
വിജയകാന്ത് നടൻ എന്നതിലുപരി സിനിമയിലെ മിടുക്കാനായ വിദ്യാർത്ഥിയായിരുന്നുവെന്ന് സംവിധായകൻ ഷാജികൈലാസ്. വിജയകാന്തിന്റെ മരണത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സോഷ്യൽ മീഡിയയിലൂടെയായിരുന്നു പ്രതികരണം. തമിഴ് സിനിമയിൽ പുതുമുഖ സംവിധായകനായ തന്നെ വിജയകാന്ത് ഇരുകയ്യും നീട്ടി സ്വീകരിച്ചെന്നും അദ്ദേഹത്തോടൊപ്പം ചെലവഴിച്ച നിമിഷങ്ങൾ ഏറ്റവും സന്തോഷകരമായിരുന്നുവെന്നും ഷാജി കൈലാസ് കുറിച്ചു.
ഒരു യഥാർത്ഥ മനുഷ്യന്റെ വിയോഗമെന്ന രീതിയിലാണ് ഷാജി കൈലാസിന്റെ പോസ്റ്റ്. ""വഞ്ചിനാഥൻ സിനിമയുടെചിത്രീകരണ സമയത്ത് അദ്ദേഹം ഇരുകൈകളും നീട്ടിയാണ് എന്നെ സ്വീകരിച്ചത്. ഒരു സൂപ്പർസ്റ്റാർ എന്നതിലുപരി അദ്ദേഹത്തിന് ഇഷ്ടം ആഘോഷങ്ങളോടായിരുന്നു. സിനിമയിലെ ഒരു മികച്ച വിദ്യാർത്ഥിയായിരുന്നു വിജയകാന്ത് സർ. വഞ്ചിനാഥനിൽ അദ്ദേഹത്തോടൊപ്പമുളള നിമിഷങ്ങൾ അനുഗ്രഹം നിറഞ്ഞവയായിരുന്നു.അദ്ദേഹത്തിന്റെ ആതിഥ്യമര്യാദയാണ് ഹൈലൈറ്റ്. വഞ്ചിനാഥൻ തമിഴിലെ എന്റെ അരങ്ങേറ്റ ചിത്രമാണ്. സ്വന്തം വീട്ടിലെ ഒരാളെ പോലെയാണ് അദ്ദേഹം എന്നെ കണ്ടിരുന്നത്. അദ്ദേഹത്തിന്റെ കുടുംബത്തിന് ഈ സങ്കടം മറികടക്കാനുളള ശക്തിയുണ്ടാകട്ടെ""
പോസ്റ്റിനോടൊപ്പം വിജയകാന്ത്,ശരത് കുമാർ,ദിലീപ് തുടങ്ങിയവരുമായുളള ചിത്രങ്ങളും ഷാജി കൈലാസ് പങ്കുവച്ചിട്ടുണ്ട്. ഷാജി കൈലാസിന്റെ തമിഴിലെ അരങ്ങേറ്റ ചിത്രമായിരുന്നു വഞ്ചിനാഥൻ. 2001 ജനുവരി 14ന് തീയേറ്ററുകളിൽ എത്തിയ വഞ്ചിനാഥനിൽ വിജയകാന്തായിരുന്നു നായകൻ. ഇന്ത്യൻ സ്വാതന്ത്ര സമരസേനാനി വഞ്ചിനാഥന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയത്. രമ്യാ കൃഷ്ണൻ, പ്രകാശ് രാജ്, സാക്ഷി ശിവാനന്ദ് എന്നിവരായിരുന്നു വഞ്ചിനാഥനിലെ മറ്റ് പ്രധാന താരങ്ങൾ.