
ന്യൂഡൽഹി : തിരഞ്ഞെടുക്കപ്പെട്ട റെസ്‌ലിംഗ് ഫെഡറേഷൻ ഒഫ് ഇന്ത്യ ഭരണസമിതിയെ സസ്പെൻഡ് ചെയ്ത കേന്ദ്ര കായിക മന്ത്രാലയത്തിന്റെ നടപടി നിയമവിരുദ്ധമാണെന്നും ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട സഞ്ജയ് സിംഗ്. സസ്പെൻഡ് ചെയ്യുമ്പോൾ പാലിക്കേണ്ട നടപടി ക്രമങ്ങൾ പാലിച്ചിട്ടില്ലെന്നും സഞ്ജയ് ആരോപിച്ചു.
ലൈംഗികാരോപണത്തെത്തുടർന്ന് രാജി വയ്ക്കേണ്ടിവന്ന ബ്രിജ്ഭൂഷൺ ചരൺ സിംഗിന് പകരം അദ്ദേഹത്തിന്റെ വിശ്വസ്തൻ പ്രസിഡന്റായതിൽ ഗുസ്തിതാരങ്ങളുടെ കടുത്ത പ്രതിഷേധം ഉയർന്നതിന് പിന്നാലെയാണ് കായികമന്ത്രാലയം ഭരണസമിതിയെ സസ്പെൻഡ് ചെയ്തത്. പുതിയ ഭരണസമിതി ചട്ടം പാലിക്കാതെ ബ്രിജ്ഭൂഷന്റെ തട്ടകമായ ഗോണ്ടയിൽ ജൂനിയർ ചാമ്പ്യൻഷിപ്പ് നടത്താൻ തീരുമാനിച്ചെന്ന കാരണം ചൂണ്ടിക്കാട്ടിയായിരുന്നു സസ്പെൻഷൻ. കഴിഞ്ഞ ദിവസം കായിക മന്ത്രാലയത്തിന്റെ നിർദ്ദേശാനുസരണം ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷൻ റെസ്‌ലിംഗ് ഫെഡറേഷന്റെ നിയന്ത്രണത്തിനായി മൂന്നംഗ അഡ്ഹോക്ക് കമ്മറ്റിയെ നിയമിച്ചിരുന്നു.