
സോൾ: ഓസ്കാർ നേടിയ ദക്ഷിണ കൊറിയൻ ചിത്രം പാരസൈറ്റ് എന്ന ചിത്രത്തിലെ നടൻ ലീ സൺക്യൂനിന്റെ മരണവുമായി ബന്ധപ്പെട്ട് 28കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരും ഇവരുടെ സുഹൃത്തായ 29കാരിയും ചേർന്ന് ബ്ലാക്ക് മെയിൽ ചെയ്തതിനെ തുടർന്നാണ് ലീ സൺക്യൂൻ ആത്മഹത്യ ചെയ്തത് എന്നാണ് പൊലീസ് പറയുന്നത്. പ്രതികളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. ബുധനാഴ്ച രാവിലെ സെൻട്രൽ സിയോളിലെ ഒരു പാർക്കിൽ നിറുത്തിയിട്ടിരുന്ന കാറിലാണ് നടനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
പൊലീസ് പറയുന്നത് പ്രകാരം ഡിസംബർ ആദ്യം മുതൽ യുവതികൾ ലീയെ ബ്ലാക്ക് മെയിൽ ചെയ്തിരുന്നു. എന്നാൽ എന്തിന്റെ പേരിലാണ് ഭീഷണിയെന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല. നടനിൽ നിന്നും 300 മില്യൺ കൊറിയൻ കറൻസിയാണ് യുവതികൾ ആവശ്യപ്പെട്ടിരുന്നത് എന്നാണ് വിവരം. ഇത് സംബന്ധിച്ച് കൂടുതൽ അന്വേഷണത്തിലാണ് പൊലീസ്.
2020ലെ മികച്ച ചിത്രത്തിനുള്ള ഓസ്കർ പുരസ്കാരം നേടിയ 'പാരസെെറ്റ്' എന്ന സിനിമയിലൂടെ പ്രശസ്തനായ താരമാണ് 48കാരനായ ലീ സൺ ക്യുൻ. ലഹരി ഉപയോഗത്തിന്റെ പേരിൽ ലീ കുറച്ച് നാളുകളായി പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ലഹരിക്കേസിൽ കുടുങ്ങിയതിനെ തുടർന്ന് ലീയെ അടുത്തിടെ സിനിമ, ടെലിവിഷൻ പരിപാടികളിൽ നിന്നും മാറ്റിനിർത്തിയിരുന്നതായാണ് റിപ്പോർട്ട്.ഈ വർഷം പുറത്തിറങ്ങിയ 'സ്ലീപ്പ്' എന്ന ഹൊറർ ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. ലഹരിക്കേസുമായി ബന്ധപ്പെട്ട് ഇദ്ദേഹത്തെ ഇക്കഴിഞ്ഞ ഒക്ടോബറിൽ പൊലീസ് ചോദ്യം ചെയ്തിരുന്നു. അന്ന് എല്ലാവരോടും ക്ഷമ ചോദിക്കുന്നതായി അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. നടിയായ ജിയോൺ ഹെെ ജിനാണ് ലീയുടെ ഭാര്യ. ഇവർക്ക് രണ്ട് ആൺമക്കളുണ്ട്.