
ന്യൂഡൽഹി: എൺപത്, തൊണ്ണൂറ് തലമുറകൾക്ക് ഗൃഹാതുരത്വം ഉണർത്തുന്ന വസ്തുക്കളിൽ ഒന്നാണ് പാർലെ- ജി ബിസ്‌കറ്റ്. ഇന്ന് പലവിധത്തിലെ ബിസ്‌കറ്റുകൾ വിപണിയിൽ ലഭ്യമാണെങ്കിലും പാർലെ ബിസ്‌കറ്റിനോടുള്ള പ്രിയം ഒന്നുവേറെ തന്നെയാണ്. പാർലെ ബിസ്‌കറ്റിന്റെ പ്രത്യേകതകളിൽ ഒന്നാണ് അതിന്റെ കവർ ഡിസൈൻ. കവറിലെ പെൺകുട്ടിയുടെ ചിത്രം തിരിച്ചറിയാത്ത ഒരാളും 80സ്, 90സ് കിഡ്‌സിൽ ഉണ്ടാകില്ല. പുതുതലമുറയിലെ നിരവധി പേരും പാർലെ- ജി ബിസ്‌കറ്റിന്റെ ആരാധകരാണ്. എന്നാലിപ്പോൾ കവർ ഗേളിനെ മാറ്റി ഞെട്ടിച്ചിരിക്കുകയാണ് ബിസ്‌കറ്റ് നിർമാതാക്കളായ പാർലെ.
പാർലെ ഗേളിന് പകരമായി ഇന്റർനെറ്റ് ഇൻഫ്ളുവൻസറുടെ പടം പോസ്റ്റ് ചെയ്‌താണ് പാർലെ സൈബർ ലോകത്തെ ഞെട്ടിച്ചത്. കണ്ടന്റ് ക്രിയേറ്ററായ സെർവാൻ ജി ബുൻഷായുടെ വൈറൽ വീഡിയോയ്ക്ക് പ്രതികരണമായാണ് പാർലെ തങ്ങളുടെ കവർ ഡിസൈനിൽ മാറ്റം വരുത്തിയത്.
ഒരു കാറിൽ ആശയക്കുഴപ്പത്തോടെ ഇരിക്കുന്ന സെർവാന്റെ വീഡിയോയാണ് വൈറലായത്. 'പാർലെയുടെ ഉടമയെ കണ്ടുമുട്ടുകയാണെങ്കിൽ അദ്ദേഹത്തെ പാർലെ സർ എന്ന് വിളിക്കുമോ, മിസ്റ്റർ പാർലെ എന്ന് വിളിക്കുമോ അതോ പാർലെ ജി' എന്ന് വിളിക്കുമോയെന്നാണ് വീഡിയോയുടെ അടിക്കുറിപ്പ്. 'ഏ ജി ഓ ജി' എന്ന അനിൽ കപൂർ സിനിമയിലെ ഹിറ്റ് ഗാനവും പശ്ചാത്തലത്തിൽ കേൾക്കാം. ഈ വീഡിയോ വൻ വൈറലായിരുന്നു.
ഇതിന് മറുപടിയുമായി പാർലെ- ജിയും രംഗത്തെത്തി. 'ബുൻഷാ ജി, താങ്കൾക്ക് ഞങ്ങളെ ഒജി' എന്ന് വിളിക്കാമെന്നായിരുന്നു പാർലെയുടെ ഔദ്യോഗിക അക്കൗണ്ട് കമന്റ് ചെയ്തത്.
ഇതിന് പിന്നാലെയാണ് പാർലെ തങ്ങളുടെ കവർ ഡിസൈനിൽ മാറ്റം വരുത്തിയത്. 'പാർലെയുടെ ഉടമയെ എന്താണ് വിളിക്കേണ്ടതെന്ന് തിരിച്ചറിയുന്നതിനിടയ്ക്ക് ചായയോടൊപ്പം ആസ്വദിക്കാനുള്ള തന്റെ പ്രിയപ്പെട്ട ബിസ്‌കറ്റ്' എന്ന് വിളിക്കാമെന്ന അടിക്കുറിപ്പോടെയാണ് കവർ ഗോളിന് പകരം ബുൻഷായുടെ ചിരിക്കുന്ന മുഖം പാർലെ നൽകിയത്.
പാർലെയുടെ പുതിയ കവറും ഏറെ വൈറലായി. ഇതിന് മറുപടി നൽകി ബുൻഷാനും രംഗത്തെത്തി. ഇത് വലിയ ആശംസയാണ്. 'വിനോദയാത്ര, പാർട്ടി, ഒത്തുകൂടലുകൾ എന്നിവയിൽ പാർലെ- ജി എന്നും എന്റെ ന്യൂട്രീഷണൽ ഫുഡ് ആയിരുന്നു. ഫാൻസി കേക്കിൽവരെ പാർലെ ബിസ്‌കറ്റ് വയ്ക്കുമായിരുന്നു. ഞാൻ ബുദ്ധിമാനാകുമെന്ന് വിശ്വസിച്ചുവരെ പാർലെ ബിസ്‌കറ്റ് കഴിക്കുമായിരുന്നു'- എന്നായിരുന്നു ബുൻഷാൻ കമന്റ് ചെയ്തത്. പാർലെയുടെ പുതിയ കമന്റിന് ഇന്റർനെറ്റ് ഉപഭോക്താക്കളും കയ്യടി നൽകി.