eggs

രാവിലെ പ്രഭാത ഭക്ഷണത്തിനൊപ്പം മിക്കവാറും പേരും തയ്യാറാക്കുന്ന ഒന്നാണ് മുട്ടക്കറി. ഉണ്ടാക്കാൻ എളുപ്പമാണെങ്കിലും പെർഫക്‌ട് ആയി ഉണ്ടാക്കിയെടുക്കാൻ കുറച്ച് പരിശ്രമിക്കേണ്ടതായുണ്ട്. സാധാരണയായി കൂടുതൽ പേരും തയ്യാറാക്കുന്നത് മുട്ടമസാല ആയിരിക്കും. ഹോട്ടലുകളിൽ ലഭിക്കുന്നതും ചുവന്ന നിറത്തിലെ മുട്ട മസാലയായിരിക്കും. എന്നാൽ ഇതിൽ നിന്ന് വ്യത്യസ്തമായി വെള്ളനിറത്തിൽ മുട്ടക്കറി തയ്യാറാക്കി നോക്കിയാലോ? പാത്രം കാലിയാവുന്നത് അറിയില്ല, അത്രയ്ക്കും രുചിയാണ് ഈ വെറൈറ്റി മുട്ടക്കറിയ്ക്ക്.

ആദ്യം കുക്കർ അടുപ്പിൽവച്ച് രണ്ട് ടേബിൾ സ്‌പൂൺ എണ്ണയൊഴിച്ച് ചൂടാക്കിയെടുക്കണം. ഇതിലേയ്ക്ക് രണ്ട് ഏലയ്ക്ക, ഒരു ചെറിയ കഷ്ണം ഗ്രാമ്പൂ, ഒരു തക്കോലം, ചെറിയൊരു കഷ്ണം ഇഞ്ചി ചതച്ചത്, നാലോ അഞ്ചോ വെളുത്തുള്ളി ചെറുതായി അരിഞ്ഞത് എന്നിവ ചേർത്തുകൊടുക്കാം. എല്ലാം നന്നായി വഴണ്ട് വരുമ്പോൾ രണ്ട് സവാള അരിഞ്ഞത് ചേർത്ത് വഴറ്റിയെടുക്കണം. സവാള നന്നായി വഴണ്ട് വരുമ്പോൾ നാല് പച്ചമുളക് അരിഞ്ഞത് ചേർത്തുകൊടുക്കാം. അടുത്തതായി ഒരു ക്യാരറ്റ് കഷ്ണങ്ങളാക്കിയത്, ഒരു ഉരുളക്കിഴങ്ങ് കഷ്ണങ്ങളാക്കിയത്, ചെറുതായി ചതച്ച കുറച്ച് കുരുമുളക് എന്നിവ കൂടി ചേർക്കാം.

ഇതിലേയ്ക്ക് അര ടീസ്‌പൂൺ പെരുഞ്ചീരക പൊടി, കാൽ ടീസ്‌പൂൺ ഗരംമസാല പൊടി എന്നിവ ചേർക്കണം. അൽപ്പം കറിവേപ്പില കൂടി ചേർത്ത് എല്ലാം വഴറ്റിയെടുക്കാം. അടുത്തതായി രണ്ടരക്കപ്പ് അളവിൽ രണ്ടാം തേങ്ങാപ്പാൽ ചേർക്കണം. ഇനി ആവശ്യത്തിന് ഉപ്പ് കൂടി ചേർത്ത് കുക്കർ മൂടിവച്ച് വേവിക്കണം. ഒറ്റ വിസിൽ കേട്ടുകഴിയുമ്പോൾ തീ അണയ്ക്കാം. ശേഷം ആവി പോയിക്കഴിഞ്ഞ് കുക്കർ തുറന്ന് ഇതിലേയ്ക്ക് ഒന്നാം പാൽ ചേർക്കണം. അവസാനമായി വേവിച്ചുവച്ചിരിക്കുന്ന മുട്ട നടുവിലായി വര‌ഞ്ഞ് കറിയിലേയ്ക്ക് ചേർക്കണം. ഇതൊന്ന് മീഡിയം ഫ്ളെയിമിൽ ഇട്ട് ചൂടാക്കിയെടുക്കണം. കറി നല്ല കുറുകി വരുന്നത് കാണാം. നല്ല ടേസ്റ്റി വെറൈറ്റി മുട്ടക്കറി റെഡിയായി.