surendran

തൃശൂർ: നരേന്ദ്ര മോദി സർക്കാർ വീണ്ടും അധികാരത്തിൽ വരുമെന്ന് എതിരാളികൾക്ക് പോലും ഉറപ്പാണെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ലോകത്തിലെ തന്നെ ജനപ്രിയനായ നേതാവാണ് അദ്ദേഹം. മോദിയല്ലാതെ മറ്റൊരു രക്ഷ കേരളത്തിനില്ല. പ്രോഗ്രസ് കാർഡുമായിട്ടാണ് മോദി തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും മോദി ഗ്യാരന്റിയിലാണ് ജനങ്ങൾക്ക് വിശ്വാസമെന്നും സുരേന്ദ്രൻ വ്യക്തമാക്കി.

മത, വർഗീയ ശക്തികൾക്ക് മുന്നിൽ കോൺഗ്രസ് മുട്ടുമടക്കുകയാണെന്നും സുരേന്ദ്രൻ ആരോപിച്ചു. 500 വർഷങ്ങൾക്ക് ശേഷം ശ്രീരാമൻ അയോദ്ധ്യയിലേക്ക് തിരികെ വരുമ്പോൾ പ്രാണപ്രതിഷ്ഠയിൽ പങ്കെടുക്കണമോയെന്ന കാര്യത്തിൽ കോൺഗ്രസിന് നിലപാടില്ലെന്നും അദ്ദേഹം വിമർശിച്ചു.

പ്രാണപ്രതിഷ്ഠയിൽ രാജ്യത്തെ എല്ലാ രാഷ്ട്രീയ പാർട്ടികളെയും ക്ഷണിച്ചിട്ടുണ്ട്. ചിലർ ചടങ്ങിൽ പങ്കെടുക്കാമെന്നും മറ്റുചിലർ പങ്കെടുക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ കോൺഗ്രസിന് മാത്രം നിലപാടില്ലെന്ന് സുരേന്ദ്രൻ കുറ്റപ്പെടുത്തി. ബി ജെ പി സംസ്ഥാന നേതൃയോഗത്തിൽ അദ്ധ്യക്ഷത വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സോമനാഥ ക്ഷേത്രം പുനരുദ്ധരിച്ച പാർട്ടിയായ കോൺഗ്രസ് എന്തുകൊണ്ടാണ് ആ നിലപാടിൽ നിന്ന് പിറകോട്ട് പോവുന്നത്. കേരളത്തിലെ കോൺഗ്രസ് ഇതിന് മറുപടി പറയണം. ന്യൂനപക്ഷ വോട്ട്ബാങ്കിനെ പേടിച്ച് ഭൂരിപക്ഷത്തിന്റെ വിശ്വാസത്തെ മാനിച്ചില്ലെങ്കിൽ വലിയ വിലകൊടുക്കേണ്ടി വരുമെന്നും സുരേന്ദ്രൻ പറഞ്ഞു.