
പത്തനംതിട്ട : കേരള സർവകലാശാല സെനറ്റിലേക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നോമിനേറ്റ് ചെയ്ത എ.ബി.വി.പി നേതാവ് അറസ്റ്റിൽ . പന്തളം എൻ.എസ്.എസ് കോളേജിലെ എ.ബി.വി.പി നേതാവ് സുധി സദനാണ് അറസ്റ്റിലായത്. ഈ മാസം 21ന് കോളേജിൽ നടന്ന ക്രിസ്മസ് ആഘോഷങ്ങൾക്കിടെയാണ് എസ്.എഫ്.ഐ- എ.ബി.വി.പി പ്രവർത്തകർ തമ്മിൽ സംഘർഷം ഉണ്ടായത്. സംഘർഷത്തിൽ ഭിന്നശേഷിക്കാരൻ ഉൾപ്പെടെ ഏഴ് എസ്.എഫ്.ഐ പ്രവർത്തകർക്ക് പരിക്കേറ്റിരുന്നു. ഇതിന് പിന്നാലെ എ.ബി.വി.പി പ്രവർത്തകരുടെ വീട് അടിച്ചുതകർത്തിരുന്നു,
തുടർന്ന് ഐ.പി.സി 308 വകുപ്പ് പ്രകാരം കണ്ടാലറിയുന്ന 13 എ.ബി.വി.പി പ്രവർത്തകർക്കെതിരെ പന്തളം പൊലീസ് കേസെടുത്തു. ഇന്നലെയാണ് സുധിയെയും കേസിലെ ഒന്നാംപ്രതിയായ വിഷ്ണുവിനെയും പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ഇരുവരെയും കോടതി റിമാൻഡ് ചെയ്തു. അതേസമയം അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്ന് എ.ബി.വി.പി ആരോപിച്ചു. സുധിസദനെയും മറ്റൊരു വിദ്യാർത്ഥിയെയുമാണ് ഗവർണർ സെനറ്റിലേക്ക് നോമിനേറ്റ് ചെയ്തത്.