
ഒട്ടാവ: ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജറുടെ വധത്തിൽ പ്രതികളെന്ന് കരുതുന്ന രണ്ട് പേർ മാസങ്ങളായി കനേഡിയൻ പൊലീസിന്റെ നിരീക്ഷണത്തിലുണ്ടെന്നും വരും ആഴ്ചകളിൽ ഇവർ അറസ്റ്റിലായേക്കുമെന്നും സൂചന. വധത്തിന് ശേഷവും കാനഡയിൽ തുടരുന്ന പ്രതികൾക്ക് ഇന്ത്യൻ സർക്കാരുമായി ബന്ധമുണ്ടെന്ന് സൂചിപ്പിക്കുന്ന തെളിവുകളും പുറത്തുവിടുമെന്ന് കനേഡിയൻ മാദ്ധ്യമം റിപ്പോർട്ട് ചെയ്തു. നിരോധിത സംഘടനയായ ഖാലിസ്ഥാൻ ടൈഗർ ഫോഴ്സ് തലവനായിരുന്ന നിജ്ജർ (45) ജൂൺ 18നാണ് കാനഡയിലെ സറെയിലെ സിഖ് ഗുരുദ്വാരയ്‌ക്ക് മുന്നിൽ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചത്. ജീവന് ഭീഷണിയുണ്ടെന്ന് നിജ്ജറിന് കനേഡിയൻ ഇന്റലിജൻസ് ഏജൻസി മുന്നറിയിപ്പ് നൽകിയിരുന്നു. നിജ്ജറിന്റെ കൊലയ്ക്ക് പിന്നിൽ ഇന്ത്യക്ക് ബന്ധമുണ്ടെന്ന് കനേഡിയൻ പാർലമെന്റിൽ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറഞ്ഞതോടെ ഇരുരാജ്യങ്ങളും തമ്മിൽ നയതന്ത്ര ഭിന്നത ഉടലെടുത്തിരുന്നു. ആരോപണങ്ങൾ നിഷേധിച്ച ഇന്ത്യ, ട്രൂഡോയുടെ പ്രസ്താവന രാഷ്ട്രീയ പ്രേരിതമാണെന്നും കൃത്യമായ തെളിവുകൾ കൈമാറിയിട്ടില്ലെന്നും വ്യക്തമാക്കിയിരുന്നു.