mukesh-mla

കൊല്ലം: ക്ളാസ് മുറിയിൽ മിമിക്രി താരമായിരുന്നെങ്കിലും സ്കൂൾ കലോത്സവങ്ങളിൽ പങ്കെടുക്കാൻ കഴിയാത്തതിന്റെ സങ്കടം എം.മുകേഷ് എം.എൽ.എയ്ക്ക് ഇപ്പോഴുമുണ്ട്. തങ്കശേരിയിലെ ഇൻഫന്റ് ജീസസ് ആംഗ്ളോ ഇന്ത്യൻ സ്കൂളിലായിരുന്നു പഠനം. കലോത്സവങ്ങളിൽ ഈ സ്കൂൾ പങ്കെടുക്കാറില്ലായിരുന്നു. അതിനാൽ, കലാവാസനയുണ്ടായിട്ടും അവസരമൊരുങ്ങിയില്ലെന്ന് ചലച്ചിത്ര നടൻകൂടിയായ മുകേഷ് ഓർക്കുന്നു.

മിമിക്രിയും നാടകവുമൊക്കെയായിരുന്നു ഇഷ്ടം. കൊല്ലം എസ്.എൻ.കോളേജിൽ ബിരുദ വിദ്യാർത്ഥിയായിരിക്കെ 1987ൽ അവിടെ നടന്ന കേരള സർവകലാശാല കലോത്സവത്തിൽ പങ്കെടുക്കാനായി. അത് അഭിനയ ജീവിതത്തിന് വലിയ മുതൽക്കൂട്ടായെന്നും മുകേഷ് പറയുന്നു. .

പാലിന് പകരം വല്ല പട്ടച്ചാരായവും...

'യൂണിവേഴ്സിറ്റി കലോത്സവത്തിൽ പങ്കെടുക്കുമ്പോൾ വല്ലാത്ത പേടിയുണ്ടായിരുന്നു. അതിന് മുൻപുതന്നെ ഉത്സവ പറമ്പുകളിലും മറ്റ് വേദികളിലുമൊക്കെ മിമിക്രി അവതരിപ്പിക്കാൻ പോയിട്ടുണ്ട്. അങ്ങനെ ലഭിക്കുന്ന ചെറിയ തുകകളായിരുന്നു കലാലയ ജീവിതത്തിലെ വരുമാനമാർഗം.

യുവജനോത്സവത്തിൽ പരാജയപ്പെട്ടാൽ പിന്നെ പരിപാടി അവതരിപ്പിക്കാൻ ആരും വിളിക്കില്ലല്ലോയെന്ന ആശങ്കയായിരുന്നു. കോളേജിലെ അദ്ധ്യാപകനും കാർട്ടൂണിസ്റ്റുമായ സോമനാഥൻ സാർ ആണ് മിമിക്രിക്ക് പുതിയ ആശയം പകർന്നത്. സിനിമാ നടൻമാരുടെ ആദ്യ രാത്രി വേദിയിൽ അവതരിപ്പിക്കാനായിരുന്നു സാറിന്റെ നിർദ്ദേശം.

കൊട്ടാരക്കര ശ്രീധരൻ നായർ, ആലുംമൂടൻ, സുകുമാരൻ, കമലഹാസൻ, ഗോവിന്ദൻകുട്ടി തുടങ്ങിയ നടൻമാരുടെ ശബ്ദാനുകരണം രസകരമായി അവതരിപ്പിച്ചു. സിനിമയിൽ മദ്യപാനിയായ ഗോവിന്ദൻ കുട്ടി ആദ്യരാത്രിയിൽ പാലുമായി വന്ന ഭാര്യയോട് പാലിന് പകരം വല്ല പട്ടച്ചാരായവും കൊണ്ടുവന്നൂടേടീ എന്ന് പറഞ്ഞപ്പോൾ സദസ് കുടുകുടെ ചിരിച്ചു.

നല്ല മെലിഞ്ഞ ശരീരപ്രകൃതിയുള്ള കമലഹാസൻ 'ഞാനീ പാല് കുടിച്ചാൽ തടിവയ്ക്കുമല്ലോ' എന്ന ഡയലോഗാണ് പറയുന്നത്. എല്ലാവരെയും ചിരിപ്പിച്ച മിമിക്രിക്ക് അന്ന് ഒന്നാം സമ്മാനം ലഭിച്ചു. അതോടെ തലവര മാറി, കേരളത്തിലെമ്പാടും മിമിക്രി അവതരിപ്പിക്കാൻ വേദികൾ ലഭിച്ചു. സിനിമയിലേക്കും കടന്നു. രണ്ടാമത്തെ സിനിമ 'ഇത് ഞങ്ങളുടെ കഥ'യിൽ മിമിക്രി അവതരിപ്പിച്ചുനടക്കുന്ന കഥാപാത്രമാണ് ലഭിച്ചത്'- മുകേഷ് ഓർക്കുന്നു.


എന്റെ സ്കൂൾ പഠനകാലത്ത് സ്കൂൾ കലോത്സവത്തിന് ഇത്ര പ്രാധാന്യം ഇല്ലായിരുന്നു. എന്നാലും മത്സരിക്കാൻ ആഗ്രഹം ഉണ്ടായിരുന്നു. ഞങ്ങടെ സ്കൂളിൽ നിന്നു അങ്ങനെ മത്സരത്തിന് പോകാറുണ്ടായിരുന്നില്ല. ഇക്കുറി കൊല്ലത്തേക്ക് കലോത്സവമെത്തുമ്പോൾ സംഘാടകനായി മാറുന്നതിന്റെ സന്തോഷം ചെറുതല്ല - എം മുകേഷ് എംഎൽഎ