mvd

കോഴിക്കോട്: ഇരുചക്ര വാഹനങ്ങളില്‍ അഭ്യാസപ്രകടനം നടത്തിയതിന് പുറമേ അത് ഇന്‍സ്റ്റാഗ്രാമില്‍ റീല്‍സ് ആയി പങ്കുവയ്ക്കുകയും ചെയ്ത യുവാക്കള്‍ക്കെതിരെ നടപടി. കോഴിക്കോട് നഗരത്തില്‍ സ്‌കൂട്ടറിലും ബൈക്കിലുമായി അഭ്യാസ പ്രകടനം നടത്തിയ മൂന്ന് യുവാക്കളുടെ ഡ്രൈവിംഗ് ലൈസന്‍സ് മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റ് സസ്‌പെന്‍ഡ് ചെയ്തു.

മുഹമ്മദ് റിസ്‌വാന്‍, വിജയ്, എസ് റിത്വിക് എന്നീ യുവാക്കള്‍ക്കെതിരെയാണ് നടപടി. ഇവരുടെ ലൈസന്‍സ് മൂന്ന് മാസത്തേക്കാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. അപകടകരമായി വാഹനം ഓടിച്ചതിന് പുറമേ ദൃശ്യങ്ങള്‍ ചിത്രീകരിച്ച് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചത് എംവിഡിയുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു.

തുടര്‍ന്ന് വാഹനങ്ങളുടെ നമ്പര്‍പ്ലേറ്റുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വാഹന ഉടമകളെ തിരിച്ചറിഞ്ഞത്. മുഹമ്മദ് റിസ്‌വാനാണ് റോഡിലെ അഭ്യാസപ്രകടനം തന്റെ ഇന്‍സ്റ്റാഗ്രാം പ്രൊഫൈലില്‍ ഷെയര്‍ ചെയ്തത്.

വാഹന ഉടമകളെ തിരിച്ചറിഞ്ഞ എം.വി.ഡി, യുവാക്കളേയും വീട്ടുകാരേയും ഹിയറിംഗിനായി ഓഫീസിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു. ബോധവത്കരണ ക്ലാസ് നല്‍കിയ ശേഷം മൂന്ന് മാസത്തേക്ക് വാഹനമോടിക്കുന്നതില്‍ നിന്ന് യുവാക്കളെ സസ്‌പെന്‍ഷന്റെ ഭാഗമായി വിലക്കുകയും ചെയ്തു.