
തമിഴ് രാഷ്ട്രീയത്തിലെ ശക്തനായ പോരാളിയായിരുന്നു നടനും ഡിഎംഡികെ നേതാവുമായ വിജയകാന്ത്. 2014ൽ തമിഴ്നാട്ടിൽ സ്വന്തം പാർട്ടി രൂപീകരിച്ച് രാഷ്ട്രീയ രംഗത്തേയ്ക്ക് ശക്തമായി കടന്നുവന്ന അദ്ദേഹം ഇന്നുവരെയും തന്റെ സാന്നിദ്ധ്യം ജനങ്ങളെ അറിയിച്ചുകൊണ്ടിരുന്നു. എന്നാൽ തനിക്ക് രാഷ്ട്രീയത്തിൽ ആഗ്രഹിച്ചത് ഒന്നും സാധിക്കാൻ കഴിഞ്ഞില്ലെന്ന് മുൻപ് ഒരു അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞിരുന്നു.
2011ലെ തിരഞ്ഞെടുപ്പിൽ വിജയകാന്ത് ഓൾ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകവുമായി (എഐഎഡിഎംകെ) സഖ്യമുണ്ടാക്കുകയും പാർട്ടി മത്സരിച്ച 41 സീറ്റുകളിൽ 29 സീറ്റുകൾ നേടുകയും ചെയ്തു. എന്നാൽ തെരഞ്ഞെടുപ്പിന് ശേഷം അന്നത്തെ മുഖ്യമന്ത്രിയായ ജയലളിതയുമായി നടന്ന വാക്കുതർക്കത്തിൽ എഐഎഡിഎംകെ നിന്ന് വേർപിരിഞ്ഞ അദ്ദേഹം ഡി എം ഡി കെ എന്ന സ്വന്തം പാർട്ടി രൂപികരിച്ചു. പിന്നാലെ തമിഴ്നാട്ടിൽ ശക്തനായ നേതാവായി മാറുകയായിരുന്നു.
രാഷ്ട്രീയത്തിൽ പല പാർട്ടി അംഗങ്ങളും പണം വാങ്ങി തന്നെ ഒതുക്കാൻ ശ്രമിച്ചിട്ടുണ്ടെന്ന് വിജയകാന്ത് ആരോപിച്ചിട്ടുണ്ട്. വളരെ ശക്തമായ നേതാവായിരുന്നതിനാൽ ബിജെപിയ്ക്ക് വരെ അദ്ദേഹത്തിന്റെ ആവശ്യം വന്നിരുന്നു.
2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മോദി വിജയകാന്തിന്റെ സഹായം തേടിയിരുന്നു. അന്ന് ഡിഎംഡികെ - ബിജെപി സഖ്യം ശക്തമായിരുന്നു. എന്നാൽ ചില രാഷ്ട്രീയ കാരണങ്ങളാൽ പിന്നെ ആ സഖ്യം തകരുകയാണ് ചെയ്തത്. മറ്റ് പാർട്ടികളുമായി സഖ്യം ഉണ്ടാക്കുന്നതിൽ വിജയകാന്ത് വളരെ ശ്രദ്ധ പുലർത്തിയിരുന്നു.
ജയലളിതയുടെയും എം കരുണാനിധിയുടെയും പാർട്ടിയിൽ നിന്ന് നിരവധി തിരിച്ചടികൾ അദ്ദേഹം നേരിട്ടിട്ടുണ്ട്. ഇക്കാര്യം മുൻപ് പല അവസരത്തിലും വിജയകാന്ത് തുറന്നുപറഞ്ഞിരുന്നു. വിജയകാന്തിന് പ്രിയപ്പെട്ട പലരും അദ്ദേഹത്തിന്റെ പാർട്ടിയിൽ നിന്ന് മറ്റ് പാർട്ടികളിലേക്ക് പോയപ്പോൾ, അത് രാഷ്ട്രീയത്തിന്റെ ഭാഗമായി മാത്രമാണ് ക്യാപ്റ്റൻ കണ്ടത്.
ജനങ്ങളുടെ താൽപര്യത്തിനാണ് ഡിഎംഡികെ മുൻതൂക്കം നൽകിയതെന്ന് പറയാം. നിരവധി നടന്മാർ ഇനിയും രാഷ്ട്രീയത്തിലേക്ക് വരാം. എന്നാൽ അവരുടെ നിലനിൽപ്പ് തീരുമാനിക്കുന്നത് ജനങ്ങളാണെന്ന വിശ്വാസമാണ് വിജയകാന്തിന് ഉണ്ടായിരുന്നത്. അങ്ങനെ വർഷങ്ങളായി ജനങ്ങൾ നൽകിയ പിന്തുണയായിരുന്നു വിജകാന്ത് എന്ന നടനിൽ നിന്ന് ഒരു നല്ല രാഷ്ട്രീയ നേതാവിനെ വാർത്തെടുത്തത്. പലപ്പോഴും മാദ്ധ്യമങ്ങളുടെ മുന്നിൽ വളരെ വികാര വിക്ഷോഭത്തോടെ സംസാരിച്ചിരുന്ന ആളാണ് വിജയകാന്ത്. തനിക്ക് ദേഷ്യം മറച്ച് വച്ച് ചിരിക്കാൻ അറിയില്ലെന്നാണ് അതിന് മറുപടിയായി അദ്ദേഹം പറഞ്ഞിരുന്നത്.