ff

ന്യഡൽഹി : ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രവുമായി ബന്ധപ്പെട്ട തകരാറുകൾ പരിഹരിച്ചില്ലെങ്കിൽ വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി 400 സീറ്റുകൾ നേടുമെന്ന് കോൺഗ്രസ് നേതാവും സാങ്കേതിക വിദഗ്ദ്ധനുമായ സാംപിട്രോഡ പറഞ്ഞു. ബി.ജെ.പിക്ക് 400 കടക്കാൻ കഴിയുമോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

വിവിപാറ്റ് സംവിധാനത്തിന്റെ നിലവിലെ പ്രവർത്തനരീതി മാറ്റണമെന്ന് സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് മദൻ ലോകൂർ അദ്ധ്യക്ഷനായ എൻ.ജി.ഒ ശുപാർശ ചെയ്തിട്ടുണ്ടെന്നും പിട്രോഡ ഓർമ്മിപ്പിച്ചു. നിലവിലുള്ള സംവിധാനത്തിൽ ചില പരിഷ്കാരങ്ങളാണ് പിട്രോഡ ആവശ്യപ്പെടുന്നത്. തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രതികരിക്കുമെന്നാണ് കരുതിയത്. അതുണ്ടായില്ലെന്നും ഈ സാഹചര്യത്തിലാണ് തുറന്നുപറയുന്നതെന്നും പിട്രോഡ പറഞ്ഞു.

ഇ.വി.എം ഉപയോഗിച്ചുള്ള വോട്ടെടുപ്പ് കൂടുതൽ സുതാര്യമാക്കണം എന്ന് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾ നിരന്തരം ആവശ്യപ്പെട്ടിരുന്നു. ബി.ജെ.പിക്ക് അനുകൂലമായി ഇ.വി.എമ്മുകളിൽ കൃത്രിമം നടക്കുന്നുവെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. അടുത്തിടെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നടന്ന തിരഞ്ഞെടുപ്പിൽ ബി.ജെ.പി വിജയിച്ചപ്പോഴും കോൺഗ്രസ് നേതൃത്വം ഇക്കാര്യം ഉന്നയിച്ചിരുന്നു. എന്നാൽ ആരോപണങ്ങൾ തിരഞ്ഞെടുപ്പ് കമ്മിഷൻ തള്ളുകയാണ് ഉണ്ടായത്.

രാമക്ഷേത്രം സംബന്ധിച്ച കാര്യത്തിലും സാംപിട്രോഡ പ്രതികരിച്ചു. മതപരമായ കാര്യങ്ങൾ ഓരോ വ്യക്തികളുടെയും ഇഷ്ടമാണ്. അത് ജനങ്ങൾക്ക് വിട്ടേക്കുക. നിങ്ങൾ ആഘോഷിക്കുന്നത് ജനങ്ങളും ആഘോഷിക്കണം എന്ന് പറയാൻ സാധിക്കില്ല. മതപരമായ ആഘോഷങ്ങൾ രാഷ്ട്രീയവുമായി കൂട്ടിക്കുഴയ്ക്കരുതെന്നും പിട്രോഡ പറഞ്ഞു.