police

ലക്നൗ: ചായ ചോദിച്ച ഭർത്താവിന്റെ കണ്ണുകൾ കത്രിക കൊണ്ട് കുത്തിപ്പൊട്ടിച്ചശേഷം യുവതി മുങ്ങി. ഉത്തർപ്രദേശിലെ ബാഗ്പത് ജില്ലയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. ഗുരുതരമായി പരിക്കേറ്റ അങ്കിത് എന്ന യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മൂന്നുവർഷം മുമ്പാണ് അങ്കിത് യുവതിയെ വിവാഹം കഴിച്ചത്. കുറച്ചുനാൾ പ്രശ്നങ്ങളൊന്നുമില്ലാതെ ജീവിതം മുന്നോട്ട് പോയെങ്കിലും പിന്നീട് പ്രശ്നങ്ങൾ തുടങ്ങി. നിസാര കാര്യങ്ങളെച്ചൊല്ലി ഇരുവരും വഴക്ക് പതിവായി. ആദ്യമൊക്കെ ബന്ധുക്കളും സുഹൃത്തുക്കളും ഇടപെട്ട് പ്രശ്നങ്ങൾ തീർത്തിരുന്നു എങ്കിലും വഴക്ക് പതിവായതോടെ ആരും ഇടപെടാതായി. തന്നെ അങ്കിതും ബന്ധുക്കളും ചേർന്ന് ആക്രമിക്കാൻ ശ്രമിക്കുന്നു എന്ന് മൂന്നുദിവസം മുമ്പ് യുവതി പൊലീസിൽ പരാതി നൽകിയിരുന്നു.

കഴിഞ്ഞദിവസം അങ്കിത് ചായ ചോദിച്ചതാണ് യുവതിയെ പ്രകോപിപ്പിച്ചത്. ചായ വേണമെന്ന് ആവർത്തിച്ച് ആവശ്യപ്പെട്ടതോടെ കലികയറിയ യുവതി അടുത്തുകിടന്ന കത്രികയെടുത്ത് അങ്കിതിന്റെ കണ്ണുകളിൽ ആഞ്ഞ് കുത്തുകയായിരുന്നു. വേദനകൊണ്ട് അങ്കിത് ഉറക്കെ നിലവിളിച്ചെങ്കിലും അതൊന്നും കാര്യമാക്കാതെ യുവതി സ്ഥലം വിട്ടു.കരച്ചിൽ കേട്ട് സ്ഥലത്തെത്തിയ മറ്റുബന്ധുക്കലും സമീപവാസികളും ചേർന്നാണ് അങ്കിതിനെ ആശുപത്രിയിൽ എത്തിച്ചത്. കാഴ്ചശക്തി തിരിച്ചുകിട്ടുമോ എന്ന കാര്യം സംശയമാണെന്നാണ് ഡോക്ടർമാർ പറയുന്നത്.

യുവതി ഉടൻ അറസ്റ്റിലാകുമെന്നും അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.