vijayakanth

ഇന്ന് രാവിലെയാണ് നടനും ഡി എം ഡി കെ നേതാവുമായ വിജയകാന്ത് അന്തരിച്ചത്. വിജയരാജ് എങ്ങനെ വിജയകാന്ത് ആയി എന്നതിനെക്കുറിച്ചും അദ്ദേഹത്തിന് തിരുവനന്തപുരവുമായുള്ള ബന്ധത്തെക്കുറിച്ചും ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തിയിരിക്കുകയാണ് ഗവേഷകനും ചരിത്രകാരനുമായ പ്രതാപ് കിഴക്കേമഠം.

വിജയ രാജ് എന്ന പേരുമാറ്റി "വിജയകാന്ത് " എന്ന പേര് സ്വീകരിച്ചതിനു പിന്നിലും ഒരു ചെറിയ മലയാള ബന്ധമുണ്ടെന്ന് ലേഖകൻ പറയുന്നു. തിരൂരുകാരനും മലയാളിയുമായ വിജയൻ (മീശ വിജയൻ ) എന്ന തമിഴ് നായകനടനോടും ,രജനീകാന്ത് എന്ന നായക നടനോടുമുള്ള ആരാധനയാണ് "വിജയകാന്ത് " എന്ന പേരു സ്വീകരിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

മറ്റുള്ളവരെ പോലെ "വളയചെട്ടി " സമുദായക്കാരും നൂറ്റാണ്ടുകൾക്കു മുമ്പേ മധുരയിൽ നിന്നും മറ്റും കച്ചവടത്തിനായി ചാലകമ്പോളം ലക്ഷ്യമാക്കി എത്തിയിരുന്നു . ചാലയിലെ "വളയചെട്ടിത്തെരുവ് " അങ്ങനെ പ്രശസ്തവുമായി.

ഈ സമുദായത്തിൽപ്പെട്ട "രംഗനാഥൻ " എന്നയാൾക്ക് ആര്യശാലയിൽ വിശാലമായൊരു വീടുണ്ടായിരുന്നു . (അവിടെയാണ് ഇന്ന് മുത്തൂറ്റ് ബാങ്ക് പ്രവർത്തിക്കുന്നത് )
അദ്ദേഹം 1950-കളുടെ ഒടുവിൽ മേലേ പഴവങ്ങാടിയിൽ (ഇന്നത്തെ Azad Hotel നു സമീപം )
"Jyothi Fashion & Jewellery Mart " എന്ന സ്ഥാപനം തുടങ്ങി.

അക്കാലത്ത് തിരുവനന്തപുരത്ത് മാത്രമല്ലാ മറ്റു ജില്ലകളിൽ പോലും ഈ സ്ഥാപനം പ്രശസ്തമായതിനു കാരണം ഡാൻസിനു ( നൃത്തം) വേണ്ടുന്ന ആടയാഭരണങ്ങൾ കിട്ടുന്ന ഏറ്റവും വലിയ കടയായിരുന്നതിനാലാണ് . അക്കാലത്ത് പ്രമുഖ നർത്തകിമാരും സിനിമാക്കാരുമൊക്കെ എത്താറുള്ള ആ സ്ഥാപനം പിന്നീട് രംഗനാഥൻ്റെ മകൻ കണ്ണനിലൂടെ മുന്നോട്ടു പോയി.
കണ്ണൻ വിവാഹം ചെയ്തത് തൻ്റെ മാതൃ നഗരമായ മധുരയിലെ മറ്റൊരു സമ്പന്നമായ കുടുംബത്തിലെ മുക്താഭായിയെയായിരുന്നു.
മുക്താഭായിയുടെ അനുജൻ സുന്ദർരാജനായിരുന്നു നടൻ വിജയകാന്തിൻ്റെ ഏറ്റവും അടുത്ത അയൽവാസിയും ബാല്യകാല സുഹൃത്തും !!

വിജയകാന്ത് തിരുവനന്തപുരത്തേക്ക്
-----------------------------------------------------------
മുക്താഭായി വിവാഹശേഷം മധുരയിൽ നിന്നും ഭർതൃഗൃഹമായ തിരുവനന്തപുരത്ത് ആര്യശാലയിലെ വീട്ടിലേക്ക് വന്നശേഷം , സഹോദരൻ സുന്ദർരാജനും ഇടയ്ക്കിടെ സഹോദരിയുടെ തിരുവനന്തപുരത്തെ വീട്ടിലേക്കു വരുമ്പോൾ ഒപ്പം ബാല്യകാല സുഹൃത്തും അയൽവാസിയുമായ "വിജയരാജും " (വിജയകാന്തിൻ്റെ യഥാർത്ഥ പേര്) ഉണ്ടാവും ! അക്കാലത്ത് മധുര കഴിഞ്ഞാൽ വിജയകാന്തിൻ്റെ രണ്ടാം നഗരം തിരുവനന്തപുരമായിരുന്നു.
19 -20 വയസ്സിൽ വിജയരാജിനെ ആകർഷിച്ചത് തിരുവന്തപുരം നഗരത്തിലെ "ഓണാഘോഷ"മെന്ന് അദ്ദേഹം തന്നെ പണ്ടൊരിക്കൽ ഒരു പ്രമുഖ പത്രത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഓണം റിലീസായ ചിത്രങ്ങൾ കൂടാതെ "അജന്ത " ,"സെൻട്രൽ " ,, ന്യൂ തിയേറ്റർ " "ശക്തി " ," കസ്തൂരി -ശ്രീകാന്ത് " ,"ചിത്ര" , " ശിവ '' , "ശ്രീപത്മനാഭ " , എന്തിന് "പേട്ട കാർത്തികേയ"വരെയുള്ള നഗരത്തിലെ പഴയ സിനിമാകൊട്ടകളിൽ സുന്ദർരാജിനൊപ്പം കയറിയിറങ്ങിയ കാലത്തെ കുറിച്ച് തിരുവനന്തപുരത്തെ സുന്ദർരാജൻ്റ ബന്ധുവായ ചാലയിലെ രാമകൃഷ്ണൻ എന്ന ബാബു എന്നോടു പറഞ്ഞു . ഒപ്പം പഴവങ്ങാടിയിലെ ഒരു വൈദ്യശാലയിലും മെഡിക്കൽ സ്റ്റോറിലും ലഭിച്ചിരുന്ന
" ജിഞ്ചി ബറീസി"ൻ്റെ ഇത്തിരി ലഹരിയും .!

വിജയകാന്തിൻ്റെ അച്ഛൻ കെ.എൻ അളഗസ്വാമിയ്ക്ക് മധുരയിൽ സ്വന്തമായി ഒരു വലിയ അരി മില്ല് ഉണ്ടെങ്കിലും അതു നോക്കാതെ"wellvet Shampoo" _ൻ്റെ റെപ്രസെൻ്റേറ്റീവായി തിരുവനന്തപുരത്തേക്ക് ഇടയ്ക്കിടെ അദ്ദേഹം എത്തിയിരുന്നു !

വിജയ രാജ് എന്ന പേരുമാറ്റി "വിജയകാന്ത് " എന്ന പേര് സ്വീകരിച്ചതിനു പിറകിലും ഒരു ചെറിയ മലയാള ബന്ധമുണ്ട്. തിരൂരുകാരനും മലയാളിയുമായ വിജയൻ (മീശ വിജയൻ ) എന്ന തമിഴ് നായകനടനോടും ,രജനീകാന്ത് എന്ന നായകനടനോടുമുള്ള ആരാധനയാണ് "വിജയകാന്ത് " എന്ന പേരു സ്വീകരിച്ചത് !!!
(1980-ൽ മാത്രം "മീശ വിജയൻ " 28 തമിഴ് ചിത്രങ്ങളിൽ നായകനായും ഉപനായകനായും സ്വഭാവനടനായും അഭിനയിച്ചു !!!
പിന്നീട് ഏതാണ്ട് വിസ്മൃതിയിലാണ്ടു )

കാലം കടന്നു.
വിജയകാന്ത് തമിഴ് സിനിമയിൽ നായകനായി പ്രശസ്തിയിലേക്ക് ഉയർന്നു .
1986-ൽ കച്ചവടമൊക്കെ നഷ്ടത്തിലായി ആര്യശാലയിലെ കുടുംബവീടുവരെ നഷ്ടപ്പെട്ട് ഇവിടെ കണ്ണനും ഭാര്യ മുക്താഭായിയും നാലു മക്കളും അടങ്ങുന്ന കുടുംബം കിഴക്കേമoത്തിൽ ഒരു വീട്ടിൽ വാടകയ്ക്കു താമസിക്കാനെത്തി.
എൻ്റെ വീടിനു എതിർവശത്തായതിനാൽ ആ കുടുംബവുമായി ഞാൻ അടുത്തു .
3 ആൺമക്കളും എൻ്റെ സുഹൃത്തുക്കളായിരുന്നു. കുമാർ ,ശങ്കർ ,ബാലസുബ്രമണ്യം !
വിജയകാന്തിൻ്റെ ചിത്രങ്ങൾ റിലീസാവുമ്പോഴൊക്കെ അവർ ആവേശപൂർവ്വം എന്നോടു സംസാരിക്കും -

" എങ്കവിജയരാജ് മാമാവുക്ക പടം ഇന്നയ്ക്ക് റിലീസ് ആകത് !"

ആദ്യമൊക്കെ എനിക്ക് ആ ബന്ധം മനസ്സിലായില്ല.
1990-ൽ ഒരുനാൾ രാത്രി 11 മണിക്ക് ഹൃദയാഘാതം മൂലം അവരുടെ അച്ഛൻ കണ്ണൻ മണക്കാട് span Hospital ൽ വച്ച് അന്തരിച്ചു.
ബോഡി വിറകുപുര കോട്ടയിൽ കൊണ്ടുവന്നപ്പോൾ ആ ബോഡി ആംബുലൻസിൽ നിന്നും എടുത്ത് വീട്ടിലേക്ക് കൊണ്ടുപോയി കിടത്തിയ
സഖാവ് പുരുഷനും ,
ഹോമിരവീന്ദ്രനും ,
കെന്നടി വിജയനും ,
ഇന്നില്ല. അവരും ഓർമ്മയായി !
ശ്രീ. കണ്ണൻ മരിച്ച് രണ്ടാംനാൾ വിജയകാന്തും സംഘവും കിഴക്കേമഠത്തിലെത്തി !
ഒപ്പം കണ്ണൻ്റെ ഭാര്യാ സഹോദരൻ സുന്ദർരാജനും !

കാലങ്ങൾ കഴിഞ്ഞു. സുന്ദർരാജൻ തൻ്റെ ആത്മസുഹൃത്ത് വിജയകാന്തിൻ്റെ പാർട്ടിയിൽ ചേർന്ന് മധുര സെൻട്രലിൽ നിന്ന് ജയിച്ച് MLA ആയി. സുന്ദർരാജിൻ്റെ മരുമകൻ ബാലു അവസാനം വിജയകാന്തിൻ്റെ പ്രൈവറ്റ് സെക്രട്ടറിമാരിൽ ഒരാളായി.

കഴിഞ്ഞ മാസം നടി രാധയുടെ മകളുടെ വിവാഹത്തിന് കവടിയാറിലെ ഉദയാ പാലസിൽ വിജയകാന്തിൻ്റെ ഭാര്യ എത്തിയിരുന്നു.

ശ്രീ വിജയകാന്തിന് ആദരാഞ്ജലികൾ !