
തിരുവനന്തപുരം: സൈക്കിളിൽ ഇന്ത്യ മുഴുവൻ ചുറ്റിസഞ്ചരിച്ച സന്തോഷത്തിലാണ് അഭിയും ചാർളിയെന്ന നായ്ക്കുട്ടിയും.
ഒമ്പത് മാസം മുമ്പാണ് അഭിഷേക് എന്ന അഭി ഒറ്റയ്ക്ക് സ്വന്തം നാടായ കണ്ണൂരിൽ നിന്ന് ഭൂട്ടാനിലേക്ക് സെെക്കിളിൽ യാത്രതിരിച്ചത്. തിരികെ കാശ്മീരിൽ നിന്ന് നാട്ടിലേക്കുള്ള യാത്രയിൽ വെള്ളിയാഴ്ച തിരുവനന്തപുരത്ത് എത്തി. ഇന്നലെ ബാലരാമപുരത്ത് ഉണ്ടായിരുന്ന ഇരുവരും ഇന്ന് രാവിലെ വെള്ളായണി കായൽത്തീരത്തെത്തും.
'പ്രകൃതിയെ സംരക്ഷിക്കുക' എന്ന സന്ദേശം എല്ലാവരിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് മാർച്ച് 27ന് ഭൂട്ടാനിലേക്ക് യാത്ര തിരിച്ചത്. റോഡരികിൽ അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് കുപ്പികൾ സൈക്കിളിന്റെ പിറകിലുള്ള പെട്ടിയിൽ ശേഖരിച്ച്,അവ ചവറ്റുകുട്ടയിൽ നിക്ഷേപിച്ചായിരുന്നു അഭിയുടെ യാത്ര. മുംബയിലെ തെരുവിൽ ചീറിപ്പായുന്ന വണ്ടികളുടെ ഇടയിൽ നിന്ന് കിട്ടിയ നായ്ക്കുട്ടിയെ കൂടി യാത്രയിൽ ഒപ്പംകൂട്ടി.
അഭി നായ്ക്കുട്ടിക്ക് ചാർലിയെന്ന് പേരിട്ടു. 140 ദിവസത്തെ യാത്രയ്ക്കൊടുവിൽ അവർ കാശ്മീരിലെത്തി. ഇരുവരുടെയും ഓരോ ദിവസത്തെയും യാത്രാവിശേഷങ്ങൾ 'ഫോട്ടോ പീടിക' എന്ന അക്കൗണ്ടിലൂടെ സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കിടും. ഇതുവഴി വിവിധയിടങ്ങളിലെ മലയാളികൾക്കും മറ്റു സംസ്ഥാനക്കാർക്കും ഇവർ പ്രിയങ്കരരായി മാറി. ചാർലി വലുതായതോടെ തുടർന്നുള്ള യാത്ര പ്രയാസമാവുകയും തുടർന്ന് ഡൽഹിയിൽ നിന്ന് അവർ നാട്ടിലേക്ക് വരാൻ തീരുമാനിക്കുകയുമായിരുന്നു. ഡൽഹിയിൽ നിന്ന് ബംഗളൂരു വരെ ട്രെയിനിലും അവിടെ നിന്നു സൈക്കിളിൽ സേലം - കന്യാകുമാരി വഴി കണ്ണൂരിലേക്കുള്ള യാത്രയിലാണ് ഇരുവരും.
യാത്രയിൽ സാഹസികതയും
ലഡാക്കിൽ വച്ച് പണത്തിനായി ഇരുവരെയും ഇന്ത്യ - ചൈന ബോഡർ വരെ കടത്തികൊണ്ടുപോയി. ലഡാക്ക് പൊലീസിന്റെ സഹായത്തിലാണ് രക്ഷപ്പെട്ടത്. ഇടയ്ക്കുവച്ച് മൊബൈലും ക്യാമറയും മോഷണം പോയി. എങ്കിലും ഓരോ സ്ഥലത്തിന്റെയും സംസ്കാരവും രീതികളും പ്രകൃതി ഭംഗികളും അവർ അടുത്തറിഞ്ഞു. ഏത് നാട്ടിൽ പോയാലും വളരെ സ്നേഹത്തോടെയാണ് ഇരുവരെയും സ്വീകരിക്കുന്നത്. എക്കണോമിക്സ് ബിരുദധാരിയാണ് അഭി. യാത്രയും ഫോട്ടോഗ്രഫിയുമാണ് ഇഷ്ടം. മുഖം പുറത്ത് കാണിക്കാൻ താത്പര്യമില്ലാത്തതിനാൽ എപ്പോഴും മാസ്ക് വച്ചിരിക്കും. നാട്ടിൽ എത്തിയ ശേഷം പിന്നീട് ചാർലിയുമായി തന്റെ യാത്ര പൂർത്തീകരിക്കാനാണ് അഭിയുടെ തീരുമാനം.