
തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച എൺപത്തെട്ടുകാരനെ പൊലീസ് അറസ്റ്റുചെയ്തു. വർക്കല പാളയംകുന്ന് സ്വദേശി വാസുദേവനെയാണ് അയിരൂർ പൊലീസ് അറസ്റ്റുചെയ്തത്.നാലും ഏഴും വയസുള്ള കുട്ടികളാണ് ഇയാളുടെ പേക്കൂത്തിന് ഇരയായത്.കുട്ടികളുടെ അയൽവാസിയായ ഇയാൾക്ക് മൂന്നുമക്കളുണ്ട്. ഭാര്യ പതിനഞ്ചുവർഷം മുമ്പ് മരിച്ചുപോയി. പലപ്പോഴും ഇയാൾ കുട്ടികളുടെ വീട്ടിൽ വരാറുണ്ടായിരുന്നു.ഇവിടെ വച്ചായിരുന്നു പീഡനം എന്നാണ് പൊലീസ് പറയുന്നത്. സഹോദരിമാരാണ് പെൺകുട്ടികൾ.
സ്കൂളിലെത്തിയ കുട്ടികൾ ശാരീരിക പ്രശ്നങ്ങൾ കാണിച്ചതോടെ സ്കൂൾ അധികൃതർ കാരണം തിരക്കി. അപ്പോഴാണ് പീഡനവിവരം കുഞ്ഞുങ്ങൾ അദ്ധ്യാപകരെ അറിയിച്ചത്. സ്കൂൾ അധികൃതർ വിവരം ചൈൽഡ്‌ലൈൻ പ്രവർത്തകരെ അറിയിക്കുകയും അവർ പൊലീസിനെ അറിയിക്കുകയുമായിരുന്നു. അറസ്റ്റിലായ വാസുദേവൻ കെഎസ്ഇബിയിലെ മുൻ ജീവനക്കാരനാണ്. ഇയാളെ ഇന്ന് വൈകിട്ട് കോടതിയിൽ ഹാജരാക്കും.
മാതാപിതാക്കൾക്കൊപ്പം ചെക്ക് പോസ്റ്റിന്റെ വരാന്തയിൽ കിടന്നുറങ്ങിയ മൂന്നുവയസുകാരിയെ എടുത്തുകൊണ്ടുപോയി പീഡിപ്പിച്ച വൃദ്ധനെ കഴിഞ്ഞദിവസം അറസ്റ്റുചെയ്തിരുന്നു. എരുത്തേമ്പതി വില്ലൂന്നി തരകൻകളം സ്വദേശി കന്തസ്വാമി (77) ആണ് പിടിയിലായത്. കുട്ടിയുടെ നില ഗുരുതരമായതിനാൽ പാലക്കാട് ജില്ലാ ആശുപത്രിയിൽ നിന്ന് തൃശ്ശൂർ മെഡിക്കൽ കേളേജിലേക്ക് മാറ്റി.
ഇന്നലെ പുലർച്ചെ അഞ്ചോടെ ആർ.വി.പി പുതൂർ നടുപ്പുണിയിലാണ് സംഭവം.കല്ല് കൊത്തു തൊഴിലാളികളായ മാതാപിതാക്കൾ കുട്ടിക്കൊപ്പം നടുപ്പുണിയിലെ പൂട്ടിക്കിടക്കുന്ന ചെക്ക് പോസ്റ്റിന്റെ വരാന്തയിലാണ് കിടന്നുറങ്ങിയത്. പ്രതി ആരുമറിയാതെ കുട്ടിയെ എടുത്തുകൊണ്ട് പോയി 50 മീറ്റർ അകലെ പൊന്തക്കാട്ടിൽ വച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.ഉറക്കമുണർന്ന മാതാപിതാക്കൾ കുട്ടിയെ കാണാതെ അന്വേഷിച്ചപ്പോഴാണ് കാട്ടിൽ കരച്ചിൽ കേട്ടത്. ഓടിയെത്തിയ അവർ കണ്ടത് പരിക്കേറ്റ കുട്ടിയെയും കന്തസ്വാമിയെയുമാണ്. പ്രതി ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഇവരുടെ ബഹളം കേട്ട് എത്തിയ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.
വർഷങ്ങളായി നാട്ടിൽ ഇല്ലായിരുന്ന കന്തസ്വാമി ഒരുമാസം മുമ്പാണ് എത്തിയതെന്ന് നാട്ടുകാർ പറഞ്ഞു. കുട്ടിയും മാതാപിതാക്കളും കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയാണ് ജോലിയുടെ ഭാഗമായി നടുപ്പുണിയിലെത്തിയത്.
ജില്ലാ പൊലീസ് മേധാവി ആർ.ആനന്ദ്, ഡിവൈ.എസ്.പി സി.സുന്ദരൻ, കൊഴിഞ്ഞാമ്പാറ പൊലീസ് ഇൻസ്‌പെക്ടർ വി.ജയപ്രകാശ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തി.