crime

തിരുവനന്തപുരം: വീട്ടില്‍ അതിക്രമിച്ച് കയറി ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ പ്രതി പൊലീസ് പിടിയില്‍. തിരുവനന്തപുരം വര്‍ക്കലയില്‍ ഡിസംബര്‍ 26ന് ആണ് സംഭവം. വെട്ടൂര്‍ സ്വദേശി അനസ് ആണ് അറസ്റ്റിലായത്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ക്രിസ്മസ് പിറ്റേന്ന് രാത്രിയാണ് സംഭവം നടക്കുന്നത്. 58കാരിയായ സ്ത്രീയാണ് പരാതിക്കാരി. ഇവര്‍ ഒറ്റയ്ക്കാണ് താമസമെന്ന് മനസ്സിലാക്കിയ പ്രതി രാത്രി വീട്ടിലേക്ക് അതിക്രമിച്ച് കയറി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. സ്ത്രീ ബഹളം വച്ചതോടെ അനസ് ഓടി രക്ഷപ്പെടുകയും തുടര്‍ന്ന് ഒളിവില്‍ പോകുകയും ചെയ്തു.

ബുധനാഴ്ച രാവിലെ സ്ത്രീ സ്‌റ്റേഷനിലെത്തി പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തുകയും വ്യാഴാഴ്ച രാവിലെ പ്രതിയെ പിടികൂടുകയുമായിരുന്നു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ വെട്ടൂര്‍ സ്വദേശി അനസ് ഗുണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെട്ട വ്യക്തിയാണ്.