
കൊച്ചി: വിപണിയിൽ പണലഭ്യത കുറഞ്ഞതോടെ രാജ്യത്തെ പ്രമുഖ ബാങ്കുകൾ നിക്ഷേപങ്ങളുടെ പലിശ ഉയർത്തുന്നു. കഴിഞ്ഞ ദിവസം പ്രമുഖ പൊതു മേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ(എസ്.ബി.ഐ) വിവിധ കാലാവധിയിലുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് അര ശതമാനം വർദ്ധിപ്പിച്ചിരുന്നു.
ഏഴ് മുതൽ 45 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങളുടെ പലിശ ഇതോടെ മൂന്ന് ശതമാനത്തിൽ നിന്നും 3.5 ശതമാനമായി. മുതിർന്ന പൗരന്മാർക്ക് ഈ കാലാവധിയിൽ നാല് ശതമാനം പലിശ ലഭിക്കും. 46 ദിവസം മുതൽ 179 ദിവസം വരെ പലിശ നിരക്ക് 0 .25 ശതമാനം ഉയർത്തി 4.75 ശതമാനമാക്കി. മുതിർന്ന പൗരന്മാർക്ക് 5.25 ശതമാനം പലിശ ലഭിക്കും.
180 ദിവസം മുതൽ 210 ദിവസം വരെ 5.75 ശതമാനവും ഒരു വർഷത്തിൽ താഴെയുള്ള നിക്ഷേപങ്ങൾക്ക് ആറ് ശതമാനവും പലിശ ലഭിക്കും. ബാങ്ക് ഒഫ് ഇന്ത്യ, ഫെഡറൽ ബാങ്ക്, കോട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയവയും ഈ മാസം നിക്ഷേപങ്ങളുടെ പലിശ വർദ്ധിപ്പിച്ചിരുന്നു.