hair-

ഇന്ന് മിക്കയാളുകളും നേരിടുന്ന സൗന്ദര്യ പ്രശ്നമാണ് അകാല നര. മാനസിക സമ്മർദവും, പാരമ്പര്യവും, പോഷകാഹാരക്കുറവും, കെമിക്കലുകളുടെ ഉപയോഗം തുടങ്ങി നിരവധി കാരണങ്ങൾ കൊണ്ടാണ് നര ബാധിക്കുന്നത്.

മാർക്കറ്റിൽ കിട്ടുന്ന ഡൈ ഉപയോഗിച്ച് അകാലനരയെ ചെറുക്കാനാണ് മിക്കവരും ശ്രമിക്കുന്നത്. എന്നാൽ കെമിക്കലുകൾ ചേർത്തുള്ള ഇത്തരം ഡൈ പാർശ്വഫലങ്ങൾ ഉണ്ടാക്കാൻ വരെ സാദ്ധ്യതയുണ്ട്. കെമിക്കലുകളൊന്നും ഉപയോഗിക്കാതെ തികച്ചും നാച്വറലായി മുടിയുടെ സ്വാഭാവിക നിറം തിരികെ കൊണ്ടുവരാൻ സാധിച്ചാൽ അതല്ലേ ഏറ്റവും നല്ലത്. അതിനുള്ള ഔഷധം നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കാം. പനിക്കൂർക്ക, കറിവേപ്പില, നീലയമരി, വെളിച്ചെണ്ണ, മൈലാഞ്ചിയില,കരിഞ്ചീരകം, ഉണക്ക നെല്ലിക്ക എന്നിവയൊക്കെയാണ് ഈ എണ്ണയുണ്ടാക്കാൻ വേണ്ടത്.

തയ്യാറാക്കുന്ന വിധം

കരിഞ്ചീരകവും ഉണക്കനെല്ലിക്കയും കട്ടിയുള്ള ഒരു പാത്രത്തിലിട്ട് നന്നായി ചൂടാക്കുക. കരിഞ്ഞുപോകാതിരിക്കാൻ ശ്രദ്ധിക്കണം. ചൂടാറിയ ശേഷം മിക്സിയുടെ ജാറിലിട്ട് പൊടിച്ചെടുക്കുക. ഇനി ഒരു പാത്രത്തിൽ കുറച്ച് വെളിച്ചെണ്ണ ഒഴിച്ചുകൊടുക്കുക. ഇതിലേക്ക് രണ്ട് ടേബിൾ സ്പൂൺ ആവണക്കെണ്ണയും ഒഴിച്ചുകൊടുക്കുക. ശേഷം കരിഞ്ചീരകവും നെല്ലിക്കയും പൊടിച്ചതുകൂടി ഇതിലേക്ക് ചേർത്തുകൊടുക്കുക.


ഇനി ഇതിലേക്ക് ഒരു ടേബിൾസ്പൂൺ നീലയമരി ചേർത്ത് നന്നായി യോജിപ്പിക്കുക. ഈ എണ്ണയിലേക്ക് പനിക്കൂർക്കയും കറിവേപ്പിലും മൈലാഞ്ചിയിലയും ചെറിയ കഷ്ണങ്ങളാക്കി ചേർത്തുകൊടുക്കുക. നന്നായി മിക്സ് ചെയ്യുക. ശേഷം ഒരു പാത്രത്തിൽ വെള്ളം അടുപ്പിൽ വയ്ക്കുക. ഈ വെള്ളത്തിലേക്ക് തയ്യാറാക്കിവച്ചിരിക്കുന്ന എണ്ണ വച്ചുകൊടുക്കാം. പത്ത് മിനിട്ട് നന്നായി ചൂടാക്കുക. എണ്ണയുള്ള പാത്രം നേരിട്ട് അടുപ്പിലേക്ക് വയ്ക്കരുത്. പത്ത് മിനിട്ടിന് ശേഷം അടുപ്പിൽ നിന്നിറക്കിവയ്ക്കാം. ഇതൊരു കുപ്പിയിൽ അടച്ച് സൂക്ഷിക്കാം.

ഈ എണ്ണ പതിവായി തലയോട്ടിയിൽ തേച്ചുകൊടുക്കണം. ശേഷം നന്നായി മസാജ് ചെയ്തു കൊടുക്കുകയും വേണം. നരയ്‌ക്കൊപ്പം തന്നെ മുടികൊഴിച്ചിലകറ്റാനും ഈ എണ്ണ സഹായിക്കും. അതേസമയം തേച്ചയുടൻ തന്നെ മുടി കറുക്കുമെന്ന് പ്രതീക്ഷിക്കരുത്. നാച്വറൽ ആയതിനാൽത്തന്നെ പതിയെ മാത്രമേ റിസൽട്ട് കിട്ടുകയുള്ളൂ.