
കൊച്ചി: ആഗോള മേഖലയിലെ അനുകൂല ചലനങ്ങളുടെ കരുത്തിൽ ഇന്ത്യൻ ഓഹരി വിപണിയിൽ ചരിത്ര മുന്നേറ്റം തുടരുന്നു. ലോകത്തിലെ പ്രമുഖ നാണയങ്ങൾക്കെതിരെ ഡോളർ ദുർബലമാകുന്നതാണ് ഇന്ത്യ ഉൾപ്പെടെയുള്ള മികച്ച സാദ്ധ്യതയുള്ള സാമ്പത്തിക മേഖലയിലേക്ക് വിദേശ നിക്ഷേപ ഒഴുക്ക് ശക്തമാക്കുന്നത്. ഇതോടെ ബോംബെ ഓഹരി സൂചികയായ സെൻസെക്സ് 372 പോയിന്റ് ഉയർന്ന് 72,410.38ൽ അവസാനിച്ചു. ദേശീയ സൂചികയായ നിഫ്റ്റി 124 പോയിന്റ് നേട്ടവുമായി 21,778.70ൽ വ്യാപാരം പൂർത്തിയാക്കി. തുടർച്ചയായ അഞ്ചാം ദിനമാണ് ഓഹരി സൂചികകൾ പുതിയ ഉയരങ്ങൾ താണ്ടി മുന്നേറുന്നത്.
ലോകത്തിലെ പ്രമുഖ നാണയങ്ങൾക്കെതിരെ ഡോളർ ദുർബലമായതോടെ മികച്ച വരുമാനം നേടുന്ന ഇന്ത്യയിൽ നിക്ഷേപിക്കാൻ വിദേശ ധനസ്ഥാപനങ്ങൾക്ക് ആവേശം ഏറുകയാണ്. ജി.ഡി.പിയിലെ മികച്ച വളർച്ചയും വ്യാപാര. കറന്റ് അക്കൗണ്ട് കമ്മിയിലുണ്ടായ കുറവും ആഗോള തലത്തിൽ പലിശ കുറയാനുള്ള സാദ്ധ്യതയും ഓഹരികൾക്ക് നിക്ഷേപ താത്പര്യം വർദ്ധിപ്പിക്കുന്നു. രാജ്യാന്തര ഫണ്ടുകൾ ചൈനയിലെ ഓഹരികൾ വിറ്റുമാറി ഇന്ത്യയിലേക്ക് പണമൊഴുക്കുകയാണ്. ഇന്നലെ മാത്രം ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണി മൂല്യത്തിൽ 1.7 ലക്ഷം കോടി രൂപയുടെ വർദ്ധനയുണ്ട്.
കരുത്താർജിച്ച് രൂപ
കൊച്ചി: ഓഹരി വിപണിയിലേക്കുള്ള വിദേശ നിക്ഷേപ ഒഴുക്കും എണ്ണ വിലയിലെ ഇടിവും മൂലം നിക്ഷേപകർ വാങ്ങൽ മോഡിലേക്ക് നീങ്ങിയതോടെ അമേരിക്കൻ ഡോളറിനെതിരെ രൂപയുടെ മൂല്യം 17 പൈസ വർദ്ധിച്ച് 83.17ൽ അവസാനിച്ചു. രണ്ട് വ്യാപാര ദിനങ്ങളിലെ നഷ്ടം നികത്തിയാണ് രൂപ ശക്തമായി തിരിച്ചുകയറിയത്. . ലോകത്തിലെ പ്രമുഖ നാണയങ്ങൾക്കെതിരെ ഡോളർ ദുർബലമായതും രൂപയ്ക്ക് കരുത്തായി. ഇന്നലെ ഡോളറിനെതിരെ 83.33 ലാണ് രൂപ വ്യാപാരം ആരംഭിച്ചത്.