2024

പുത്തൻ തീരുമാനങ്ങളും പ്രതീക്ഷകളുമൊക്കെയായി പുതുവർഷത്തെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് ലോകം. രണ്ട് ദിവസം കൂടി കഴിഞ്ഞാൽ 2023 വിടവാങ്ങി, 2024 പിറക്കും. ലോകമെമ്പാടും വമ്പൻ പരിപാടികളാണ് പുതുവർഷത്തിൽ ആസൂത്രണം ചെയ്തിരിക്കുന്നത്.

എന്തുകൊണ്ടാണ് ജനുവരി ഒന്നിന് പുതുവർഷം ആരംഭിക്കുന്നതെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? വാസ്തവത്തിൽ, പതിറ്റാണ്ടുകൾക്ക് മുമ്പ് മാർച്ച് 25, ഡിസംബർ 25 എന്നിങ്ങനെ പല തീയതികളിലായിരുന്നു കലണ്ടർ ആരംഭിച്ചിരുന്നത്. അപ്പോൾ ജനുവരി ഒന്ന് പുതുവത്സര ദിനമായി മാറിയത് എങ്ങനെ?

ഇക്കാര്യത്തിൽ റോമൻ രാജാവായിരുന്ന നുമ പോംപിലിയസിനോട് നന്ദി പറയണമെന്നാണ് പല സ്രോതസുകളും പറയുന്നത്. തന്റെ ഭരണകാലത്ത് (c. 715- 673 BCE) നുമ റോമൻ റിപ്പബ്ലിക്കൻ കലണ്ടർ പരിഷ്‌കരിച്ചു. അങ്ങനെ ജനുവരിയെ ആദ്യ മാസമായി മാറ്റി.റോമൻ ദേവനായ ജാനസിന്റെ പേരിലാണ് ജനുവരി എന്നിട്ടിരിക്കുന്നതിനാൽ ഇത് തികച്ചും ഉചിതമായ തീരുമാനമായിരുന്നു.

calender

യുദ്ധത്തിന്റെ ദേവനായ മാർസിന്റെ പേരിൽ നിന്നാണ് മാർച്ച് എന്നിട്ടതെന്നാണ് പറയപ്പെടുന്നത്.(നുമയാണ് ജനുവരിയെ മാസമാക്കിയതെന്ന് ചില സ്രോതസ്സുകൾ അവകാശപ്പെടുന്നു).എന്നിരുന്നാലും, ബിസി 153 വരെ ജനുവരി 1 റോമൻ വർഷത്തിന്റെ ഔദ്യോഗിക തുടക്കമായിരുന്നില്ല എന്നതിന് തെളിവുകളുണ്ട്.


ബിസി 46ൽ ജൂലിയസ് സീസർ കൂടുതൽ മാറ്റങ്ങൾ കൊണ്ടുവന്നു. എന്നാൽ ജനുവരി 1 വർഷത്തിന്റെ ആരംഭ തീയതിയായി നിലനിർത്തി. റോമൻ സാമ്രാജ്യത്തിന്റെ വികാസത്തോടെ ജൂലിയൻ കലണ്ടറിന്റെ ഉപയോഗവും വ്യാപിച്ചു. എന്നിരുന്നാലും, അഞ്ചാം നൂറ്റാണ്ടിലെ റോമിന്റെ പതനത്തെത്തുടർന്ന്, പല ക്രിസ്ത്യൻ രാജ്യങ്ങളും കലണ്ടറിൽ മാറ്റം വരുത്തി. പലയിടത്തും മാർച്ച് 25, ഡിസംബർ 25 എന്നിവ പുതുവത്സര ദിനങ്ങളായി.

2024

ഈ കലണ്ടറിൽ മാറ്റം വരണമെന്ന് പിന്നീട് പലരും ചിന്തിച്ചുതുടങ്ങി. അങ്ങനെ, പോപ്പ് ഗ്രിഗറി പതിമൂന്നാമൻ 1582ൽ ഒരു പരിഷ്‌കരിച്ച കലണ്ടർ അവതരിപ്പിച്ചു. അധിവർഷങ്ങളിലെ പ്രശ്നം പരിഹരിക്കുന്നതിനു പുറമേ, ഗ്രിഗോറിയൻ കലണ്ടർ പുതുവർഷത്തിന്റെ തുടക്കമായി ജനുവരി 1 പുനഃസ്ഥാപിച്ചു. ഇറ്റലി, ഫ്രാൻസ്, സ്‌പെയിൻ അടക്കമുള്ള രാജ്യങ്ങൾ പുതിയ കലണ്ടർ പെട്ടെന്ന് അംഗീകരിച്ചു. എന്നാൽ പ്രൊട്ടസ്റ്റന്റ്, ഓർത്തഡോക്സ് രാജ്യങ്ങൾ അത് സ്വീകരിക്കാൻ കുറച്ച് മടി കാണിച്ചു. ഗ്രേറ്റ് ബ്രിട്ടനും അതിന്റെ അമേരിക്കൻ കോളനികളും 1752 വരെ ഗ്രിഗോറിയൻ കലണ്ടർ പിന്തുടരാൻ തുടങ്ങിയിരുന്നില്ല. അവർ മാർച്ച് 25 ന് പുതുവത്സര ദിനം ആഘോഷിച്ചു.

കാലക്രമേണ അക്രൈസ്തവ രാജ്യങ്ങളും ഗ്രിഗോറിയൻ കലണ്ടർ ഉപയോഗിക്കാൻ തുടങ്ങി. ചൈന (1912) ഒരു ശ്രദ്ധേയമായ ഉദാഹരണമാണ്, എന്നിരുന്നാലും ചാന്ദ്ര കലണ്ടർ അനുസരിച്ച് ആണ് ചൈന പുതുവർഷം ആഘോഷിക്കുന്നത്. വാസ്തവത്തിൽ, ഗ്രിഗോറിയൻ കലണ്ടർ പിന്തുടരുന്ന പല രാജ്യങ്ങളിലും മറ്റ് പരമ്പരാഗത അല്ലെങ്കിൽ മതപരമായ കലണ്ടറുകൾ ഉണ്ട്.

new-year

ലോകമെമ്പാടും പുതുവത്സരം വളരെ ആഡംബരത്തോടെയും പ്രൗഢിയോടെയുമാണ് ആഘോഷിക്കുന്നത്. ക്രിസ്മസ് തലേന്ന് ആരംഭിച്ച ഉത്സവ സീസൺ പുതുവർഷം വരെയാണ് നീണ്ടുനിൽക്കുന്നത്. ഡിസംബർ 31ന് അർദ്ധരാത്രി ക്ലോക്കിന്റെ സൂചി പന്ത്രണ്ടിലെത്തുന്നതോടെ പുതുവർഷാഘോഷങ്ങൾ തുടങ്ങുകയായി. കേക്ക് മുറിച്ചും, ദീപങ്ങൾ കൊണ്ട് അലങ്കരിച്ചും, ബലൂണുകൾ പറത്തിവിട്ടുമൊക്കെയാണ് ആഘോഷം.

2024

ലോകത്ത് ഏറ്റവും ആദ്യം പുതുവർഷത്തെ വരവേൽക്കുന്ന രാജ്യം ഏതാണെന്നറിയാമോ? പസഫിക് ദ്വീപുകളായ ടോംഗ, സമോവ, കിരിബാത്തി എന്നിവടങ്ങളിലാണ് ആദ്യം പുതുവർഷമെത്തുന്നത്. ഈ രാജ്യങ്ങളിൽ ഇന്ത്യൻ സമയം ഡിസംബർ 31 വൈകിട്ട് 3:30 ന് പുതുവർഷം ആരംഭിക്കും. ജനവാസമില്ലാത്ത ഹൗലാൻഡ്, ബേക്കർ ദ്വീപുകളിലാണ് അവസാനം പുതുവർഷം എത്തുന്നതെന്നറിയാമോ? ഇന്ത്യൻ സമയം ജനുവരി ഒന്നിന് വൈകുന്നേരം 5:30 നാണിത്.