
കോളിവുഡിനെയും നടികർ സംഘത്തെയും എന്നും ചേർത്തുനിർത്തിയിട്ടുള്ളയാളായിരുന്നു ക്യാപ്റ്റൻ വിജയകാന്ത്. വെള്ളിത്തിരയിൽ നാല് പതിറ്റാണ്ടിലധികം സജീവമായിരുന്ന അദ്ദേഹം തമിഴിൽ 150 ലധികം ചിത്രങ്ങൾ ചെയ്തു. മറ്റ് ഭാഷകളിലേക്ക് പോകുന്നതിനെപ്പറ്റി അദ്ദേഹം ഒരിക്കലും ചിന്തിച്ചിരുന്നില്ല.
തമിഴ് സിനിമകൾക്കായി തന്റെ ജീവിതം സമർപ്പിച്ച വിജയകാന്ത്, മറ്റ് ഭാഷകളിൽ ഡബ്ബ് ചെയ്തിട്ടുണ്ട്. രജനികാന്തും കമലഹാസനും ചേർന്ന് തമിഴ് സിനിമ ഭരിക്കുന്ന കാലത്താണ് കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ വിജയകാന്ത് തമിഴ് മക്കളുടെ മുന്നിലെത്തിയത്. ഇതോടെ രജനിയുടെയും കമലിന്റെയും ഒപ്പമെത്താൻ അദ്ദേഹത്തിന് സാധിച്ചു. 80കളിലും 90കളിലും അവർ മൂന്നുപേരും തമിഴ് സിനിമയെ ഭരിച്ചു.
1979ൽ എം എ കാജയുടെ 'ഇനിക്കും ഇളമൈ' എന്ന ചിത്രത്തിലൂടെയാണ് വിജയകാന്ത് നായകനായി അരങ്ങേറ്റം കുറിച്ചത്. ഈ സിനിമയും തുടർന്നുള്ള ചിത്രങ്ങളും ബോക്‌സോഫീസിൽ പരാജയപ്പെട്ടെങ്കിലും വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ വിജയകാന്ത് അഭിനയം തുടർന്നു.
'ദൂരത്തു ഇടി മുഴക്കം' (1980) എന്ന ചിത്രമാണ് കരിയറിൽ വഴിത്തിരിവായത്. എസ് എ ചന്ദ്രശേഖറിന്റെ 'സട്ടം ഒരു ഇരുട്ടറൈ' എന്ന ചിത്രത്തിലൂടെ താനൊരു ശക്തിയാണെന്ന് അദ്ദേഹം തെളിയിച്ചു. 1984ൽ അദ്ദേഹത്തിന്റെ 18 സിനിമകളാണ് റിലീസ് ചെയ്തത്. ഇതോടെ ഒരു വർഷത്തിനുള്ളിൽ ഇത്രയധികം ചിത്രങ്ങളിൽ അഭിനയിച്ച ഏക തമിഴ് നടനായി അദ്ദേഹം മാറി.
തമിഴിൽ നിർമ്മിച്ച ആദ്യത്തെ 3ഡി ചിത്രമായ 'അന്നൈ ഭൂമി 3ഡി'യിലും അദ്ദേഹം അഭിനയിച്ചു. ഇതിലൂടെ ഫിലിംഫെയർ അവാർഡുകൾ നേടുകയും ചെയ്തു.തൊണ്ണൂറുകളിൽ വിജയകാന്ത് തന്റെ സിനിമകളിൽ രാജ്യസ്‌നേഹം ഉൾപ്പെടുത്താനുള്ള ബോധപൂർവമായ തീരുമാനമെടുത്തത് വാണിജ്യ വിജയത്തിന് കാരണമായി. അദ്ദേഹം ഈ സമയം രാഷ്ട്രീയത്തിലേക്ക് കടക്കാൻ പദ്ധതിയിട്ടിരുന്നു, തന്റെ രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങൾ അറിയിക്കാനുള്ള മാർഗമായും വിജയകാന്ത് തന്റെ സിനിമകളെ കണ്ടുവെന്ന് പറയപ്പെടുന്നു.
എന്നിരുന്നാലും തൊണ്ണൂറുകൾക്ക് ശേഷം വിജയകാന്ത് തിരിച്ചടികൾ നേരിട്ടു. യാഥാർത്ഥ്യ ബോധമില്ലാത്ത സിനിമകളുടെ ഭാഗമായി. സ്വന്തം രാഷ്ട്രീയ പാർട്ടി രൂപീകരിക്കാൻ വേണ്ടി അദ്ദേഹം സിനിമകളോട് വിട പറയുകയും ചെയ്തു.
സോഷ്യൽ മീഡിയയുടെ കടന്നുവരവ് ലോകത്തിന് വലിയ അനുഗ്രഹമായെങ്കിലും വിജയകാന്തിന് നേരെ തിരിച്ചായിരുന്നു. അദ്ദേഹം നിരന്തരം ട്രോളുകൾ ചെയ്യപ്പെട്ടു. അദ്ദേഹത്തിന്റെ യാഥാർത്ഥ്യബോധമില്ലാത്ത സിനിമകളടക്കം പരിഹസിക്കപ്പെട്ടു, താമസിയാതെ അദ്ദേഹം ഒരു പരിഹാസപാത്രമായി മാറി.തന്നെ പരിഹസിക്കുന്ന മീമുകൾ സൃഷ്ടിച്ചവർക്കെതിരെ കുറച്ച് വർഷങ്ങൾക്ക് മുമ്പ് അദ്ദേഹം പരാതി നൽകിയിരുന്നു. എന്നിരുന്നാലും പരിഹാസങ്ങൾ വീണ്ടും തുടർന്നു.
അതേസമയം, നടികർ സംഘം ഇപ്പോൾ ഈ രീതിയിൽ പ്രവർത്തിക്കുന്നതിന്റെ ഒരു കാരണം വിജയകാന്താണെന്ന് പലർക്കും അറിയില്ല. നടന്മാരായ എം ജി ആർ, ശിവാജി ഗണേശൻ, എംആർ രാധ അടക്കമുള്ളവരുടെ പിന്തുണയോടെ 1952ലാണ് നടികർ സംഘം സ്ഥാപിച്ചത്. എന്നാൽ പിന്നീട് പല കാരണങ്ങളാൽ, നടികർ സംഘം 4.5 കോടി രൂപ കടക്കെണിയിലായി. വിജയകാന്തിന്റെ തന്ത്രപരമായ തീരുമാനമാണ് അന്ന് നടികർ സംഘത്തെ രക്ഷിച്ചത്.
നടൻ വിജയ്‌യെ വരെ വിജയകാന്ത് സഹായിച്ചിട്ടുണ്ട്. ഇതിനെക്കുറിച്ച് വിജയ്‌യുടെ പിതാവും സംവിധായകനുമായ എസ് എ ചന്ദ്രശേഖർ തന്നെ വെളിപ്പെടുത്തിയിരുന്നു. 'എന്റെ മകൻ വിജയ്‌യുടെ ആദ്യ ചിത്രം പരാജയമായിരുന്നു. അതിനാൽ, വിജയ്കാന്തും വിജയ്‌യും ഒരു സിനിമയ്ക്കായി ഒരുമിച്ചാൽ അത് എന്റെ മകന്റെ കരിയറിന് വലിയ ഉത്തേജനമാകുമെന്ന് ഞാൻ കരുതി. ക്യാപ്റ്റനെ വിളിച്ചു. അദ്ദേഹം എന്റെ വീട്ടിലേക്ക് വന്നു. ഞാൻ പ്രതിഫലത്തെ കുറിച്ച് പറഞ്ഞപ്പോൾ, ഷൂട്ടിംഗുമായി മുന്നോട്ട് പോകാൻ അദ്ദേഹം എന്നോട് ആവശ്യപ്പെട്ടു. സെന്ധൂരപാണ്ടി എന്ന ചിത്രം വൻ ഹിറ്റായിരുന്നു. വിജയകാന്ത് വിജയ്ക്ക് ചെയ്തത് വലിയ സഹായമായിരുന്നു. അദ്ദേഹം അത് ചെയ്തില്ലെങ്കിൽ വിജയ് ഇവിടെ ഉണ്ടാകില്ലായിരുന്നു,' എസ് എ ചന്ദ്രശേഖർ പങ്കുവെച്ചു.