
കോഴിക്കോട്: നഗരത്തില്‍ കാറിലെ രഹസ്യ അറയില്‍ ഒളിപ്പിച്ച് കടത്തിക്കൊണ്ടുവന്ന വന്‍ കഞ്ചാവ് ശേഖരം പിടികൂടി. കാസര്‍കോട് സ്വദേശികളായ രണ്ട് പേരെയാണ് കേസില്‍ പൊലീസ് പിടികൂടിയത്. അബൂബക്കര്‍ (39), മുഹമ്മദ് ഫൈസല്‍ (36) എന്നിവരാണ് 52 കിലോഗ്രാം കഞ്ചാവുമായി പിടിയിലായത്.
ബംഗളൂരുവില്‍ നിന്ന് കാറില്‍ റോഡ് മാര്‍ഗമാണ് കഞ്ചാവ് കോഴിക്കോട്ടെത്തിച്ചത്. മൊത്തം 51.9 കിലോ കഞ്ചാവ് ഇവരില്‍ നിന്ന് കണ്ടെടുത്തു. കഞ്ചാവ് സൂക്ഷിക്കാനായി കാറില്‍ പ്രത്യേകമായി രഹസ്യ അറ തയ്യാറാക്കിയിരുന്നുവെന്ന് പൊലീസ് പറയുന്നു.
പുതുവത്സരാഘോഷത്തിന്റെ മറവില്‍ വന്‍തോതില്‍ നഗരത്തില്‍ ലഹരി വില്‍പ്പന ലക്ഷ്യംവച്ചാണ് പ്രതികള്‍ കഞ്ചാവ് എത്തിച്ചത്. സംഭവത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്ന് അന്വേഷിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു.വൈഎംസിഎ ക്രോസ് റോഡിലെ പേ പാര്‍ക്കിംഗില്‍ വാഹനത്തില്‍ ബാഗുകളിലാക്കി രഹസ്യ അറയില്‍ ഒളിപ്പിച്ചനിലായിരുന്നു ലഹരിവസ്തുക്കള്‍ സൂക്ഷിച്ചിരുന്നത്.
കോഴിക്കോട് ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ അര്‍ജുന്‍ പൈവാളിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം നടത്തിയത്. ചെറുകിട കച്ചവടക്കാര്‍ക്ക് കൈമാറാനാണ് ലഹരിവസ്തുക്കള്‍ എത്തിച്ചതെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.
നടക്കാവ് പൊലീസും ആന്റി നാര്‍ക്കോട്ടിക് അസിസ്റ്റന്റ് കമ്മീഷണര്‍ പി. ജേക്കബിന്റെ നേതൃത്വത്തിലുള്ള ഷാഡോ ടീമും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ലഹരിക്കടത്ത് സംഘം പിടിയിലായത്.