
ഭോപ്പാൽ: മദ്ധ്യപ്രദേശിൽ സ്വകാര്യ ബസ് ട്രക്കിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ 13 മരണം. 16 പേർക്ക് പരിക്കേറ്റു. നാല് പേർ രക്ഷപ്പെട്ടു. ഇടിയുടെ ആഘാതത്തിൽ ബസ് തീ പിടിക്കുകയും പൂർണമായും കത്തിനശിക്കുകയുമായിരുന്നു. ബുധനാഴ്‌ച രാത്രി 8.30നായിരുന്നു അപകടം. 30ലധികം യാത്രക്കാരുമായി ഗുണയിൽ നിന്ന് ആരോണിലേക്ക് പോവുകയായിരുന്ന ബസ് ട്രക്കിലേക്ക് ഇടിച്ചുകയറുകയായിരുന്നു. തുടർന്ന് തീ പിടിക്കുകയായിരുന്നു. 12 പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചു.
തീയണച്ച ശേഷമുള്ള പരിശോധനയിൽ ഒരു മൃതദേഹം കൂടി കണ്ടെത്തുകയായിരുന്നു. ഇത് ഡ്രൈവറുടേതാണെന്ന് കരുതുന്നു. മൃതദേഹങ്ങൾ തിരിച്ചറിയാനാകാത്ത വിധമായതിനാൽ ഡി.എൻ.എ പരിശോധന നടത്തിയേക്കും. മദ്ധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് ആശുപത്രിയിലെത്തി പരിക്കേറ്റവരെ സന്ദർശിച്ചു.
ഹൃദയഭേദകമായ അപകടമാണെന്നും അന്വേഷണം പ്രഖ്യാപിച്ചെന്നും അദ്ദേഹം അറിയിച്ചു. കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കും. ഇത്തരം അപകടങ്ങളുണ്ടാകാതിരിക്കാൻ നടപടി സ്വീകരിക്കും. മരിച്ചവരുടെ കുംടുംബാംഗങ്ങൾക്കൊപ്പം നിൽക്കുന്നു എന്നും പറഞ്ഞു. മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും പ്രഖ്യാപിച്ചു.
ഫിറ്റ്നസ് സർട്ടിഫിക്കറ്റില്ല
ബി.ജെ.പി നേതാവ് വിശ്വനാഥ് സികർവാറിന്റെ സഹോദരൻ ഭാനു പ്രതാപ് സികർവാറിന്റെ പേരിലാണ് ബസ് രജിസ്റ്റർ ചെയ്‌തിരിക്കുന്നത്. ബസിന്റെ ഇൻഷ്വറൻസ് സർട്ടിഫിക്കറ്റിന്റെയും ഫിറ്റ്‌നെസ് സർട്ടിഫിക്കറ്റിന്റെയും കാലാവധി കഴിഞ്ഞതാണെന്ന് അധികൃതർ പറഞ്ഞു.