arrest

മുംബയ്: പഞ്ചനക്ഷത്ര ഹോട്ടലുകളിൽ പണം നൽകാതെ താമസിച്ച് ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയ മുൻ ക്രിക്കറ്റ് താരത്തെ ഡൽഹി പൊലീസ് അറസ്റ്റുചെയ്തു. മൃണാങ്ക് സിംഗ് എന്ന ഇരുപത്തഞ്ചുകാരനാണ് പിടിയിലായത്. ഹരിയാന അണ്ടർ 19 ടീമിന് വേണ്ടി കളിച്ച മൃണാങ്ക് സിംഗ് ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബയ് ഇന്ത്യൻസിനെ പ്രതിനിധീകരിച്ചിരുന്നു എന്നാണ് അവകാശപ്പെടുന്നത്. ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്തും ഇയാളുടെ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.

ഡൽഹിയിലെ പ്രമുഖ പഞ്ചനക്ഷത്ര ഹോട്ടലിൽ ഒരാഴ്ച താമസിച്ചശേഷം 5,53,362 രൂപ നൽകാതെ മുങ്ങിയെന്ന പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. കഴിഞ്ഞവർഷം ജൂലായിലാണ് മൃണാങ്ക് സിംഗ് ഹോട്ടലിൽ റൂമെടുത്തത്. അവിടത്തെ എല്ലാ സൗകര്യങ്ങളും പരമാവധി ഉപയോഗപ്പെടുത്തിയ ഇയാൾ ഒരാഴ്ച കഴിഞ്ഞപ്പോൾ ബില്ലടയ്ക്കാതെ മുങ്ങുകയായിരുന്നു. ബില്ലടയ്ക്കണമെന്ന് ഹോട്ടലുകാർ ആവശ്യപ്പെട്ടപ്പോൾ തന്റെ സ്പോൺസറായ അഡിഡാസ് പണം നൽകുമെന്ന് പറഞ്ഞു.തുടർന്ന് പണമ‌ടയ്‌ക്കേണ്ട അക്കൗണ്ട് നമ്പർ ഉൾപ്പടെയുള്ള വിശദാംശങ്ങൾ ഹോട്ടലിൽ നിന്ന് വാങ്ങി. അല്പം കഴിഞ്ഞതോടെ രണ്ടുലക്ഷം രൂപ അടച്ചുവെന്ന് കാണിക്കുന്ന സ്ക്രീൻ ഷോട്ട് നൽകി. എന്നാൽ ഹോട്ടൽ അധികൃതർ നടത്തിയ പരിശോധനയിൽ പണം അക്കൗണ്ടിൽ എത്തിയിട്ടില്ലെന്ന് വ്യക്തമായി. തുടർന്ന് മൃണാങ്കിനെയും അയാളുടെ മാനേജരെയും വിളിച്ചപ്പോൾ ഉടൻ പണം നൽകാമെന്ന് അറിയിച്ചു. പറഞ്ഞ അവധികൾ കഴിഞ്ഞും പണം കിട്ടാതായതോടെയാണ് പൊലീസിൽ പരാതി നൽകിയത്.

മൃണാങ്കിന്റെ വിലാസത്തിലേക്ക് പൊലീസ് നോട്ടീസ് അയച്ചെങ്കിലും മകന്റെമേൽ തനിക്ക് ഒരു നിയന്ത്രണവുമില്ലെന്നും വീട്ടിൽ നിന്ന് പുറത്താക്കിയെന്നുമായിരുന്നു പിതാവ് അറിയിച്ചത്. തുടർന്ന് പൊലീസ് ലുക്കൗട്ട് നോട്ടീസ് ഇറക്കി. ക്രിസ്തുമസ് ദിനത്തിൽ ഹോങ്കോങ്ങിലേക്ക് പോകാൻ വിമാനത്താവളത്തിൽ എത്തിയപ്പോഴായിരുന്നു അറസ്റ്റ്. മോഡലുകൾ ഉൾപ്പെട്ട നിരവധി യുവതികളുമായി ഇയാൾക്ക് വഴിവിട്ട ബന്ധം ഉണ്ടെന്നും ഐപിൽ താരം എന്നനിലയിലാണ് അവരുമായെല്ലാം ബന്ധം സ്ഥാപിച്ചതെന്നും ഫോൺ പരിശോധനയിൽ വ്യക്തമായി. മാത്രമല്ല ഇയാൾ പതിവായി മയക്കുമരുന്ന് ഉപയോഗിച്ചിരുന്നുവെന്നതിന്റെ തെളിവുകളും ലഭിച്ചു. ഋഷഭ് പന്ത് ഉൾപ്പെടെയുള്ള നിരവധിപേരെ താൻ തട്ടിപ്പിനിരയാക്കിയിട്ടുണ്ടെന്നും ഇയാൾ ചോദ്യംചെയ്യലിൽ സമ്മതിച്ചതായാണ് റിപ്പോർട്ട്.

ആഡംബര വസ്തുക്കളുമായി ബന്ധപ്പെട്ട് പുതിയ ബിസിനസ് ആരംഭിച്ചുവെന്നും മുന്തിയ ഇനങ്ങൾ കുറഞ്ഞ വിലയ്ക്ക് എത്തിച്ചുകൊടുക്കാമെന്നുപറഞ്ഞാണ് ഋഷഭ് പന്തിനെ സമീപിച്ചത്. ഇത് വിശ്വസിച്ച പന്ത് വിലകൂടിയ വാച്ചുകൾ വാങ്ങുന്നതിനായി 1.63 കോടി രൂപ കൈമാറി. എന്നാൽ പറഞ്ഞ സമയത്ത് പ്രസ്തുത സാധനങ്ങൾ ലഭിക്കാതെ വന്നതോടെ പന്ത് വക്കീൽ നോട്ടീസ് അടച്ചു. ഇതിനെത്തുടർന്ന് ഒത്തുതീർപ്പിലെത്തുകയും വാങ്ങിച്ച തുകയ്ക്കുള്ള ചെക്ക് നൽകുകയും ചെയ്തു. എന്നാൽ ഇത് വണ്ടിച്ചെക്കായിരുന്നു.