
കൊച്ചി: ഫ്ലവർഷോയിൽ എത്തുന്ന കാണികൾക്ക് പുത്തൻ അനുഭവമായി കണ്ടെയ്നർ ഗാർഡൻ. 2200 ചതുരശ്ര അടിയിലാണ് പൂന്തോട്ടം ഒരുക്കിയിരിക്കുന്നത്. ഉരുളി പോലുള്ള ആകൃതിയിലുള്ള ഒരു വലിയ പ്ലാസ്റ്റിക് ചട്ടിയിലാണ് ചെടികൾ ക്രമീകരിച്ചിരിക്കുന്നത്. തിങ്ങി നിൽക്കുന്ന പൂച്ചെടികളാണ് ഇതിന്റെ പ്രത്യേകത. ബാംഗ്ലൂരിലുള്ള ഇൻഡോ അമേരിക്കൻ ഹൈബ്രിഡ് സീഡിസ് എന്ന കമ്പനിയാണ് ഫ്ലവർ ഷോയിൽ ചെടികൾ പ്രദർശിപ്പിച്ചിരിക്കുന്നത്.
പുൽത്തകിടികളിൽ ആവശ്യത്തിന് അകലം പാലിച്ച് കാഴ്ചക്കാരന്റെ കണ്ണുകളെ ഒറ്റ നോട്ടത്തിൽ തന്നെ ആകർഷിക്കുന്ന വിധത്തിലാണ് പൂച്ചെടികൾ ക്രമീകരിച്ചിരിക്കുന്നത്. ഏകദേശം അമ്പതോളം ചട്ടികളിലാണ് വിവിധ നിറങ്ങളിലുള്ള പൂച്ചെടികൾ പ്രദർശിപ്പിച്ചിരിക്കുന്നത്. മിനയേച്ചർ ആന്തൂറിയം, ബ്രോമിലിയാഡ്‌സ്, പോയിൻസെറ്റിയ, പന്നൽച്ചെടികൾ തുടങ്ങിയ പൂച്ചെടികളിലെ വൈവിധ്യമായ ഇനങ്ങളാണ് ഇവിടെയുള്ളത്.
ഒട്ടും ഉയരം വെക്കാത്ത നിറയെ പൂക്കളായിട്ടുള്ള മിനയേച്ചർ ആന്തൂറിയമാണ് പ്രധാന ആകർഷണം. പിങ്ക്, കടും ചുവപ്പ്, കടും കാപ്പി, വെള്ള, മഞ്ഞ, വയലറ്റ് തുടങ്ങി വ്യത്യസ്ഥ നിറങ്ങളിൽ പന്ത്രണ്ട് മിനയേച്ചർ ആന്തൂറിയം ഉണ്ട്. നിറ വ്യത്യാസം അനുസരിച്ച് ഓരോ ഇനവും അമ്പതെണ്ണമായി ഓരോ ചട്ടിയിലാണ് ഒരുക്കിയിരിക്കുന്നത്. മറ്റൊരു ആകർഷണമാണ് ബ്രോമിലിയാഡ്‌സ്. അലങ്കാര കൈത വർഗത്തിൽപ്പെടുന്നതാണ് ബ്രോമിലിയാഡ്‌സ്. അതാണ് ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്നത്. ഈ ചെടികളുടെ ഇലയ്ക്കാണ് കൂടുതൽ ഭംഗി. ജനുവരി ഒന്ന് വരെ നീണ്ടുനിൽക്കുന്ന ഫ്ലവർ ഷോ രാവിലെ ഒൻപതു മുതൽ രാത്രി ഒൻപതു മണിവരെയാണ്. അവധി ദിവസങ്ങളിൽ രാത്രി 10 മണി വരെയാണ് പ്രദർശന സമയം.