
ബ്രസൽസ്: യൂറോപ്യൻ കമ്മിഷൻ മുൻ പ്രസിഡന്റ് ജാക്ക് ഡെലോർസ് ( 98 ) അന്തരിച്ചു. ആധുനിക യൂറോപ്യൻ യൂണിയന്റെ ശില്പികളിൽ ഒരാളായ അദ്ദേഹം യൂറോ കറൻസിയുടെ രൂപീകരണത്തിന് പിന്നിൽ പ്രവർത്തിച്ച നിർണായക വ്യക്തിയാണ്. ബുധനാഴ്ച പാരീസിലെ വസതിയിൽ ഉറക്കത്തിലായിരുന്നു അന്ത്യം. 1981 - 1984 കാലയളവിൽ ഫ്രാൻസിന്റെ ധനമന്ത്രിയായിരുന്നു. 1985 മുതൽ 1995 വരെയാണ് ഡെലോർസ് യൂറോപ്യൻ കമ്മിഷന്റെ തലപ്പത്തിരുന്നത്. പൊതുവിപണി, യാത്രകൾക്കുള്ള ഷെങ്കൻ ഉടമ്പടി, വിദ്യാർത്ഥികൾക്കായി ഇറാസ്മസ് പദ്ധതി, യൂറോ കറൻസിയുടെ രൂപീകരണം തുടങ്ങി യൂറോപ്യൻ രാജ്യങ്ങൾക്കിടെയിലെ ഏകീകരണത്തിന് നാഴികകല്ലായ നിരവധി മാറ്റങ്ങൾ ഇക്കാലയളവിലുണ്ടായി. ഡെലോർസിന്റെ നീക്കങ്ങൾക്ക് മാർഗ്രറ്റ് താച്ചറുടെ നേതൃത്വത്തിലെ ബ്രിട്ടൻ അടക്കമുള്ള അംഗരാജ്യങ്ങളിൽ നിന്ന് എതിർപ്പും ഉയർന്നിരുന്നു. 1925 ജൂലായി 20ന് പാരീസിൽ ജനിച്ച അദ്ദേഹം സോഷ്യലിസ്റ്റ് പാർട്ടിയിലൂടെ ഫ്രാൻസിലെ ഏറെ സ്വാധീനമുള്ള രാഷ്ട്രീയ നേതാക്കളിൽ ഒരാളായി വളർന്നു. ഭാര്യ മേരി ലെഫൈൽ 2020ൽ അന്തരിച്ചു. മുൻ മന്ത്രിയും ലീൽ നഗരത്തിലെ മേയറുമായ മാർറ്റൈൻ ഓബ്രി, പരേതനായ ഷോൺ - പോൾ എന്നിവരാണ് മക്കൾ.