ambati-rayudu

അമരാവതി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം അമ്പാട്ടി റായുഡു രാഷ്ട്രീയത്തില്‍ ചേര്‍ന്നു. രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും ഐപിഎല്ലില്‍ നിന്നും വിരമിച്ച താരം രാഷ്ട്രീയമാണ് തന്റെ രണ്ടാം ഇന്നിംഗ്‌സെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. ആന്ധ്ര പ്രദേശ് ഭരണകക്ഷിയും മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയുടെ പാര്‍ട്ടിയുമായ വൈഎസ്ആര്‍ കോണ്‍ഗ്രസിലാണ് റായുഡു അംഗത്വമെടുത്തിരിക്കുന്നത്.

മുഖ്യമന്ത്രിയുടെ ഓഫീസില്‍ വച്ച് പാര്‍ട്ടിയില്‍ ചേര്‍ന്ന അദ്ദേഹത്തെ ഷാള്‍ അണിയിച്ചാണ് ജഗന്‍ മോഹന്‍ റെഡ്ഡി സ്വീകരിച്ചത്. ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രി കെ നാരായണ സ്വാമി, രാജംപേട്ട ലോക്‌സഭാ അംഗം പി. മിഥുന്‍ റെഡ്ഡി എന്നിവരും റായുഡുവിനെ സ്വീകരിക്കാന്‍ എത്തിയിരുന്നു.

പാര്‍ട്ടിയുടെ ഔദ്യോഗിക എക്‌സ് അക്കൗണ്ട് വഴിയാണ് റായുഡു രാഷ്ട്രീയത്തില്‍ പ്രവേശിച്ച കാര്യം വൈഎസ്ആര്‍ കോണ്‍ഗ്രസ് സ്ഥിരീകരിച്ചത്. അടുത്തിടെ നിരവധി പൊതു ചടങ്ങുകളില്‍ പങ്കെടുത്തപ്പോള്‍ മുതല്‍ റായുഡുവിന്റെ രാഷ്ട്രീയ പ്രവേശനത്തെ ചൊല്ലി അഭ്യൂഹങ്ങളുണ്ടായിരുന്നു. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ താരം മത്സരിച്ചേക്കുമെന്നും സൂചനയുണ്ട്.

సీఎం క్యాంప్‌ కార్యాలయంలో ముఖ్యమంత్రి శ్రీ వైఎస్‌ జగన్‌ సమక్షంలో వైఎస్సార్‌ కాంగ్రెస్‌ పార్టీలో చేరిన ప్రముఖ భారత క్రికెటర్‌ అంబటి తిరుపతి రాయుడు.

ఈ కార్యక్రమంలో పాల్గొన్న డిప్యూటీ సీఎం నారాయణ స్వామి, ఎంపీ పెద్దిరెడ్డి మిథున్‌ రెడ్డి.#CMYSJagan#AndhraPradesh @RayuduAmbati pic.twitter.com/QJJk07geHL

— YSR Congress Party (@YSRCParty) December 28, 2023

ഇന്ത്യക്കായി 55 ഏകദിന മത്സരങ്ങളിലും ആറ് ട്വന്റി-20 മത്സരങ്ങളിലും താരം കളിച്ചിട്ടുണ്ട്. ഐപിഎല്ലില്‍ മുംബയ് ഇന്ത്യന്‍സ്, ചെന്നൈ സൂപ്പര്‍ കിംഗ്‌സ് എന്നിവര്‍ക്കായി 204 മത്സരങ്ങളില്‍ താരം കളിച്ചു. 2013, 2015, 2017 വര്‍ഷങ്ങളില്‍ മുംബയ്ക്ക് ഒപ്പവും, 2018, 2021, 2023 സീസണുകളില്‍ ചെന്നൈക്കൊപ്പവും താരം ഐപിഎല്‍ കിരീടമുയര്‍ത്തിയിരുന്നു.