൻ എന്നിവയാണ് വിജയകാന്തിന്റെ ചില ശ്രദ്ധേയമായ ചിത്രങ്ങൾ. 1980 കാലങ്ങളിൽ തമിഴ് ചലച്ചിത്രരംഗത്ത് കമലഹാസൻ, രജനികാന്ത് എന്നിവർക്ക് ശേഷം പ്രധാന നായകനായിരുന്നു വിജയകാന്ത്. ഒരു ആക്ഷൻ നായകന്റെ പരിവേഷമാണ് വിജയകാന്തിന് തമിഴ് സിനിമാലോകം നൽകിയത്. വിജയകാന്തിന്റെ മിക്ക ചിത്രങ്ങളും തെലുങ്ക്, കന്നഡ ഭാഷകളിലേക്ക് മൊഴിമാറ്റം നടത്തപ്പെട്ടിട്ടുണ്ട്.
2005 സെപ്റ്റംബർ 14 ന് വിജയകാന്ത് ദേശീയ മുർപോക്ക് ദ്രാവിഡ കഴകം രൂപീകരിച്ചത്. 2006 ലെ തമിഴ്നാട് നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 234 സീറ്റുകളിലും മത്സരിച്ചെങ്കിലും വിജയകാന്ത് മത്സരിച്ച മണ്ഡലത്തിൽ മാത്രമേ വിജയം നേടാനായുള്ളു.