shilpa

തിരുവനന്തപുരം: വിവാഹത്തിന് വ്യത്യസ്തത കൊണ്ടുവരാൻ ഇഷ്ടപ്പെടുന്നവരാണ് ഇന്നത്തെ തലമുറ. ഇതിനായി പലവിധ തീമുകൾ ഇവർ തിരഞ്ഞെടുക്കാറുമുണ്ട്. സേവ് ദി ഡേറ്റ് ഫോട്ടോഷൂട്ട്, പ്രി- വെഡ്ഡിംഗ് ഫോട്ടോഷൂട്ട് എന്നിവയ്ക്കാണ് മിക്കവാറും പേരും പലവിധ തീമുകൾ തിരഞ്ഞെടുക്കുന്നത്. പക്ഷേ വിവാഹദിനത്തിൽ കേരളീയ വസ്‌ത്രങ്ങൾ തന്നെയാവും കൂടുതൽ പേരും തിരഞ്ഞെടുക്കുക. എന്നാൽ ഇവരിൽ നിന്നെല്ലാം വ്യത്യസ്തരാവുകയാണ് തിരുവനന്തപുരത്ത് നിന്നുള്ള യുവതിയും യുവാവും. കളരിപ്പയറ്റിന്റെ പരമ്പരാഗത വേഷത്തിലാണ് ഇരുവരും കതിർമണ്ഡപത്തിലെത്തിയത്.

തിരുവനന്തപുരം നരുവാമൂട് സ്വദേശികളായ രാഹുലും ശിൽപാകൃഷ്‌ണയുമാണ് കളരി വേഷത്തിൽ വിവാഹ പന്തലിലെത്തിയത്. കളരി പരിശീലകരും അഭ്യാസികളുമാണ് രാഹുലും ശിൽപയും.12ാം വയസിൽ കളരി പഠിക്കാനെത്തിയപ്പോഴാണ് രാഹുൽ ശിൽപയെ ആദ്യമായി കണ്ടുമുട്ടുന്നത്. പിന്നീട് പരിശീലനം ഒരുമിച്ചായിരുന്നു. തുടർ‌ന്നാണ് വിവാഹത്തിനും കളരിയെ ഇരുവരും കൂട്ടുപിടിച്ചത്.

ഇന്ന് നേമം അഗസ്‌ത്യം കളരിത്തറയിലാണ് ഇരുവരും വിവാഹിതരായത്. പരമ്പരാഗത കളരി രീതികളും പശ്ചാത്തലങ്ങളുമാണ് വിവാഹത്തിനായി ഉപയോഗിച്ചത്. കളരിത്തറയിൽ പന്തൽ കെട്ടി ഗുരുക്കൻമാർക്കും വിദ്യാർത്ഥികൾക്കും മുന്നിൽ മാലയിട്ട് ലളിതമായ ചടങ്ങുകളോടെയാണ് രാഹുലും ശിൽപയും വിവാഹിതരായത്. ചടങ്ങിന് ശേഷം കളരിയ്ക്ക് പുറത്ത് സദ്യയൊരുക്കിയിരുന്നു. കളരിയുടെ പശ്ചാത്തലത്തിൽ കളരി വേഷവിധാനങ്ങളോടെ കേരളത്തിൽ നടക്കുന്ന ആദ്യ വിവാഹമാണ് ഇവരുടേത്.

സെക്രട്ടറിയേറ്റിലെ ജോലിയിൽ നിന്ന് ദീർഘകാലം അവധിയെടുത്ത രാഹുൽ കളരിയിൽ കൂടുതലായി ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. ശിൽപ എഞ്ചിനീയറിംഗ് ബിരുദധാരിയാണ്.