
ന്യൂയോർക്ക് : 2024 പിറക്കാൻ ഇനി വെറും രണ്ട് ദിവസം മാത്രം. ഓരോ പുതുവർഷ പിറവിയും പുത്തൻ പ്രതീക്ഷകളോടെയാണ് നാം വരവേൽക്കുന്നത്. ഇതിനിടെ കടന്നുപോയ വർഷത്തെ പറ്റിയും വരാനിരിക്കുന്ന വർഷത്തെയും പറ്റിയൊക്കെ കൗതുകകരമായ വാർത്തകൾ സോഷ്യൽ മീഡിയയിൽ നിറയാറുണ്ട്. അത്തരത്തിൽ പുതുവർഷത്തിന് മുന്നോടിയായി ചില പ്രവചനങ്ങളും വ്യാപകമായി പ്രചരിക്കുന്നുണ്ട്. ബാൽക്കണിന്റെ നോസ്ട്രഡാമസ് എന്നറിയപ്പെടുന്ന അന്ധയായ ബാബാ വാംഗയുടെയും ഫ്രഞ്ച് ജ്യോതിഷി നോസ്ട്രഡാമസിന്റെയും പേരിലെ ചില പ്രവചനങ്ങളാണ് ചൂടുപിടിക്കുന്നത്. ഇരുവരെയും പറ്റി കേൾക്കാത്തവർ ചുരുക്കമായിരിക്കും. ലോകത്ത് എന്ത് സംഭവവികാസങ്ങളുണ്ടായാലും 16ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന നോസ്ട്രഡാമസും 1996ൽ 84ാം വയസിൽ അന്തരിച്ച ബാബ വാംഗയും അവ പ്രവചിച്ചിരുന്നു എന്ന് അവകാശപ്പെട്ട് രംഗത്തെത്തുന്നവർ നിരവധിയാണ്. ഈ വാദങ്ങൾക്കൊന്നും അടിത്തറയില്ലെന്നും ഇരുവരുടേയും എന്ന പേരിൽ വാമൊഴിയായി പ്രചരിക്കുന്ന പലതും കെട്ടുകഥകളാണെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.
ബാബ വാംഗ
ബൾഗേറിയയിൽ ജനിച്ച ബാബാ വാംഗയ്ക്ക് 12ാം വയസിലാണ് കാഴ്ച ശക്തി നഷ്ടപ്പെടുന്നത്. രണ്ടാം ലോകമഹായുദ്ധകാലത്ത് പ്രവചനങ്ങൾ നടത്താൻ തുടങ്ങിയതോടെയാണ് അവർ പ്രശസ്തി നേടിയത്. ബ്രെക്സിറ്റ്, അമേരിക്കയിലെ വേൾഡ് ട്രേഡ് സെന്റർ ദുരന്തം, ചെർണോബിൽ അപകടം, ഡയാന രാജകുമാരിയുടെ മരണം തുടങ്ങിയവയൊക്കെ ബാബ വാംഗ പ്രവചിച്ചെന്ന് പരക്കെ പറയപ്പെടുന്നുണ്ട്. 1996ൽ 84ാം വയസിലാണ് വാംഗ അന്തരിച്ചത്. കൂറ്റൻ സുനാമി, ഭീകരമായ ഭൂകമ്പം, ഛിന്നഗ്രഹ പതനം തുടങ്ങി ഭാവിയിൽ വരാനിരിക്കുന്ന ദുരന്തങ്ങളെ പറ്റിയും വാംഗ പ്രവചിച്ചെന്ന് കഥകളുണ്ട്. 2023 അവസാനിക്കുന്നതിന് മുമ്പ് ഒരു ആണവ ദുരന്തം ഭൂമിയെ കീറിമുറിക്കുമെന്ന് ബാബ വാംഗ പ്രവചിച്ചെന്ന് സോഷ്യൽ മീഡിയയിൽ വ്യാപക പ്രചാരണമുണ്ടായിരുന്നു. സൈബീരിയയിൽ നിന്നുള്ള ഒരു വൈറസ് ലോകത്ത് മഹാമാരിയ്ക്ക് കാരണമാകുമെന്ന് ബാബ വാംഗ പ്രവചിച്ചിട്ടുണ്ടെന്നാണ് മറ്റൊരു അവകാശവാദം. കഴിഞ്ഞ വർഷം റഷ്യയിലെ സൈബീരിയൻ പെർമാഫ്രോസ്റ്റിൽ നിന്ന് കണ്ടെത്തിയ 48,500 വർഷം പഴക്കമുള്ള ഒരു വൈറസിനെ ഗവേഷകർ പുനരുജ്ജീവിപ്പിച്ചിരുന്നു. ഇതുവരെ ശാസ്ത്രലോകത്തിന് തിരിച്ചെത്തിക്കാനായ ഏറ്റവും പഴക്കംചെന്ന വൈറസാണിതെന്ന് കരുതുന്നു. ഇതിനെയും ബാബ വാംഗയുടെ പ്രവചനമെന്ന പേരിൽ വ്യാജ പ്രചാരണങ്ങൾ സൃഷ്ടിക്കാൻ ശ്രമിച്ചവർ നിരവധിയാണ്.
പുട്ടിനെതിരെ വധശ്രമം
റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനെ സ്വന്തം രാജ്യത്ത് നിന്നുള്ള ഒരാൾ വധിക്കുമെന്ന് വാംഗ പ്രവചിച്ചത്രെ. യുക്രെയിൻ അധിനിവേശം ആരംഭിച്ച ശേഷം പുട്ടിന് നേരെ വധശ്രമമുണ്ടായെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു
യൂറോപ്പിലെ ഭീകരാക്രമണം
യൂറോപ്പിൽ ഭീകരാക്രമണങ്ങൾ കൂടും. ഒരു വലിയ രാജ്യം ജൈവായുധ പരീക്ഷണമോ ആക്രമണമോ നടത്തും
സാമ്പത്തിക മാദ്ധ്യം
വൻ സാമ്പത്തിക മാദ്ധ്യമുണ്ടാകും. ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങൾ വർദ്ധിക്കും. പടിഞ്ഞാറൻ രാജ്യങ്ങളിൽ നിന്ന് കിഴക്കൻ രാജ്യങ്ങളിലേക്ക് സാമ്പത്തിക ശക്തി കൈവരും
ശാസ്ത്ര വഴിത്തിരിവ്
വൈദ്യശാസ്ത്ര രംഗത്ത് സുപ്രധാന വഴിത്തിരിവുകളുണ്ടാകും. പ്രതിവിധിയില്ലാത്ത രോഗങ്ങൾക്ക് ചികിത്സ കണ്ടെത്തും. ക്യാൻസറിന് മരുന്ന് കണ്ടെത്തും
------------------------------------------------
നോസ്ട്രഡാമസ്
1503ൽ ഫ്രാൻസിൽ ജനിച്ച നോസ്ട്രഡാമസ് ഒരു ജ്യോതിഷിയും വൈദ്യശാസ്ത്രജ്ഞനും ആയിരുന്നു. മൈക്കൽ ഡി നോസ്ട്രഡാം എന്ന നോസ്ട്രഡാമസിന്റെ പ്രവചനങ്ങൾ ' ലെസ് പ്രൊഫെറ്റീസ് ' എന്ന പേരിൽ 1555ലാണ് പ്രസിദ്ധീകരിച്ചത്. ലോകത്ത് ഇന്നേവരെയുണ്ടായ ചരിത്രപ്രധാനമായ പല സംഭവവികാസങ്ങളും നോസ്ട്രഡാമസ് ഈ പുസ്തകത്തിൽ പ്രവചിച്ചിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്. 1666ൽ ലണ്ടൻ നഗരത്തിലെ തീപിടിത്തം, ജോൺ എഫ്. കെന്നഡിയുടെ വധം, ഹിറ്റ്ലർ, ഫ്രഞ്ച് വിപ്ലവം, നോപ്പോളിയൻ ബോണപ്പാർട്ട്, ഹിരോഷിമയിലെയും നാഗസാക്കിയിലെയും അറ്റോമിക് ബോംബ് ആക്രമണം, വേൾഡ് ട്രേഡ് സെന്റർ ആക്രമണം, അപ്പോളോ ദൗത്യം, ചലഞ്ചർ സ്പെയ്സ് ഷട്ടിൽ ദുരന്തം, കൊവിഡ് മഹാമാരി, യുക്രെയിൻ യുദ്ധം തുടങ്ങിയവ ഒക്കെ നോസ്ട്രഡാമസിന്റെ പ്രവചങ്ങളുമായി ബന്ധിപ്പിക്കുന്നവർ ഏറെയാണ്. സ്വന്തം മരണം പോലും നോസ്ട്രഡാമസ് പ്രവചിച്ചിരുന്നതായാണ് മറ്റൊരു വാദം. 1566 ജൂലായ് 2ന് 62ാം വയസിലാണ് നോസ്ട്രഡാമസ് അന്തരിച്ചത്. നോസ്ട്രഡാമസിന്റെ കല്ലറ ഇന്നും ദക്ഷിണ ഫ്രാൻസിൽ കാണാം. നോസ്ട്രഡാമസിന്റെ കൃതിയിൽ നാലുവരി വീതമുള്ള കവിതകൾ കാണാം. ഇവ അവ്യക്തവും അർത്ഥം മനസിലാക്കാൻ വളരെ പ്രയാസമുള്ളതുമാണ്. നിശ്ചിത സ്ഥലങ്ങളോ സംഭവങ്ങളോ ഒന്നും വരികളിൽ കാണാനാകില്ല. അതുകൊണ്ട് തന്നെ ഇവ എങ്ങനെ പ്രവചനങ്ങളായി കണക്കാക്കുമെന്നാണ് പലരും ചോദിക്കുന്നത്. നോസ്ട്രഡാമസിന്റെ കവിതകളിലെ യാഥൃശ്ചികതയെ ലോകത്തുണ്ടായ സംഭവവികാസങ്ങളുമായി ബന്ധപ്പെടുത്താനാണ് പലരും ശ്രമിക്കുന്നതെന്നും എന്നാൽ ഇതിൽ അടിസ്ഥാനമില്ലെന്നും ഗവേഷകർ പറയുന്നു.
കാലാവസ്ഥാ തകർച്ച
- വരൾച്ച, പ്രളയം, പട്ടിണി, സുനാമി, രോഗങ്ങൾ തുടങ്ങിയവയുണ്ടാകും
ചൈനയുമായുള്ള നാവിക ഏറ്റുമുട്ടൽ
- നിലവിൽ ദക്ഷിണ ചൈനാക്കടലിലും തായ്‌വാന് ചുറ്റും ചൈന പ്രകോപനങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ചൈനയെ ചുവന്ന എതിരാളിയെന്നാണത്രെ നോസ്ട്രഡാമസ് തന്റെ കവിതയിൽ വിശേഷിപ്പിക്കുന്നതത്രെ
ചാൾസ് മൂന്നാമന്റെ സ്ഥാനമൊഴിയൽ
- ചാൾസ് സ്ഥാനമൊഴിയുമെന്നും പകരം പ്രതീക്ഷിക്കാത്ത ഒരാൾ രാജാവാകുമെന്നും പ്രവചനം. ഇത് രാജകുടുംബത്തിൽ നിന്ന് അകന്ന് കഴിയുന്ന ഹാരി രാജകുമാരൻ ആകാമെന്ന് ചിലർ വാദിക്കുന്നു
യുവ മാർപ്പാപ്പ
പ്രായാധിക്യം മൂലം മരിക്കുന്ന മാർപ്പാപ്പയ്ക്ക് പകരക്കാരനായ ഒരു യുവ റോമൻ പുതിയ മാർപ്പാപ്പയായി ചുമതലയേൽക്കുമെന്ന് പ്രവചിച്ചെന്ന് പ്രചാരണം