mayawati

ന്യൂഡല്‍ഹി: 2024ല്‍ നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മായാവതിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചാല്‍ 'ഇന്ത്യ' മുന്നണിയില്‍ ചേരാന്‍ തയ്യാറെന്ന് ബിഎസ്പി. മായാവതിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചാല്‍ ഉത്തര്‍പ്രദേശില്‍ 60ല്‍ അധികം സീറ്റുകള്‍ കിട്ടുമെന്നും പാര്‍ട്ടി എംപി മലൂക് നാഗര്‍ പറഞ്ഞു.

പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി മായാവതിയെ പ്രഖ്യാപിച്ചാല്‍ മാത്രമേ 2024ല്‍ ഇന്ത്യ മുന്നണിക്ക് ബിജെപിയെ തോല്‍പ്പിക്കാനാകൂ. 13.5 ശതമാനമാണ് ബിഎസ്പിയുടെ വോട്ട് വിഹിതമെന്നും 60 സീറ്റ് ലഭിക്കുമെന്ന് അവകാശപ്പെടുന്നത് കണക്കുകളുടെ അടിസ്ഥാനത്തിലാണെന്നും ബിഎസ്പി എംപി പറയുന്നു.

കോണ്‍ഗ്രസിന് പ്രധാനമന്ത്രിയായി ഒരു ദളിത് മുഖമാണ് വേണ്ടതെങ്കില്‍ മായാവതിയെക്കാള്‍ അനുയോജ്യയായ മറ്റാരുമില്ല. ആവശ്യം അംഗീകരിക്കുകയാണെങ്കില്‍ മായാവതി ഇന്ത്യാ മുന്നണിക്ക് അനുകൂലമായി നീങ്ങും- നാഗര്‍ കൂട്ടിച്ചേര്‍ത്തു.

ബിഎസ്പി എംഎല്‍എമാരെ കൂറുമാറ്റിയതില്‍ കോണ്‍ഗ്രസ് മാപ്പുപറയണമെന്ന ആവശ്യവും മുന്നണിയില്‍ ചേരാന്‍ ബിഎസ്പി മുന്നോട്ടുവയ്ക്കുന്നുണ്ട്. അതേസമയം ഈ ആവശ്യത്തോട് കോണ്‍ഗ്രസ് നേതാക്കളാരും പ്രതികരിച്ചിട്ടില്ല.