police

ഹരിപ്പാട് : ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ വനിതാ പൊലീസ് ഉദ്യോഗസ്ഥർ അണിനിരന്ന് അരങ്ങേറിയ തിരുവാതിര കാണികളുടെ മനം നിറച്ചു. ചൊവ്വാഴ്ച വൈകിട്ട് ദീപാരാധനയ്ക്ക് ശേഷമാണ് കായംകുളം സബ് ഡിവിഷന് കീഴിലെ ഹരിപ്പാട്, കരീലക്കുളങ്ങര, തൃക്കുന്നപ്പുഴ എന്നീ പൊലിസ് സ്റ്റേഷനുകളിലെ വനിതാ സീനിയർ സിവിൽ പൊലീസ് ഓഫീസർമാരുടെ തിരുവാതിര അരങ്ങേറിയത്.

വർഷത്തിൽ മൂന്നുപ്രാവശ്യം കൊടിയേറി ഉത്സവങ്ങൾ നടക്കുന്ന ഹരിപ്പാട് ക്ഷേത്രത്തിൽ ധനു മാസത്തിലെ മാർകഴി ഉത്സവത്തിന്റെ ഭാഗമായ 9-ാം ദിനമായിരുന്നു ചൊവ്വാഴ്ച. ഹരിപ്പാട് സ്റ്റേഷനിലെ സീനീയർ സിവിൽ പൊലീസ് ഓഫീസറായ എസ്.സബീനയുടെ നേതൃത്വത്തിൽ ഹരിപ്പാട് സ്റ്റേഷനിലെ ഗ്രേഡ് സീനിയർ സിവിൽ പൊലീസ് ഓഫീസറായ രേഖ കിഷോർ, സീനിയർ സിവിൽ പൊലീസ് ഓഫീസർ അതുല്യമോൾ , കരീലക്കുളങ്ങര സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ലതി , അനി അനിൽ, തൃക്കുന്നപ്പുഴ സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസറായ സംഗീത.സി എന്നിവരാണ് തിരുവാതിര ടീമിലുണ്ടായിരുന്നത്.

വനിതാ പൊലീസ് ഗ്രൂപ്പിൽ നടന്ന ഒരു ചർച്ചയ്ക്കിടയിൽ സബീനയാണ് പെട്ടെന്ന് അവതരിപ്പിക്കാവുന്ന കലാപരിപാടികൾ ഏതെങ്കിലും അഭ്യസിക്കണമെന്ന ആശയം അവതരിപ്പിച്ചത്. മേലധികാരികളുടെ അനുവാദവും, സഹ പ്രവർത്തകരുടെയും ബന്ധുക്കളുടെയും പ്രോത്സാഹനവും കൂടിയായപ്പോൾ പിന്നെ എല്ലാം വേഗത്തിലായി. നങ്ങ്യാർകുളങ്ങര സ്വദേശിനി സീനിയ സുരേഷിന്റെ ശിക്ഷണത്തിൽ കഴിഞ്ഞ രണ്ടു മാസം കൊണ്ടാണ് തിരുവാതിര പഠിച്ചെടുത്തത്. പകൽ ഡ്യൂട്ടിയ്ക്ക് ശേഷം ദിവസം അര മണിക്കൂർ വീതമായിരുന്നു പഠനം.

2019 ൽ പൊലീസ് കലാമേളയിൽ സബീനയുടെ നേതൃത്വത്തിൽ ഒപ്പന അവതരിപ്പിച്ച പരിചയവും തിരുവാതിരകളി അവതരിപ്പിക്കുന്നതിൽ ധൈര്യമായി. സീനിയ ടീച്ചറിന്റെ തന്നെ ശിഷ്യകളായ സ്വാതി സത്യൻ, രഹ്ന അനീഷ്, ദേവ പ്രിയ, രഞ്ജിത അതുൽ എന്നിവരും ഇവരോടൊപ്പം തിരുവാതിരയിൽ അണിനിരന്നു. തുടർന്നും പൊതുവേദികളിൽ തിരുവാതിര അവതരിപ്പിക്കുവാനാണ് പൊലീസ് ടീമിന്റെ തീരുമാനം.