
തിരുവനന്തപുരം: മകളുമൊത്ത് പുഴയിൽ കുളിക്കാൻപോയ പിതാവ് അവിടെയിരുന്നു മദ്യപിക്കുന്ന പയ്യന്മാരെ ചോദ്യം ചെയ്തതിന് വീടുകയറിയുള്ള ആക്രമണത്തിന് ഇരയായത് കഴിഞ്ഞ തിങ്കളാഴ്ച തൃശൂർ പുതുക്കാട്ടാണ്. കാറിൽ സ്വകാര്യ ബസ് ഉരസിയത് ചോദ്യം ചെയ്ത കാറുടമയെ ബസ് ഡ്രൈവർ മർദ്ദിച്ച സംഭവം രണ്ടുദിവസം മുമ്പ് കോഴിക്കോട്ടുണ്ടായി.
കേരളത്തിലിപ്പോൾ 'തല്ലുമാല' പരമ്പരയാണ്. ഒന്നു ചോദിച്ച് രണ്ടാമത്തേതിന് അടി, കൂട്ടത്തല്ല്. വാഹനത്തിന് സൈഡ് കൊടുത്തില്ലെങ്കിൽ, മദ്യപാനം ചോദ്യം ചെയ്തതിന്.. കലിപ്പിന് കാരണങ്ങൾ നിസാരം. ഒന്ന് തറപ്പിച്ച് നോക്കിയാൽപോലും അക്രമിക്കപ്പെടുന്ന അവസ്ഥ. ഒറ്റയ്ക്കും കൂട്ടായും, ക്വട്ടേഷൻ മർദ്ദനവുമൊക്കെ നിത്യസംഭവം.
ഈയിടെ ഇറങ്ങിയ ന്യൂജെൻ ഹിറ്റ് സിനിമകളിൽ പലതിലും തല്ലോടു തല്ലാണ്. അതിന് സമാനമാണ് ഇപ്പോൾ നാട്ടിലെ സ്ഥിതി. ഒരു തല്ലിന് പിന്നാലെ മാലമാലയായി തല്ലുണ്ടാകുന്ന 'തല്ലുമാല' സിനിമ. 'ആർ.ഡി.എക്സ്' എന്ന ചിത്രത്തിൽ കളിക്കളത്തിലും ഉത്സവസ്ഥലത്തുമൊക്കെ അടിയോടടി. അജഗജാന്തരം, അങ്കമാലി ഡയറീസ്, പൊറിഞ്ചുമറിയം ജോസ്, കിംഗ് ഓഫ് കൊത്ത.. ഇങ്ങനെ പോകുന്നു അടിപ്പടങ്ങൾ.
ചില അന്യഭാഷാ ചിത്രങ്ങളിലാകട്ടെ അടിമാത്രമല്ല, വെടിയും വെട്ടുമൊക്കെയുണ്ട്. ഇതിന്റെയൊക്കെ സ്വാധീനവും നാട്ടിലെ 'തല്ലുമാല'യ്ക്ക് ഇടയാക്കുന്നുണ്ടെന്ന് മനഃശാസ്ത്രജ്ഞർ വിലയിരുത്തുന്നു. ഇതിനൊപ്പം അമിത ലഹരി ഉപയോഗവും ആക്രമണങ്ങൾക്ക് പ്രോത്സാഹനമാകുന്നു.
'സിനിമയും ലഹരിയും പ്രേരണ'
യുവാക്കളടക്കം സിനിമകളിലെ വയലൻസ് അനുകരിക്കാൻ ശ്രമിക്കുന്നതും അക്രമസംഭവങ്ങൾക്ക് ഇടയാക്കുന്നു. ലഹരി ഉപയോഗവും പ്രേരണയാകുന്നു. ഡിജിറ്റൽ ലോകത്ത് മനുഷ്യൻ ആഗ്രഹിക്കുന്നതൊക്കെ പെട്ടെന്ന് നടക്കുന്നു. മുമ്പ് അങ്ങനെയെല്ല, ആഗ്രഹിച്ചാൽ കിട്ടണമെന്നില്ല. അതനുസരിച്ച് മനസിനെ പാകപ്പെടുത്തുമായിരുന്നു. ഇപ്പോൾ കിട്ടാതെ വരുമ്പോൾ വയലൻസിലേക്കു തിരിയുന്നു. വ്യക്തിബന്ധങ്ങളുടെ ഉഷ്മളത
നഷ്ടപ്പെടുന്നതും കാരണമാണ്.
-ഡോ. അരുൺ ബി.നായർ
പ്രൊഫസർ, സൈക്യാട്രി വിഭാഗം
തിരു. മെഡി. കോളേജ്
വീടുകൾ മാതൃകയാകണം
1.കുടുംബ ബന്ധങ്ങൾ ഊഷ്മളമാക്കാനുള്ള മാതൃക വീടുകളിലുണ്ടാകണം. അതിന് രക്ഷിതാക്കൾ ശ്രദ്ധിക്കണം.
2.ഒരു പ്രശ്നം വരുമ്പോൾ നേരിടേണ്ടത് എങ്ങനെയെന്ന് കുട്ടികളെ സ്കൂളുകളിലടക്കം പഠിപ്പിക്കണം. അത് സിലബസിൽ ഉൾപ്പെടുത്തണം.