
മുംബയ് : പുരുഷ ടീം ദക്ഷിണാഫ്രിക്കയിൽ ആദ്യ ടെസ്റ്റിൽ വീണപ്പോൾ ഇന്ത്യൻ വനിതകൾ മുംബയ്‌യിൽ ഓസ്ട്രേലിയയ്ക്ക് എതിരായ ആദ്യ ഏകദിനത്തിൽ ആറുവിക്കറ്റിന്റെ തോൽവി വഴങ്ങി. വാങ്കഡേ സ്റ്റേഡിയത്തിൽ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യൻ വനിതകൾ നിശ്ചിത 50 ഓവറിൽ എട്ടുവിക്കറ്റ് നഷ്ടത്തിൽ 282 റൺസ് എടുത്തു. ഓസ്ട്രേലിയ 46.3 ഓവറിൽ നാലുവിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി മൂന്ന് മത്സര പരമ്പരയിൽ 1-0ത്തിന് മുന്നിലെത്തി.രണ്ടാം മത്സരം നാളെ നടക്കും.
ഓപ്പണർ യസ്തിക ഭാട്യ(49), ജെമീമ റോഡ്രിഗസ് (82), പൂജാ വസ്ത്രാകർ(62 നോട്ടൗട്ട് ),റിച്ച ഘോഷ് (21), ദീപ്തി ശർമ്മ(21), അമൻജോത് കൗർ (20) എന്നിവരുടെ പോരാട്ടമാണ് ഇന്ത്യയെ ഈ സ്കോറിലെത്തിച്ചത്. ഷെഫാലി വർമ്മയും (1), ഹർമൻ പ്രീത് കൗറും (9) നിരാശപ്പെടുത്തി. മറുപടിക്കിറങ്ങിയ ഓസീസിന് നായിക അലീസ ഹീലിയുടെ (0) വിക്കറ്റ് ആദ്യ ഓവറിൽ നഷ്ടമായെങ്കിലും എല്ലിസ് പെറിയും (75) ഫോബീ ലിച്ച്ഫീൽഡും (78), ബേത്ത് മൂണിയും (42), തഹ്‌ലിയ മഗ്രാത്തും (68*)തകർത്തടിച്ചതോടെ 21 പന്ത് ശേഷിക്കേ വിജയം കരഗതമായി.