vijakanth

പ്രതിഫലം മോഹിച്ച് സിനിമകളിൽ അഭിനയിക്കാത്ത നടനായിരുന്നു വിജയകാന്ത്. അഭിനയിച്ച സിനിമ ബോക്സോഫീസിൽ വിജയിച്ചാൽ മാത്രമേ നിർമാതാക്കളിൽ നിന്നും അദ്ദേഹം പ്രതിഫലം കൈപ്പറ്റിയിട്ടുളളു. കൂടാതെ സുഹൃത്തുക്കൾ സംവിധാനം ചെയ്ത സിനിമകളിൽ പണം വാങ്ങാറില്ല എന്നത് വിജയകാന്തിന്റെ മാത്രം പ്രത്യേകതയായിരുന്നു. ഏകദേശം 150ൽ പരം തമിഴ് സിനിമകളിൽ നായകനായും സഹനായകനായും വെളളിത്തിരയിൽ തിളങ്ങി.അദ്ദേഹത്തിന് പകരം വയ്ക്കാൻ സിനിമാലോകത്ത് മ​റ്റാരുമില്ലെന്നാണ് ആരാധകരുടെ എക്കാലത്തെയും അഭിപ്രായം.

ഒരേസമയം മൂന്നോളം സിനിമകളിൽ അഭിനയിച്ചിരുന്ന തിരക്കുളള കാലം അദ്ദേഹത്തിനുണ്ടായിരുന്നു. അതിനാൽ തന്നെ ആരോഗ്യപരമായ വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകാൻ സാധിച്ചിരുന്നില്ലെന്ന് വിജയകാന്ത് തന്നെ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. ഷൂട്ടിംഗ് സെ​റ്റുകളിൽ മ​റ്റുളള അഭിനേതാക്കൾ എത്തുന്നതിന് മുൻപ് കൃത്യനിഷ്ടതയോടെ എത്തുന്ന നടൻ കൂടിയായിരുന്നു വിജയകാന്ത്.

ശരത് കുമാർ,അരുൺ പാണ്ഡ്യൻ,മൻസൂർ അലിഖാൻ തുടങ്ങിയവർ തമിഴ് ചലച്ചിത്രമേഖലയിൽ എത്തിയത് വിജയകാന്തിലൂടെയാണ്. ജീവിതത്തിലും സിനിമകളിലും അവരുമായി താരം നല്ല സൗഹൃദത്തിലായിരുന്നു. താരത്തിന്റെ നൂറാമത്തെ ചിത്രമായ 'ക്യാപ്​റ്റൻ പ്രഭാകരൻ' ബോക്‌സോഫീസിൽ വൻവിജയമായിരുന്നു.തമിഴ് സൂപ്പർ താരങ്ങളായ എംജിആറിനോ രജനികാന്തിനോ കമൽഹാസനോ അവരുടെ നൂറാമത്തെ ചിത്രം വൻവിജയമാക്കാൻ സാധിക്കാതിരുന്നപ്പോൾ പോലും വിജയകാന്ത് 'ക്യാപ്​റ്റൻ പ്രഭാകരൻ' ഹിറ്റാക്കിയിരുന്നു.

അഭിനേതാക്കളുടെ കൂട്ടായ്മയായ നടികർ സംഘത്തിൽ (സൗത്ത് ഇന്ത്യൻ ആർട്ടിസ്​റ്റ് അസോസിയേഷൻ)ദീർഘ നാളുകളായി പ്രസിഡന്റായി പ്രവർത്തിച്ചിട്ടുണ്ട്. സംഘടനയ്ക്കായി നിരവധി പരിപാടികൾ സംഘടിപ്പിക്കുകയും സാമ്പത്തിക പ്രശ്നങ്ങൾ അനുഭവിച്ചിരുന്ന അഭിനേതാക്കളെ സഹായിക്കുകയും ചെയ്തിരുന്ന ഒരു മനുഷ്യസ്നേഹി കൂടിയായിരുന്നു വിജയകാന്ത്.