kukke

സർപ്പദോഷം അകറ്റാനും ആഗ്രഹങ്ങൾ സഫലീകരിക്കാനും ഭക്തജനങ്ങൾ ഒരു പോലെ എത്തുന്ന ക്ഷേത്രമാണ് കുക്കെ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം. കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലെ സുബ്രഹ്മണ്യ ഗ്രാമത്തിലാണ് കുക്കെ സുബ്രഹ്മണ്യക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കുമാര നദിക്കരയുടെ സമീപത്തായി സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിന് വിചിത്രമായ പ്രത്യേകതകൾ ഏറെയാണ്.

കല്ലിലും മണ്ണിലും തൂണിലും തുരുമ്പിലും ദൈവമുണ്ട് എന്ന വിശ്വാസത്തെ മുഴുവനായും മാറ്റിയെഴുതിച്ച ക്ഷേത്രം കൂടിയാണിത്. ഭക്തജനങ്ങൾ ക്ഷേത്രത്തിനുളളിൽ പ്രവേശിച്ച് പ്രാർത്ഥിച്ചാൽ മാത്രമേ ദൈവം കേൾക്കുകയുളളൂവെന്നാണ് ഇവിടത്തെ വിശ്വാസം.

temple

പശ്ചിമഘട്ടത്തിന്റെ താഴ്‌വരയിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രം പുണ്യപുരാതനപരമായ ആചാരങ്ങളും വിശ്വാസങ്ങളും കലർന്നയിടമാണ്. ക്ഷേത്രത്തിൽ എത്തുന്നവർ ചില നിബന്ധനകൾ പാലിച്ചാൽ മാത്രമേ ഫലം ലഭിക്കുകയുളളൂവെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ആയിരക്കണക്കിന് വിശ്വാസികളാണ് ഇവിടെ പ്രതിദിനം എത്തുന്നത്.

പലതരത്തിലുളള ഇടനിലക്കാരും വ്യക്തികളും ഇവരെ കബളിപ്പിക്കാനുളള സാദ്ധ്യതയും കൂടുതലാണെന്ന് ക്ഷേത്രം അധികാരികൾ പറയുന്നുണ്ട്. അവരിൽ നിന്നും വിശ്വാസികളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തിലാണ് ക്ഷേത്രം പൊതുജനങ്ങൾക്കായി വിചിത്രമായ സർക്കുലറർ ഇറക്കിയിട്ടുളളത്. അതിൽ ക്ഷേത്രത്തിന് പുറത്തുവെച്ച് നടത്തുന്ന പൂജകൾ ദൈവത്തിന്റെ സന്നിധിയിലേക്ക് എത്തില്ലെന്നും യഥാർത്ഥ ഫലം ലഭിക്കണമെങ്കിൽ ക്ഷേത്രത്തിനുള്ളിൽ പൂജ ചെയ്യണമെന്നുമാണ് പറയുന്നത്.

ഐതീഹ്യം

ഭൂമിയിലെ സകല ദൈവങ്ങളുടെയും സംരക്ഷകനായ സുബ്രഹ്മണ്യനാണ് ഇവിടത്തെ ആരാധനാമൂർത്തി. ഇതിനുപിന്നിൽ ചില വിശ്വാസങ്ങളും നിലനിൽക്കുന്നുണ്ട്. ശിവന്റെ നിർദ്ദേശമനുസരിച്ച് പുത്രനായ കാർത്തികേയൻ അഥവാ സുബ്രഹ്മണ്യൻ ഇവിടെ സർപ്പങ്ങളുടെ സംരക്ഷകനായി വാഴുന്നു എന്നാണ് വിശ്വാസം.

kukke

ഗരുഡന്റെ നിരന്തരമായുള്ള ആക്രമണത്തിലായിരുന്നുവത്രെ കുറേക്കാലം സർപ്പങ്ങൾ. ഒരിക്കൽ ഇത് സഹിക്കാൻ വയ്യാതെ സർപ്പങ്ങളുടെ രാജാവായ വാസുകി ശിവനെ തപസ് ചെയ്യുകയും ഗരുഡന്റെ അക്രമണത്തിൽ നിന്നു സംരക്ഷിക്കണമെന്ന് അപേക്ഷിക്കുകയും ചെയ്തു. അപേക്ഷയിൽ മനസലിഞ്ഞ ശിവൻ സുബ്രഹ്മണ്യൻ അഥവാ കാർത്തികേയനെ സർപ്പങ്ങളെ സംരക്ഷിക്കുവാനായി അയച്ചു. അങ്ങനെയാണ് സുബ്രഹ്മണ്യനെ ഇവിടെ സർപ്പങ്ങളുടെ സംരക്ഷകനായി ആരാധിക്കുന്നത് എന്നാണ് വിശ്വാസം.

ആദി സുബ്രഹ്മണ്യ ക്ഷേത്രം

കുക്കെ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിന്റെ അടുത്തായി സ്ഥിതി ചെയ്യുന്ന മറ്റൊരു ക്ഷേത്രമാണ് ആദി സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം. തർപ്പണ നദിയുടെ മറുകരയിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിൽ സുബ്രഹ്മണ്യൻ തപസ്സിരുന്നു എന്നാണ് വിശ്വസിക്കപ്പെടുന്നത്. ഇവിടെ ഒരു മൺപുറ്റിനെയാണ് ആരാധിക്കുന്നത്. ഇതിൽ നിന്നും ലഭിക്കുന്ന മണ്ണ് ത്വക്ക് രോഗങ്ങൾ അകറ്റുവാൻ ഉപകരിക്കും എന്നാണ് വിശ്വാസം. പശ്ചിമഘട്ടത്തിലെ മലനിരകളോട് ചേർന്ന് വനങ്ങളും പുഴകളും കുന്നുകളും ചേരുന്ന ഒരിടത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

temple

ക്ഷേത്രത്തിന് സമീപത്തായുളള നദിയിൽ എത്തുന്ന ഭക്തജനങ്ങൾ കല്ലുകൾ ഒന്നിന് മുകളിൽ മറ്റൊന്നായി വയ്ക്കുന്നത് ഇവിടത്തെ പതിവുകാഴ്ചയാണ്. സ്വന്തമായി വീട് വയ്ക്കാൻ ആഗ്രഹിക്കുന്നവരും നിർമാണം പൂ‌ർത്തിയാക്കാനുളളവരുമാണ് ഇത്തരത്തിൽ ചെയ്യുന്നതെന്നാണ് വിശ്വാസം.

stones

കാലസർപ്പ ദോഷത്തിനു പരിഹാരമായി നടത്തുന്ന ആദിശേഷ ബലി ഇവിടത്തെ പ്രധാന പൂജകളിലൊന്നാണ്. കുജദോഷത്തിൽ നിന്നും ആദിസർപ്പ ദോഷത്തിൽ നിന്നും സംരക്ഷിക്കുന്ന ആളായാണ് സുബ്രഹ്മണ്യനെ ആരാധിക്കുന്നത്. സർപ്പദോഷ പൂജകൾക്ക് ഏറെ പേരുകേട്ട ക്ഷേത്രം കൂടിയാണിത്. ആശ്ലേഷ നക്ഷത്രത്തിലാണ് ആശ്ലേഷ ബലി ഇവിടെ നടത്തുന്നത്.