modi

മോസ്കോ: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മോദിക്ക് വിജയാശംസകളുമായി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയ‌്ശങ്കറുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പുടിൻ മോദിക്ക് ആശംസകൾ നേർന്നത്. 'എന്റെ ഏറ്റവുമടുത്ത സുഹൃത്തിന് എല്ലാ വിജയങ്ങളും ആശംസിക്കുന്നു' എന്നാണ് പുടിൻ പറഞ്ഞത്. ഭരണതലത്തിൽ രാഷ്ട്രീയ മാറ്റങ്ങൾ ഉണ്ടായാലും ന്യൂഡൽഹിയും മോസ്കോയുമായുള്ള പരമ്പരാഗത സൗഹൃദം എന്നും നിലനിൽക്കുമെന്നും അദ്ദേഹം പറഞ്ഞു. റഷ്യസന്ദർശിക്കാൻ മോദിയെ ക്ഷണിച്ച പുടിൻ ആശംസകളും ക്ഷണവും മോദിയെ അറിയിക്കണമെന്ന് ജയശങ്കറിനോട് അഭ്യർത്ഥിക്കുകയും ചെയ്തു.

സൈനിക ഉപകരങ്ങൾ സംയുക്തമായി നിർമ്മിക്കുന്നതിലും ഇന്ത്യയും റഷ്യയും തമ്മിൽ ധാരണയായി. റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്‌റോവുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷമായിരുന്നു ഇതുസംബന്ധിച്ച് പ്രഖ്യാപനം. ഇക്കൊല്ലം ഏഴാം തവണയാണ് ഇരുവും തമ്മിൽ കൂടിക്കാഴ്ച നടത്തുന്നത്. രാജ്യത്തിന് ആവശ്യമായ സൈനിക ഉപകരണങ്ങൾ സ്വയം നിർമ്മിക്കാനുള്ള ഇന്ത്യയുടെ ആഗ്രഹത്തെ പൂർണമായും പിന്തുണയ്ക്കുന്നതായും ലാവ്‌റോവ് പറഞ്ഞു. ലോക രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തിൽ ഉയർച്ചകളും താഴ്ചകളും ഉണ്ടായിട്ടുണ്ട്. എന്നാൽ കഴിഞ്ഞ 70-80 വർഷമായി ആഗോള രാഷ്ട്രീയത്തിൽ ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധം സ്ഥിരതയോടെ തുടരുന്നു എന്ന് ജയ്‌ശങ്കർ പറഞ്ഞു.

തമിഴ്‌നാട്ടിലെ കൂടംകുളം ആണവനിലയത്തിൽ ഭാവിയിൽ ഊർജോത്പാദന യൂണിറ്റുകൾ നിർമ്മിക്കുന്നതിനുള്ള കരാറിലും ഇന്ത്യയും റഷ്യയും ഒപ്പിട്ടു. റഷ്യൻ ഉപപ്രധാനമന്ത്രി ഡെന്നിസ് മാന്റുറോവുമായി ജയ്‌ശങ്കർ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇതുസംബന്ധിച്ച് ധാരണയായത്.