k

യുഗപ്രഭാവനും വിശ്വമാനവികതയുടെ മഹാപ്രവാചകനും അധഃസ്ഥിത ജനസമൂഹത്തിന്റെ വിമോചകനുമായ ശ്രീനാരായണ ഗുരുദേവൻ ലോകം കണ്ടിട്ടുള്ളതിൽ വച്ചേറ്റവും വലിയ വിദ്യാഭ്യാസ വിചക്ഷണനും മാതൃകാസന്യാസിയും മലയാളത്തിലും സംസ്കൃതത്തിലും തമിഴിലും സ്വതന്ത്ര കൃതികൾ രചിച്ച മഹാകവിയും ഗദ്യകാരനും, തർജ്ജമാകാരനും സാമ്പത്തിക വിദഗ്ദ്ധനും, സാമൂഹ്യ പരിഷ്കർത്താവും, ജനാധിപത്യവാദിയും തുടങ്ങി എല്ലാമെല്ലാമായിരുന്നു. സർവചരാചരങ്ങൾക്കും മംഗളത്തെ പ്രദാനം ചെയ്ത് സ്വധർമ്മാനുഷ്ഠാനം നിർവഹിക്കുന്നതിനും പരംപൊരുളിനെ സാക്ഷാത്കരിക്കുന്നതിനും തുടർന്ന് ലോകസംഗ്രഹാർത്ഥം പ്രവർത്തിക്കുന്നതിനും ഉതകുന്ന ഒരു വിശ്വമാനവിക ദർശനമാണ് ശിവഗിരി തീർത്ഥാടനത്തിലൂടെ ഗുരു ആവിഷ്കരിച്ച് നടപ്പിലാക്കിയത്.

ഈ മഹത്തായ ദർശനം പ്രായോഗികമാക്കി ജീവിത വിജയം നേടേണ്ടസമയം സമാഗതമായിരിക്കുന്നു.

വിദ്യാദേവതയായ ശാരദയെ ശിവഗിരിയിൽ പ്രതിഷ്ഠിക്കുന്നതുമായി ബന്ധപ്പെട്ട ചടങ്ങുകൾ ശ്രദ്ധിച്ചാൽ അന്നുവരെ നിലവിലുണ്ടായിരുന്ന ക്ഷേത്ര പ്രതിഷ്ഠാ ചടങ്ങുകളിൽ നിന്നും തികച്ചും വ്യത്യസ്ഥമായി താന്ത്രിക വിധി പ്രകാരമുള്ള പൂജകളെക്കാളേറെ പ്രാധാന്യം നൽകിയിരിക്കുന്നത് സ്പോർട്ട്സിനും (വിദ്യാർത്ഥികളുടെ കായികാഭ്യാസ വിനോദങ്ങൾ), സ്ത്രീ സമാജത്തിനും, വിദ്യാർത്ഥി സമ്മേളനങ്ങൾക്കും ശാസ്ത്രീയ സംഗീതം, നാടകം, സിനിമറ്റോഗ്രാഫ്, കഥകളി, ഹരികഥാകലാക്ഷേപം ഓട്ടൻ തുള്ളൽ എന്നിവകൾക്കുമായിരുന്നു എന്നു കാണാവുന്നതാണ്. പരാവിദ്യയ്ക്കും (ആത്മീയവിദ്യ) അപരാവിദ്യയ്ക്കും (ഭൗതിക വിദ്യയ്ക്കും) തുല്യ പ്രാധാന്യം നൽകുന്നുമുണ്ട്.

ഈ ലോകത്ത് അന്യജീവനുതകി സ്വജീവിതം ധന്യമാക്കാൻ ഉപകരിക്കുന്ന വിദ്യാഭ്യാസ പദ്ധതി സാർവത്രികമാക്കേണ്ടിയിരിക്കുന്നു. തികച്ചും അപരിഷ്കൃതരും സംസ്കാര ശൂന്യരും അടിമത്തം ഏറ്റുവാങ്ങാൻ വിധിക്കപ്പെട്ടവരുമായി ഇരുകാലി മൃഗങ്ങളെപ്പോലെ ജീവിതം തള്ളിനീക്കി, അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും ആണ്ടുകിടന്നിരുന്ന, ജീവിതത്തിന്റെ മുഖ്യധാരയിൽ നിന്നും ആട്ടിയകറ്റപ്പെട്ടിരുന്ന ബഹുഭൂരിപക്ഷം വരുന്ന ജനതതികളെ സംസ്കാര സമ്പന്നമായ നിലയിലേയ്ക്ക് ഉയർത്തുന്നതിന് തികച്ചും ഉതകുന്ന പ്രയോഗികമായ ഒരു വിദ്യാഭ്യാസ പദ്ധതിയാണ് ഗുരുവിന്റേത്. സ്വജീവിതം അന്യജീവനുതകും വിധമാകുമ്പോൾ മാത്രമേ ഒരുവന്റെ ജീവിതം ധന്യവും സാർത്ഥകവുമായിത്തീരുകയുള്ളൂ. അപ്പോഴേ ഒരാൾ നയമറിയുന്ന നരനായി മാറുകയുള്ളൂ.

സന്ദേഹമുള്ള വിഷയങ്ങളെപ്പറ്റി ഒരു പ്രാസംഗികനും യാതൊന്നും ജനങ്ങളെ ധരിപ്പിച്ചുകൂടായെന്നും താഴ്ന്നതായി വിചാരിക്കപ്പെടുന്ന ജാതിക്കാർക്ക് ഉപദ്രവമോ ഉയർന്നതായി വിചാരിക്കപ്പെടുന്ന ജാതിക്കാർക്ക് ക്ഷോഭമോ ഉണ്ടാകുന്ന വിധത്തിലോ, സ്വരത്തിലോ പ്രസംഗം ആയിരുന്നുകൂടായെന്നും പ്രത്യേകം ഗുരുദേവൻ നിഷ്കർഷിക്കുകയുണ്ടായി.

മലയാളികൾ പൊതുവിൽ ശുചിത്വ പരിപാലനത്തിലും ആരോഗ്യസംരക്ഷണത്തിലും ലോകത്തിലെ വികസിത രാജ്യങ്ങളോട് കിടപിടിക്കത്തക്ക തരത്തിൽ മുന്നേറിയിട്ടുണ്ട്. ബാഹ്യവും വ്യക്തിപരവുമായ ശുചിത്വ പരിപാലനത്തിൽ നാം കാണിക്കുന്ന ശുഷ്കാന്തി പലപ്പോഴും ആഭ്യന്തര ശുചിത്വത്തിലും സാമൂഹികമായ ശുചിത്വത്തിലും കാണിക്കാറില്ലായെന്നത് ഖേദകരമാണ്. നമ്മുടെ വീട്ടിലെ മാലിന്യങ്ങൾ അയൽപക്കക്കാരന്റെ പറമ്പിലേക്കോ നാഷണൽ ഹൈവേകളിലേയ്ക്കോ എന്തിനേറെ നമ്മുടെ കുടിവെള്ള സ്രോതസ്സുകളിലേയ്ക്കോ പോലും വലിച്ചെറിയാൻ നമുക്ക് യാതൊരു മടിയുമില്ല. നാം കഴിക്കുന്ന ആഹാരം സാത്വികമാണെങ്കിൽ നമ്മുടെ സ്വഭാവവും ശുദ്ധീകരിക്കപ്പെട്ടതായിരിക്കും. മറിച്ചാണെങ്കിൽ അതിനനുസരിച്ചും ഭക്ഷണം പാകം ചെയ്യുന്നവരുടെ മാനസികാവസ്ഥ പോലും ആഹാരം കഴിക്കുന്ന ആളിന്റെ സ്വാഭാവത്തേയും പ്രവർത്തിയേയും സ്വാധീനിക്കുന്നു.
കേരളത്തിൽ നിന്ന് ഇന്ന് തെങ്ങ് മാത്രമല്ല, നെല്ല്, കപ്പ, വാഴ തുടങ്ങിയ കാർഷികോത്പന്നങ്ങളും കുരുമുളക്, ഏലം, കാപ്പി, തേയില തുടങ്ങിയ തോട്ടവിളകളും അന്യം നിന്നുകഴിഞ്ഞു. അദ്ധ്വാനിക്കുവാനുള്ള വൈമനസ്യവും വൈറ്റ് കോളർ ജോബിന് വേണ്ടിയുള്ള യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള കാത്തിരുപ്പും പണം ധൂർത്തടിച്ചു സുഖലോലുപരായി ജീവിക്കാനുള്ള അമിതമായ ആഡംബരഭ്രമവും നമ്മളെ ഒരു ഉപഭോക്തൃ സംസ്ഥാനമാക്കി മാറ്റി. ഇന്ന് കണ്ടുവരുന്ന പുതിയ പുതിയ മാരക രോഗങ്ങൾ ജൈവകൃഷിയുടെ ആവശ്യകതയിലേക്കും വിരൽ ചൂണ്ടുന്നു. രാജ്യത്ത് പുതിയ കാർഷിക വ്യവസായിക സംരംഭങ്ങൾ ആരംഭിക്കുന്നതോടൊപ്പം തന്നെ നിലവിലുള്ള വ്യവസായ ശാലകളെ ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തി ശാസ്ത്രീയമായി പരിഷ്കരിച്ച് അന്തരീക്ഷ മലിനീകരണം നിയന്ത്രണവിധേയമാക്കി സംരക്ഷിക്കേണ്ടത് അനിവാര്യമാണ്.

ശാസ്ത്ര സാങ്കേതിക വിദ്യയിൽ നമ്മുടെ രാഷ്ട്രം ഇന്ന് വളരെയേറെ പുരോഗതി കൈവരിച്ചിരിക്കുന്നു എന്നുള്ളതിന് ഒട്ടേറെ ഉദാഹരണങ്ങൾ നമുക്ക് ചൂണ്ടിക്കാണിക്കുവാനുണ്ട്. ചന്ദ്രയാൻ - 3ന്റേയും ആദിത്യ എല്ലിന്റേയും വിജയകരമായ വിക്ഷേപണവും മറ്റും. ഇന്ന് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റേയും കാലം കൂടിയാണ്. സഹസ്രാബ്ദങ്ങളായി മനുഷ്യരാൽ മാത്രം നിർവഹിക്കപ്പെട്ടിരുന്ന പല കാര്യങ്ങളും (ഏറെ ദുഷ്കരമായ ശസ്ത്രക്രിയകൾ ഉൽപ്പെടെ) ഇന്ന് റോബോട്ടുകളെക്കൊണ്ട് വളരെ വിജയകരമായി ചെയ്യിക്കാവുന്ന തലത്തിലേക്ക് ശാസ്ത്രവും സാങ്കേതിക വിദ്യയും വളർത്തിയെടുത്തുകഴിഞ്ഞു.

ഇന്ന് ആബാലവൃദ്ധം ജനങ്ങളേയും ജാതിമതലിംഗഭേദമെന്യേ ഗ്രസിച്ചിരിക്കുന്ന മാരകമായ ഒരു ദുശ്ശീലമാണ് മദ്യപാനവും മയക്കുമരുന്നിന്റെ ഉപഭോഗവും. ശ്രീനാരായണ ഗുരുദേവൻ തന്റെ ഒരു തിരുജയന്തി സന്ദേശമായിട്ടാണ് മദ്യം വിഷമാണ്, അതുണ്ടാക്കരുത്, കൊടുക്കരുത്, കുടിക്കരുത് എന്നുപദേശിച്ചത്. ഏത് സംസ്കാരത്തിന്റേയും നൻമകൾ നമ്മൾ സ്വീകരിക്കുന്നത് ശ്ലാഘനീയമാണെങ്കിലും മോശമായവ തള്ളിക്കളയാനുള്ള വിവേകവും നാം കാട്ടണം. ഏവർകും മദ്യ-മയക്കുമരുന്നുകളുടെ ഉപയോഗവും കെടുതികളുമില്ലാത്ത 91-ാമത് ശിവഗിരി തീർത്ഥാടനാശംസകളും സമ്പത്ത് സമൃദ്ധവും സമാധാന പൂർണ്ണവുമായ നവവത്സര ആശംസകളും നേരുന്നു.