mayabatji

ന്യൂഡൽഹി: പാർട്ടി അദ്ധ്യക്ഷ മായാവതിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചാൽ "ഇന്ത്യ" മുന്നണിയിൽ ചേരുമെന്ന് ബി.എസ്.പി നേതാവ് മലൂക് നഗർ. കോൺഗ്രസിന് പ്രധാനമന്ത്രിയാകാൻ ദളിത് മുഖമാണ് വേണ്ടതെങ്കിൽ മായാവതിയേക്കാൾ മികച്ച മറ്റൊരാൾ ഇല്ലെന്നും പറഞ്ഞു. ദേശീയ മാദ്ധ്യമത്തിനു നൽകിയ അഭിമുഖത്തിലായിരുന്നു പരാമർശം.

ബി.എസ്.പി എം.എൽ.എമാരെ അവർക്കൊപ്പം കൂട്ടിയതിന് കോൺഗ്രസ് മായാവതിയോട് മാപ്പു പറയണം. മായാവതിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാക്കിയാൽ മാത്രമേ 'ഇന്ത്യ"യ്ക്ക് അടുത്ത തിരഞ്ഞെടുപ്പിൽ ബി.ജെ.പിയെ നേരിടാനാകു. ഉത്തർപ്രദേശിൽ 13.5 ശതമാനം വോട്ടുവിഹിതമുണ്ട്. ഞങ്ങൾക്ക് 60ലേറെ സീറ്റ് നേടാനാകുമെന്നും പറഞ്ഞു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളും ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നിർദ്ദേശിച്ചിരുന്നു.

സമാജ്‌വാദി പാർട്ടിയുമായി ഭിന്നതയുണ്ടെന്ന വാദം തള്ളിയ എം.പി, മായാവതി 'ഇന്ത്യ"യിൽ ചേരുന്നതിനെ അഖിലേഷ് യാദവ് എതിർത്തിട്ടില്ലെന്നും പറഞ്ഞു. എന്നാൽ മദ്ധ്യപ്രദേശ് തിരഞ്ഞെടുപ്പിൽ സീറ്റ് നൽകാത്തതിൽ അഖിലേഷിന് അമർഷമുണ്ട്. യാദവ സമുദായത്തിന്റെ വോട്ട് നേടാനാവാത്തതാണ് അവിടെ കോൺഗ്രസ് തോൽക്കാൻ കാരണം. കോൺഗ്രസിന്റെ പിടിവാശി ഒഴിവാക്കണമെന്നും പറഞ്ഞു. 'ഇന്ത്യ" മുന്നണിയിൽ ചേരില്ലെന്ന നിലപാടാണ് മായാവതി ആദ്യം മുതൽ സ്വീകരിച്ചിരുന്നത്.