cricket

മെൽബൺ : പാകിസ്ഥാനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനം രണ്ടാം ഇന്നിംഗ്സിനിറങ്ങിയപ്പോൾ 16 റൺസ് എടുക്കുന്നതിനിടെ നാലുവിക്കറ്റുകൾ നഷ്ടമായെങ്കിലും പതറാതെ പൊരുതിയ ഓസ്ട്രേലിയ മികച്ച ലീഡിലെത്തി.

ഓസീസിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 318 റൺസിനെതിരെ ഇന്നലെ പാകിസ്ഥാന്റെ ഒന്നാം ഇന്നിംഗ്സ് 264ൽ അവസാനിച്ചിരുന്നു.54 റൺസ് ലീഡുമായി രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ഓസീസ് മൂന്നാം ദിനത്തിലെ കളി നിറുത്തുമ്പോൾ 187/6 എന്ന നിലയിലാണ്. 241 റൺസിന്റെ ലീഡാണ് ആതിഥേയർക്ക് ഇപ്പോഴുള്ളത്.

194/6 എന്ന സ്കോറിൽ ഇന്നലെ ഒന്നാം ഇന്നിംഗ്സ് പുനരാരംഭിക്കാനെത്തിയ പാകിസ്ഥാന് 70 റൺസ് കൂടി നേടി മടങ്ങേണ്ടിവന്നു. റിസ്വാൻ (42), ആമർ ജമാൽ (33), ഷഹീൻ ഷാ അഫ്രീദി (21) എന്നിവരുടെ പോരാട്ടമാണ് 264 വരെ എത്തിച്ചത്. ഓസീസിനായി ക്യാപ്ടൻ പാറ്റ് കമ്മിൻസ് അഞ്ചുവിക്കറ്റും നഥാൻ ലയൺ നാലുവിക്കറ്റും വീഴ്ത്തി. തുടർന്ന് രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ആതിഥേയരെ അഫ്രീദിയുടെ ആഘാതമായിരുന്നു കാത്തിരുന്നത്. ആദ്യ ഓവറിൽ ഉസ്മാൻ ഖ്വാജ(0)യേയും മൂന്നാം ഓവറിൽ ലാബുഷേയ്നെയും (4) അഫ്രീദി പുറത്താക്കി. ആറാം ഓവറിലെ അടുത്തടുത്ത പന്തുകളിൽ മിർ ഹംസ വാർണറെ(6)യും ട്രാവിസ് ഹെഡിനെയും (0) ബൗൾഡാക്കിയതോടെ ഓസീസ് 16/4 എന്ന നിലയിലായി. തുടർന്ന് ക്രീസിൽ ഒരുമിച്ച സ്റ്റീവൻ സ്മിത്തും (50), മിച്ചൽ മാർഷും (96) കൂട്ടിച്ചേർത്ത 153 റൺസാണ് ഓസീസിനെ മുന്നോട്ടുനയിച്ചത്. അവസാന സെഷനിൽ അഫ്രീദി സ്മിത്തിനെയും മിർ ഹംസ മാർഷിനെയും പുറത്താക്കി.