student

ബംഗളൂരു: കർണാടകയിൽ കുട്ടികളെക്കൊണ്ട് ടോയ്‌ലറ്റുകൾ കഴുകാൻ നിർബന്ധിക്കുന്ന സ്‌കൂൾ അധികൃതരുടെ ദൃശ്യങ്ങൾ പുറത്ത്.ശിവമോഗയിലെ കുട്ടികളെക്കൊണ്ടാണ് ശുചിമുറികൾ കഴുകിപ്പിച്ചത്. സംഭവത്തിൽ രക്ഷിതാക്കളുടെ ഭാഗത്തുനിന്ന് പ്രതിഷേധം ശക്തമായിരിക്കുകയാണ്. വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പയുടെ സ്വന്തം ജില്ലയാണ് ശിവമോഗ.


കഴിഞ്ഞയാഴ്ചയാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നതെങ്കിലും ഇപ്പോഴാണ് വീഡിയോ പുറത്തുവന്നത്. വിദ്യാർത്ഥികളോട് വെള്ളം ഒഴിക്കാൻ മാത്രമാണ് ആവശ്യപ്പെട്ടതെന്നും കക്കൂസ് വൃത്തിയാക്കിയിട്ടില്ലെന്നുമാണ് പ്രധാനാദ്ധ്യാപിക നൽകുന്ന വിശദീകരണം. സംസ്ഥാനത്ത് ഈ മാസം നടക്കുന്ന മൂന്നാമത്തെ സംഭവമാണിത്.


കഴിഞ്ഞയാഴ്ച ബംഗളൂരുവിലെ സർക്കാർ സ്‌കൂളിലെ വിദ്യാർത്ഥികളെക്കൊണ്ട് ടോയ്‌ലറ്റ് വൃത്തിയാക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. പിന്നാലെ രോഷാകുലരായ രക്ഷിതാക്കളും നാട്ടുകാരും സ്‌കൂളിന് പുറത്ത് പ്രതിഷേധിച്ചിരുന്നു.

സംഭവത്തിൽ വിദ്യാഭ്യാസമന്ത്രി അപലപിച്ചിരുന്നു.കർശനമായ നടപടി സ്വീകരിക്കുമെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ശ്രമിക്കുമെന്നും മന്ത്രി ഉറപ്പുനൽകിയിരുന്നു. കൂടാതെ പ്രധാനാദ്ധ്യാപികയെ സസ്‌പെൻഡ് ചെയ്തിരുന്നു. എന്നാൽ തന്റെ സ്വന്തം ജില്ലയിലുണ്ടായ സമാന സംഭവത്തെപ്പറ്റി മന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല.

എൻഎസ്എസും സേവാദൾ ക്യാമ്പുകളും കുട്ടികളെ പൂന്തോട്ടം വൃത്തിയാക്കുന്നതിനോ തൈകൾ നടുന്നതിനോ പരിശീലിപ്പിക്കാറുണ്ട്, എന്നാൽ ശുചിമുറി വൃത്തിയാക്കാൻ അവരെ നിർബന്ധിപ്പിക്കാൻ പാടില്ലെന്നായിരുന്നു കോൺഗ്രസിന്റെ പ്രതികരണം.