
ന്യൂഡൽഹി: ഖത്തറിൽ തടവിലായിരുന്ന എട്ട് ഇന്ത്യക്കാരുടെ വധശിക്ഷ റദ്ദാക്കിയതായി വിദേശകാര്യമന്ത്രാലയം. ഖത്തറിലെ അപ്പീൽ കോടതിയുടേതാണ് തീരുമാനം. വധശിക്ഷ ജയില്‍ ശിക്ഷയായി കുറയ്ക്കുകയായിരുന്നു.
ചാരപ്രവർത്തനം ആരോപിച്ചായിരുന്നു മലയാളി ഉൾപ്പടെ എട്ട് മുൻ നാവിക സേനാ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞ ഒക്ടോബറിൽ വധശിക്ഷ വിധിച്ചത്. പൂർണേന്ദു തിവാരി, സുഗുണാകർ പകല, അമിത് നാഗ്പാൽ, സഞ്ജീവ് ഗുപ്ത, നവതേജ് സിംഗ് ഗിൽ, ബീരേന്ദ്ര കുമാർ വർമ, സൗരഭ് വസിഷ്ത്, രാഗേഷ് ഗോപകുമാർ എന്നിവരാണ് ശിക്ഷിക്കപ്പെട്ടത്. ഖത്തറിലെ കോർട്ട് ഒഫ് ഫസ്റ്റ് ഇൻസ്റ്റൻസ് ആണ് ഉദ്യോഗസ്ഥർക്ക് വധശിക്ഷ വിധിച്ചത്.ഇന്ത്യൻ നേവിയിൽ നിന്ന് വിരമിച്ചശേഷം ഖത്തറിലെ ദഹ്‌റ ഗ്ളോബൽ ടെക്‌നോളജീസ് ആന്റ് കൺസൾട്ടൻസി എന്ന കമ്പനിയിൽ ജോലിചെയ്ത് വരികയായിരുന്നു ഇവർ. ഖത്തർ സേനയ്ക്ക് പരിശീലനവും മറ്റ് സേവനങ്ങളും നൽകുന്ന സ്വകാര്യ കമ്പനിയാണിത്.
ഇസ്രായേലിന് വേണ്ടി ചാരവൃത്തി ചെയ്തുവെന്നാണ് മുൻ നാവിക ഉദ്യോഗസ്ഥർക്കെതിരെയുള്ള കുറ്റം. ഒരു അന്തർവാഹിനിയുമായി ബന്ധപ്പെട്ട പരിപാടിയിൽ ചാരവൃത്തി നടത്തിയെന്നാണ് ആരോപണം. കഴിഞ്ഞ മാർച്ചിൽ ഇവർ വിചാരണയ്ക്ക് വിധേയരായിരുന്നു. ഇവരുടെ ജാമ്യാപേക്ഷകൾ നിരവധി തവണ തള്ളിയിരുന്നു. തുടർന്നാണ് വധശിക്ഷ വിധിച്ചത്.
ദുബായിൽ നടന്ന കാലാവസ്ഥാ ഉച്ചകോടിയ്ക്കിടെ (കോപ് 28) പ്രധാനമന്ത്രി നരേന്ദ്ര മോദി ഖത്തർ ഭരണാധികാരി ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയെ സന്ദർശിച്ച് ആഴ്ചകൾക്ക് ശേഷമാണ് വധശിക്ഷ ഇളവ് ചെയ്തത്. കൂടിക്കാഴ്ചയിൽ ഉദ്യോഗസ്ഥരുടെ വധശിക്ഷ സംബന്ധിച്ച വിഷയവും ചർച്ചയായി എന്ന് റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ ഇത് സംബന്ധിച്ച് സ്ഥിരീകരണം ഒന്നും ലഭിച്ചിരുന്നില്ല. വധശിക്ഷയുമായി ബന്ധപ്പെട്ട് ഖത്തറിൽ നിന്ന് ഔദ്യോഗിക വിവരം ലഭിച്ച ഉടൻ തന്നെ ഇവരുടെ മോചനത്തിനായി ഇന്ത്യ നയതന്ത്ര തലത്തിൽ നടപടി തുടങ്ങിയിരുന്നു.