rahul-gandhi

നാഗ്പൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര സര്‍ക്കാരിനുമെതിരെ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ 139ാം സ്ഥാപകദിനത്തില്‍ നാഗ്പൂരില്‍ സംഘടിപ്പിച്ച മഹാറാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി നരേന്ദ്ര മോദി ആരെയും കേള്‍ക്കാന്‍ തയ്യാറാകാത്ത വ്യക്തിയാണെന്ന് രാഹുല്‍ പറഞ്ഞു. ബിജെപിയില്‍ ഏകാധിപത്യമാണ്, മുകളില്‍ നിന്ന് നല്‍കുന്ന നിര്‍ദേശങ്ങള്‍ അനുസരിക്കുക മാത്രമാണ് നിര്‍വാഹമെന്നും അദ്ദേഹം പറഞ്ഞു.

''ആര്‍എസ്എസ്, ബിജെപി എന്നിവര്‍ക്കെതിരായ പോരാട്ടത്തില്‍ ആരെയും ഭയപ്പെടരുത്. രാജാവിന് നിയമം ബാധകമല്ലെന്ന രീതിയിലാണ് നരേന്ദ്ര മോദി പെരുമാറുന്നത്. ബിജെപിയും കോണ്‍ഗ്രസും തമ്മിലുള്ള പ്രധാന വ്യത്യാസം ജനാധിപത്യവും അഭിപ്രായ സ്വാതന്ത്ര്യവുമാണ്. കോണ്‍ഗ്രസ് സംവിധാനത്തില്‍ ഇത് രണ്ടും കാണാന്‍ കഴിയും. ഏതൊരു പ്രാദേശിക നേതാവിനും മുതിര്‍ന്ന നേതാക്കളെ വരെ വിമര്‍ശിക്കാം. എന്നാല്‍ ബിജെപിയില്‍ അതല്ല സ്ഥിതി.

ഇനി വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് വിജയിക്കാന്‍ പോകുകയാണ്. ഇന്ത്യ മുന്നണിയില്‍ നിരവധി പാര്‍ട്ടികളുണ്ട്. എന്നാല്‍ വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് രണ്ട് ആശയങ്ങള്‍ തമ്മിലുള്ള യുദ്ധമാണ്. എല്ലാ ഭരണഘടനാസ്ഥാപനങ്ങളിലും ബി.ജെ.പി പിടിമുറുക്കി, വൈസ് ചാന്‍സലര്‍മാരെ നിയമിക്കുന്നത് യോഗ്യതയുടെ അടിസ്ഥാനത്തിലല്ല, മറിച്ച് അവര്‍ ഒരു പ്രത്യേക സംഘടനയുടെ ഭാഗമായതിനാലാണ്. കഴിഞ്ഞ 40 വര്‍ഷത്തിനിടെയുള്ള ഏറ്റവും വലിയ തൊഴിലില്ലായ്മയാണ് രാജ്യം നേരിടുന്നത്.

തിരഞ്ഞെടുപ്പ് കമ്മീഷന്‍ മുതല്‍ സുപ്രീം കോടതിയില്‍ വരെ കൈകടത്താന്‍ ബിജെപി ശ്രമിക്കുന്നു. രാജ്യത്ത് മാധ്യമപ്രവര്‍ത്തനത്തിനും ബിജെപി കടിഞ്ഞാണിടാന്‍ ശ്രമം നടത്തുന്നു. ബ്രിട്ടീഷ് ഭരണം നിലനിന്ന കാലത്ത് ഭിന്നിച്ചുകിടന്ന നാട്ടുരാജ്യങ്ങളെ ഏകീകരിച്ച് ഇന്ത്യയിലെ ജനങ്ങളുടെ കൈകളിലേക്ക് അധികാരം നല്‍കിയത് കോണ്‍ഗ്രസാണ്. അതേസമയം, ബിജെപിയും ആര്‍എസ്എസും ചേര്‍ന്ന് ഇതിനെ എതിര്‍ക്കുകയാണ് ചെയ്തത്''. - രാഹുല്‍ ഗാന്ധി പറഞ്ഞു.