
ജനാധിപത്യത്തിൽ ഭരണപക്ഷത്തിനൊപ്പം പ്രാധാന്യത്തോടെ രാഷ്ട്രീയ നിർണ്ണയങ്ങളിൽ ഇടപെടേണ്ടവരാണ് പ്രതിപക്ഷം. ദൗർഭാഗ്യമെന്നു പറയട്ടെ, കേരളത്തിലെ പ്രതിപക്ഷം കുറുപ്പില്ലാ കളരി പോലെയാണ് പ്രവർത്തിക്കുന്നത്. ജനപക്ഷ വിഷയങ്ങളിൽ ഭരണകൂടത്തോട് യോജിച്ചും, ജനവിരുദ്ധ വിഷയങ്ങളിൽ ശക്തമായ ജനമുന്നേറ്റം ആസൂത്രണം ചെയ്ത് നടപ്പാക്കിയും ജനാധിപത്യത്തെ സക്രിയമാക്കുന്നതിലൂടെയാണ് പ്രതിപക്ഷം ജനാധിപത്യത്തെ നിലനിർത്തുന്നത്. പ്രതിപക്ഷം ഏറ്റെടുക്കേണ്ട പല വിഷയങ്ങളും ഏറ്റെടുത്ത് ജനങ്ങളുടെ ശബ്ദമാകുന്നതിൽ അവർ പരാജയപ്പെട്ടതു കൊണ്ടാണ് കേരളം ഇതുവരെ സാക്ഷ്യം വഹിച്ചിട്ടില്ലാത്ത വിധത്തിലുള്ള ജനാധിപത്യ വിരുദ്ധതയിൽ ഊന്നിയ ഭരണത്തിന് ജനങ്ങൾ കാഴ്ചക്കാരാകേണ്ടി വരുന്നത്.
പ്രതിപക്ഷം ഏറ്റെടുക്കേണ്ട ധാർമ്മിക ചുമതല ഏറ്റെടുത്തതു കൊണ്ടാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിഷ്പക്ഷ ജനങ്ങളുടെ ശബ്ദമാകുന്നതും, തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളേക്കാൾ പൊതുജനം ഗവർണറെ സ്വീകരിക്കുന്നതും. നവകേരള യാത്രയുടെ ഓരങ്ങളിൽ നിന്ന് കരിങ്കൊടി വീശുന്ന ഒന്നോ രണ്ടോ പ്രതിഷേധക്കാരെ പിണറായിസേന വളഞ്ഞിട്ട് ആക്രമിക്കുമ്പോഴും, സ്വാഭാവികമായും കേരളത്തിലെ ഭൂരിപക്ഷം വരുന്ന ജനാധിപത്യ വിശ്വാസികൾ അന്വേഷിക്കുന്നത് മുഖ്യപ്രതിപക്ഷമായ കോൺഗ്രസിനെയാണ്. വിലക്കയറ്റവും തൊഴിലില്ലായ്മയും ധൂർത്തും സാമ്പത്തിക പ്രതിസന്ധിയും മറ്റും നിറഞ്ഞു നിൽക്കുന്നതിനാൽ ഭരണകൂടത്തിന് എതിരായ സമര പരമ്പരകളാൽ മുഖരിതമാകേണ്ട ഈ സമയത്ത്, അത്തരം പ്രതിഷേധങ്ങളെ മുന്നിൽ നിന്നു നയിക്കേണ്ട കോൺഗ്രസ് വെറും പ്രസ്താവനാ പാർട്ടിയായി അധഃപതിച്ചുവെന്ന് തിരിച്ചറിയുന്നത് അത്യന്തം വേദനിപ്പിക്കുന്നതാണ്.
ഒടുവിൽ നവകേരളത്തിന്റെ ആഡംബര ബസ് തലസ്ഥാനത്ത് എത്തേണ്ടിവന്നു, ജനങ്ങളുടെ കണ്ണിൽ പൊടിയിടാനെന്ന പോലെ കോൺഗ്രസ് നേതൃത്വത്തിന്റെ ഇടപെടൽ ഉണ്ടാകാൻ. ഇവിടെയാണ്, രാഷ്ടീയം മറന്ന പ്രതിപക്ഷ പാർട്ടികളുടെ കാപട്യം തുറന്നുകാട്ടപ്പെടുന്നത്. പ്രതിപക്ഷം എന്നത് കോൺഗ്രസിനെ മാത്രമായല്ല വിലയിരുത്തേണ്ടത്. വല്യേട്ടൻ എറിഞ്ഞുകൊടുക്കുന്ന അപ്പക്കഷണങ്ങൾ നുണഞ്ഞ്, അടുത്ത എല്ലിൻ കഷണങ്ങൾക്കു കാത്തുനിൽക്കുകയും, അവസരം വരുമ്പോൾ അധികാരത്തിനായി ഉടുപ്പു തയ്ക്കുകയും ചെയ്യുന്ന ഘടകകക്ഷികളും ജനത്തിന് വലിയ ബാദ്ധ്യതയാണ്. ജനാധിപത്യത്തിലെ പ്രതിഷേധത്തിന്റെയും ക്രിയാത്മക ഇടപെടലുകളുടെയും തന്ത്രങ്ങൾ മറന്ന് അടിക്ക് തിരിച്ചടി എന്ന പ്രതിപക്ഷ രാഷ്ട്രീയമല്ല, നട്ടെല്ലൊടിഞ്ഞ് ജീവിതം വഴിമുട്ടിയ സാധാരണക്കാർ കോൺഗ്രസിൽ നിന്ന് പ്രതീക്ഷിക്കുന്നത്.
പൊലീസും ഗൺമാൻമാരും പാർട്ടിയിലെ കൂലിത്തല്ലുകാരും സ്വന്തം പ്രവർത്തകരെ അടിച്ചൊതുക്കിയപ്പോൾ, കേവലം എഫ്.ബി, ട്വിറ്റർ പോസ്റ്റുകളിലും പത്രസമ്മേളനത്തിലും പത്തിവിടർത്തി കോമാളിയാകുന്ന കോൺഗ്രസ് നേതാക്കളുടെ നനഞ്ഞു പിന്നിയ പ്രകടനം നടമാടുമ്പോഴാണ്, എസ്,എഫ്.ഐയോട് തെരുവിൽ കൊമ്പുകോർത്ത് ഗവർണർ ശ്രദ്ധ നേടുന്നത്. ഒരു ഗവർണർ തെരുവിലെ പ്രതിഷേധങ്ങളോട് അതേ ആവേശത്തോടെ കൊമ്പുകോർക്കുന്ന പ്രതികരണം അംഗീകരിക്കാനാകില്ലെന്ന് അടിവരയിട്ട് പറയുമ്പോഴും, കേരളത്തിന്റെ സർവ ദിക്കിലും അശ്വമേധ ഗർവോടെ ബസുമായി കടന്നു ചെന്ന് ഭീതിയുടെ രാഷ്ട്രീയം വിതച്ച് മുന്നേറുന്നവരെ വെല്ലുവിളിക്കാൻ ഗവർണറല്ലാതെ വേറൊരു നേതാവോ പ്രസ്ഥാനമോ ഇല്ലായിരുന്നുവെന്ന് പറയാതെ വയ്യ.
ജനാധിപത്യമെന്നും ജനപക്ഷമെന്നും മൈക്ക് കെട്ടി വിയർക്കാതെ പ്രസംഗം നിർത്തി, ശക്തമായ പ്രതിപക്ഷമായി നിൽക്കാൻ കേരളത്തിലെ പ്രതിപക്ഷ പാർട്ടികൾക്ക് ആർജ്ജവമില്ലെങ്കിൽ ഭരണകൂടത്തോടൊപ്പം നിന്ന് പൊതുജനത്തിന് നികുതി ഭാരം നൽകി മൃതിയിൽ മാഞ്ഞു പോകുന്ന വിധിയായിരിക്കും നിയതി അവർക്കായി കാത്തുവയ്ക്കുന്നത്. ഒരു ഷോക്ക് ട്രീറ്റ്മെന്റ് ആയി ഡൽഹിയിൽ ആപ് ഉയർന്നുവന്നതു പോലെ, കർഷകർ പൊരുതിയതു പോലെ ഇവരെയൊക്കെ രാഷ്ട്രീയധർമ്മം പഠിപ്പിക്കാൻ ത്രാണിയുള്ള ഒരു മുന്നേറ്റത്തിനാണ് കേരളം കാത്തിരിക്കുന്നത്.