
''മാന്യമായ പെരുമാറ്റം എന്നും ഹൃദ്യമാണെന്ന് ഞാൻ നിങ്ങളെ പറഞ്ഞു പഠിപ്പിക്കേണ്ട ആവശ്യമില്ല. അത് ഒരു വ്യക്തിയുടെ വ്യക്തിത്വത്തിന്റെ ഭാഗമായാണ് കണക്കാക്കുന്നത് എന്നും നമുക്കെല്ലാം അറിയാം. എന്നിട്ടുമെന്താണ് സമൂഹത്തിൽ ഉന്നതരെന്നു കണക്കാക്കപ്പെടുന്ന പല മാന്യന്മാരും പലപ്പോഴും മാന്യതയില്ലാതെ പെരുമാറുന്നതെന്ന് നിങ്ങൾ ആലോചിച്ചിട്ടുണ്ടോ?""
'പെരുമാറ്റശുചിത്വം" എന്നൊരു സംഗതി കൂടി നമ്മുടെ കുഞ്ഞുങ്ങളെയെങ്കിലും പറഞ്ഞു പരിശീലിപ്പിക്കേണ്ട ആവശ്യമുണ്ടെന്നു തോന്നിപ്പിക്കുന്ന കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നതെന്നു പറയാൻ നിർബന്ധിതരാക്കുന്നതിലേക്കാണല്ലോ, പല ആനുകാലിക സംഭവങ്ങളും വിരൽ ചൂണ്ടുന്നത്. വ്യക്തി ശുചിത്വം എന്നത് അവനവന്റെ വ്യക്തിപരമായ കാര്യമാണെങ്കിൽ, പെരുമാറ്റ ശുചിത്വം എന്നു പറയുന്നത്, ഓരോ വ്യക്തിയും സമൂഹത്തിൽ എങ്ങനെയാണ് പെരുമാറേണ്ടത് എന്നതിന്റെ പരിശീലന പരിപാടിയാണെന്ന ഒരു വിശദീകരണവും നൽകണം!
എന്താണ് ഇപ്രകാരം പറയാൻ കാരണമെന്നല്ലേ? പറയാം, കേൾക്കുമ്പോൾ ആരും നെറ്റി ചുളിക്കരുത്: വൃത്തിയോടെയും വെടിപ്പോടെയും വർത്തമാനം പറയാൻ കഴിയുന്ന ആളുകളുടെ എണ്ണം നമ്മുടെ നാട്ടിൽ കുറഞ്ഞുവരുന്നു എന്നതുതന്നെ! ഉന്നതരായി നമ്മൾ കണക്കാക്കിയിരിക്കുന്നവരുടെ പെരുമാറ്റത്തിൽ, യാതൊരു ഔന്നത്യവും ഇല്ലാതെവന്നാൽ ഈ വഴിക്കൊക്കെയല്ലേ ചിന്തിക്കാൻ കഴിയൂ! അല്ലെങ്കിൽ, അപ്രകാരം ചിന്തിക്കാൻ നമ്മൾ നിർബന്ധിതരാവുകയല്ലേ?
പതിവിനു വിരുദ്ധമായി, അല്പം രോഷത്തിലാണ് പ്രഭാഷകൻ ഇത്രയും പറഞ്ഞത്. ''സംസ്കാരമുള്ള ഒരു സമൂഹമെന്ന വിശേഷണംകൊണ്ട് എന്താണ് നമ്മൾ അർത്ഥമാക്കുന്നതെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?"" പല ആനുകാലിക സംഭവങ്ങളും ചൂണ്ടിക്കാട്ടിയ പ്രഭാഷകൻ, പരസ്പര ബഹുമാനമില്ലാതെയും ആദരവില്ലാതെയുമുള്ള, ചില സമുന്നത വ്യക്തികളുടെ, പൊതു സമൂഹത്തിലേയും സമൂഹമാദ്ധ്യമങ്ങളിലെയും പെരുമാറ്റരീതികളെ പരാമർശിച്ചാണ് ഇപ്രകാരം പറഞ്ഞത്.
പെരുമാറ്റത്തിൽ ഭാവവും ഭാഷയും ഒരുപോലെ പ്രാധാന്യമുള്ളവയാണെന്ന് ഓർക്കണം! ഇന്ന് നമ്മുടെ കുട്ടികൾ ആരെയാണ് കണ്ടുപഠിക്കേണ്ടത ്? ഒരിക്കൽ അന്ധനായ ഒരു പണ്ഡിതൻ, മഹാരാജാവിനെ കാണുന്നതിനായി കൊട്ടാരത്തിൽ പോയിരുന്നു. കൊട്ടാരത്തിന്റെ കോട്ടവാതിലിൽ പ്രവേശിച്ചശേഷം, മൂന്നു നാല് മൈൽദൂരം നടന്നാലാണ് കൊട്ടാരത്തിന്റെ തിരുമുറ്റത്തെത്തുവാൻ കഴിയുക! അപ്രകാരം, വന്ദ്യവയോധികനായ അദ്ദേഹം, കൊട്ടാരത്തിന്റെ തിരുമുറ്റത്തെത്തിയപ്പോൾ, ആരോ ഒരാൾ വന്ന് അദ്ദേഹത്തെ സ്നേഹപൂർവ്വം ആശ്ലേഷിച്ചുകൊണ്ടു ചോദിച്ചു: ''അങ്ങേക്ക് സുഖമാണോ? അങ്ങ് എപ്പോഴാണ് ഈ കൊട്ടാരത്തിൽ എത്തിയത്? അങ്ങ് ഇവിടെ ആരെയൊക്കെയാണ് കണ്ടത്?""
അന്ധനായ ഒരു വ്യക്തിയോടാണ് ചോദിച്ചത്, ആരെയൊക്കെയാണ് കണ്ടതെന്ന്. ചോദ്യങ്ങൾക്കു മറുപടിയായി അദ്ദേഹം ഇപ്രകാരം പറഞ്ഞു: ഞാൻ പുലർച്ചെതന്നെ കോട്ടവാതിൽക്കൽ എത്തി. അപ്പോൾ, അവിടെ നിന്നയാൾ എന്നോടു ചോദിച്ചു: താൻ ആരാണ്, തനിക്കെന്താണ് വേണ്ടത്? ഞാൻ പറഞ്ഞു, എനിക്കെന്റെ പൊന്നുതമ്പുരാനെ കാണണമെന്ന്. അത് കേട്ടയുടൻ തന്നെ, അദ്ദേഹമെന്നോടു പറഞ്ഞു: താൻ ഈ രാജനടപ്പാതയിലൂടെ നേരെ നടന്നോളൂ. രണ്ടുമൈൽ എത്താറാകുമ്പോൾ അവിടെ ആളുണ്ടാകും. അവിടെ ചോദിക്കുമ്പോൾ താൻ വിവരം പറഞ്ഞാൽ മതി.
ഞാൻ അത് അനുസരിച്ചു. അദ്ദേഹം പറഞ്ഞതു പോലെ അവിടെയെത്തിയപ്പോൾ ഒരാൾ എന്നോടു ചോദിച്ചു: നിങ്ങൾ ആരാണ്? നിങ്ങൾ എന്തിനാണ് വന്നത്? ഞാൻ അദ്ദേഹത്തോടും, എനിക്കെന്റെ പൊന്നുതമ്പുരാനെ കാണണമെന്ന് അറിയിച്ചു. അപ്പോൾ അദ്ദേഹം പറഞ്ഞു: നിങ്ങൾ മുന്നോട്ടു പൊയ്ക്കോളൂ, കുറെദൂരം ചെല്ലുമ്പോൾ അവിടെ ആളുണ്ടാകും, അവിടെ പറഞ്ഞാൽ മതിയെന്നു പറഞ്ഞു. ഞാൻ അതും അനുസരിച്ചു. അപ്രകാരം ഞാൻ വന്നപ്പോഴാണ് എന്നെയൊരാൾ ആശ്ളേഷിച്ചതും, എന്നെ 'അങ്ങ് "എന്ന് അഭിസംബോധന ചെയ്ത് എന്റെ സുഖ വിവരങ്ങൾ അന്വേഷിച്ചതും. ഞാനൊരു അന്ധനാണെങ്കിലും, എനിക്ക് യാതൊരു സംശയവുമില്ല, ഞാൻ കണ്ട മൂന്നാമത്തെ വ്യക്തി എന്റെ പൊന്നുതമ്പുരാൻ തന്നെയാണ്. കാരണം, തിരുമനസ്സിന്റെ ഭാഷയാണ് ഞാൻ കേട്ടത്!
ഞാൻ ആദ്യം കണ്ട വ്യക്തി ഇവിടത്തെ ഏറ്റവും താഴ്ന്ന നിലയിലെ ഭൃത്യനാണ് എന്നതും എനിക്ക് ഉറപ്പാണ്. കാരണം, അദ്ദേഹത്തിന്റെ ഭാഷ അതാണ് സൂചിപ്പിച്ചത്. അന്ധനും മുതിർന്ന പൗരനുമായ എന്നെ അദ്ദേഹം അഭിസംബോധന ചെയ്തത് താൻ എന്നാണ്. എന്നാൽ, രണ്ടാമത് ഞാൻ കണ്ട വ്യക്തി അങ്ങയുടെ മന്ത്രിയായിരിക്കണം. അദ്ദേഹം, എന്നെ
'നിങ്ങൾ"എന്നാണ് അഭിസംബോധന ചെയ്തത്. അത്, അധികാരമുള്ളയാളുടെ ഭാഷയാണ്. അപ്പോൾ, ഒരാളുടെ ഭാഷയിൽ നിന്ന് അയാൾ ആരാണെന്ന് കാഴ്ചയില്ലാത്ത വ്യക്തിക്കുപോലും മനസ്സിലാകുമെങ്കിൽ, നമ്മുടെ 'വന്ദിതർ" എന്തിനാണ് മാന്യത തീരെയില്ലാത്ത പ്രകടനങ്ങൾ പുറത്തെടുക്കുന്നത്? ഇനി നിങ്ങൾ തന്നെ തീരുമാനിക്കുക, നിങ്ങൾക്ക് കഥയിലെ ഭൃത്യന്റെ ഭാഷയാണോ ഇഷ്ടപ്പെട്ട ഭാഷ, അതോ, രാജാവിന്റ മാന്യമായ ഭാഷയാണോ ജീവിതത്തിൽ പകർത്താൻ ഇഷ്ടപ്പെടുന്നത്! ഇപ്രകാരം, പ്രഭാഷകൻ പറഞ്ഞു നിറുത്തുമ്പോൾ, ഏതോ ചില 'ഉന്നതരുടെ" പ്രകടനങ്ങൾ അത്രത്തോളം അദ്ദേഹത്തെ അലോസരപ്പെടുത്തിയിട്ടുണ്ടാകണം എന്ന അഭിപ്രായമാണ് സദസ്യർ പങ്കിട്ടത്.