cricket

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യ ഇന്നിംഗ്സിനും 32 റൺസിനും തോറ്റു

സെഞ്ചൂറിയൻ : ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനത്തിൽതന്നെ ഇന്നിംഗ്സ് തോൽവി ഏറ്റുവാങ്ങി ഇന്ത്യ. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 245 റൺസനെതിരെ ഇന്നലെ 408 റൺസിൽ ഒന്നാം ഇന്നിംഗ്സ് അവസാനിപ്പിച്ച് 163 റൺസിന്റെ ലീഡ് നേടിയ ആതിഥേയർ ഇന്ത്യയു‌ടെ രണ്ടാം ഇന്നിംഗ്സ് വെറും 131 റൺസിൽ അവസാനിപ്പിച്ച് ഇന്നിംഗ്സിനും 32 റൺസിനും വിജയിക്കുകയായിരുന്നു. ഇതോടെ രണ്ട് മത്സരപരമ്പരയിലും ദക്ഷിണാഫ്രിക്കയ്ക്ക് മേൽക്കൈയായി.

മൂന്നാം ദിവസമായ ഇന്നലെ 256/5 എന്ന സ്കോറിൽ ഒന്നാം ഇന്നിംഗ്സ് പുനരാരംഭിക്കാനെത്തിയ ദക്ഷിണാഫ്രിക്ക 152 റൺസ് കൂടി നേടിയശേഷമാണ് ആൾഒൗട്ടായത്. ഡീൻ എൽഗാർ(185), മാർക്കോ യാൻസൻ (84*), ബേഡിംഗ്ഹാം (56) എന്നിവരാണ് ആതിഥേയ ബാറ്റിംഗിൽ തിളങ്ങിയത്. ഇന്നലെ 140 റൺസുമായി എൽഗാറും മൂന്ന് റൺസുമായി യാൻസനും കളി തുടരാനെത്തിയപ്പോൾ ആദ്യ സെഷനിൽ ഇന്ത്യൻ ബൗളർമാർ ശരിക്കും വലഞ്ഞു. ലഞ്ചിന് പിരിയുന്നതിന് തൊട്ടുമുമ്പുമാത്രമാണ് എൽഗാറിനെ പുറത്താക്കാൻ കഴിഞ്ഞത്. തന്റെ അവസാന പരമ്പരയിൽ ഇരട്ട സെഞ്ച്വറി എന്ന മോഹവുമായി കുതിക്കുകയായിരുന്ന എൽഗാറിനെ ശാർദൂൽ താക്കൂർ ഒരു ഷോർട്ട്പിച്ച് പന്തിലൂടെ വിക്കറ്റ് കീപ്പർ കെ.എൽ രാഹുലിന്റെ കയ്യിലെത്തിക്കുകയായിരുന്നു. ഒാപ്പണറായി ക്രീസിലെത്തി 287 പന്തുകൾ നേരിട്ട് 28 ബൗണ്ടറികൾ ഉൾപ്പടെ 185 റൺസ് നേടിയാണ് എൽഗാർ മടങ്ങിയത്. ആറാം വിക്കറ്റിൽ യാൻസനുമൊത്ത് 111റൺസിന്റെ കൂട്ടുകെട്ടും എൽഗാർ സൃഷ്ടിച്ചു. ലഞ്ചിന് തൊട്ടുമുമ്പ് അശ്വിൻ കോട്സെയേ(19)ക്കൂടി കൂടാരം കയറ്റിയതോടെ ദക്ഷിണാഫ്രിക്ക 391/7 എന്ന നിലയിലായി.

ലഞ്ചിന് ശേഷം കാഗിസോ റബാദ (1), നാൻദ്രേ ബർഗർ (0) എന്നിവരെ ബുംറ ബൗൾഡാക്കിയതോടെ ആതിഥേയരുടെ ഇന്നിംഗ്സിന് കർട്ടൻ വീണു. ആദ്യ ദിവസം ഫീൽഡിംഗിനിടെ പരിക്കേറ്റ നായകൻ ടെംപ ബൗമ ബാറ്റിംഗിന് ഇറങ്ങിയില്ല. ഇന്ത്യയ്ക്കായി ബുംറ നാലുവിക്കറ്റും സിറാജ് രണ്ട് വിക്കറ്റും വീഴ്ത്തി. ശാർദൂൽ, അശ്വിൻ , അരങ്ങേറ്റക്കാരൻ പ്രസിദ്ധ് കൃഷ്ണ എന്നിവർക്ക് ഓരോ വിക്കറ്റും ലഭിച്ചു.

ഇന്ത്യയ്ക്ക് വീണ്ടും തിരിച്ചടി

163 റൺസ് ലീഡ് വഴങ്ങി രണ്ടാം ഇന്നിംഗ്സിന് ഇറങ്ങിയ ഇന്ത്യയ്ക്ക് വീണ്ടും പ്രഹരമേറ്റു. 13 റൺസെടുക്കുന്നതിനിടയിൽ ഓപ്പണർമാരായ രോഹിത് ശർമ്മയേയേും (0), യശ്വസി ജയ്സ്വാളിനെയും (5) നഷ്ടമായി. മൂന്നാം ഓവറിൽ റബാദ രോഹിതിന്റെ ബെയിൽസിളക്കുകയായിരുന്നു. ആറാം ഓവറിൽ ബർഗർ ജയ്സ്വാളിനെ കീപ്പർ വെറെയ്ന്റെ കയ്യിലെത്തിച്ചു. തുടർന്ന് ക്രീസിലൊരുമിച്ച വിരാട് കൊഹ്ലിയും ശുഭ്മാൻ ഗില്ലും ചേർന്ന് 50 കടത്തി. പക്ഷേ 52ൽ വച്ച് ഗിൽ(26) മടങ്ങി. പിന്നീട് ഒരറ്റത്ത് വിരാട് പൊരുതിനിന്നപ്പോൾ മറ്റേയറ്റം ചീട്ടുകൊട്ടാരംപോലെ തകർന്നു.ശ്രേയസ് അയ്യർ(6), കെ.എൽ രാഹുൽ (4),അശ്വിൻ (0), ശാർദൂൽ (2),ബുംറ(0), സിറാജ്(4) എന്നിവർ വരിവരിയായി ഡ്രെസിംഗ് റൂമിലേക്ക് നടന്നപ്പോൾ ഇന്ത്യൻ പ്രതീക്ഷകളൊക്കെയും തകർന്നു. ഒടുവിൽ 76 റൺസുമായി യാൻസന്റെ പന്തിൽ റബാദയ്ക്ക് ക്യാച്ച് നൽകി വിരാടും മടങ്ങിയതോടെ ഇന്ത്യൻ പതനം സമ്പൂർണമായി.

ബർഗർ നാലുവിക്കറ്റ് വീഴ്ത്തിയപ്പോൾ യാൻസൻ മൂന്ന് വിക്കറ്റും റബാദയും രണ്ട് വിക്കറ്റും സ്വന്തമാക്കി.