kk

സഹജീവികളോടുള്ള സ്നേഹവും ദയയും ഒരാളുടെ ജീവിതത്തിൽ എത്രത്തോളം മാറ്റമുണ്ടാക്കാൻ കഴിയും. ചൈനയിലെ ഷാങ്ഹായിയിൽ നിന്നുള്ള ഈ പഴക്കച്ചവടക്കാരന്റെ ജീവിതം ഈ ചോദ്യത്തിന് ഉത്തരം നൽകും. സ്ഥിരമായി ഇയാളുടെ കടയിൽ നിന്ന് സാധനങ്ങൾ വാങ്ങിച്ചിരുന്ന 88കാരൻ അവസാനം നൽകിയത് 3.8 കോടിയുടെ ഒരു വീടാണ്. മാ എന്ന 88 കാരനാണ് ലിയു എന്ന പഴക്കച്ചവടക്കാരന് 38 കോടി വിലവരുന്ന വീട് സമ്മാനമായി നൽകിയത്.തന്റെ ജീവിതത്തിന്റെ അവസാന ഘട്ടത്തിൽ ലിയുവിൽ നിന്ന് ലഭിച്ച സ്നേഹപൂർണമായ പരിചരണത്തിന് പ്രതിഫലമായാണ് മാ തന്റെ സ്വത്തുക്കൾ അവനായി എഴുതി വച്ചത്.

വർഷങ്ങൾക്ക് മുമ്പാണ് ഇരുവരും കണ്ടുമുട്ടിയത് . ഓട് മേഞ്ഞ ഒരു ചെറിയ വീട്ടിൽ താമസിച്ചിരുന്ന ലിയുവിന്റെയും കുടുംബത്തിന്റെയും അവസ്ഥ കണ്ടാണ് മാ അവരെ തന്റെ വീട്ടിലേക്ക് ക്ഷണിച്ചത്. മായുടെ ഏക മകന്റെ മരണത്തിന് ശേഷം അദ്ദേഹത്തിന്റെ പരിചരണം പൂർണമായും ലിയു ഏറ്റെടുക്കുകയായിരുന്നു. ഒരിക്കൽ വീണ് പരിക്കേറ്റപ്പോൾ മായെ ആശുപത്രിയിൽ കൊണ്ടുപോയതും പരിചരിച്ചതുമെല്ലാം ലിയു തന്നെയായിരുന്നു,​ വൃദ്ധന്റെ ബന്ധുക്കൾ ആ പരിസരത്ത് എത്തിനോക്കിയതു പോലുമില്ല.

2020ൽ മാ ലിയുവുമായി ഒരു കരാറിൽ ഒപ്പിട്ടു കൊടുത്തിരുന്നു,​ മായുടെ മരണത്തിന് ശേഷമാണ് കരാർ എന്തായിരുന്നുവെന്ന വിവരം പുറത്തുവന്നത് . മരണ ശേഷം മായുടെ സ്വത്തുക്കൾ വിട്ടുനൽകാൻ ബന്ധുക്കൾ വിസമ്മതിച്ചു . തുടർന്ന് ലിയു കോടതിയെ സമീപിക്കുകയായിരുന്നു.

വൃദ്ധന്റെ സ്വത്തും വീടും ബന്ധുക്കൾക്ക് നൽകാതെ ഒരു ബന്ധവുമില്ലാത്ത ലിയുവിന് നൽകിയ വിൽപത്രത്തിൽ കോടതിക്ക് ആദ്യം സംശയമുണ്ടായിരുന്നു,​ വൃദ്ധന്റെ മൂന്ന് സഹോദരിമാർക്ക് പോലും സ്വത്തിന്റെ ഒരു വിഹിതവും നൽകിയിരുന്നില്ല. മായുടെ വിൽപത്രം മരവിപ്പിക്കണമെന്ന് അവർ കോടതിയിൽ ആവശ്യപ്പെട്ടു. വിൽപത്രത്തിന്റെ നിയമസാധുതയെ ചോദ്യം ചെയ്ത ബന്ധുക്കൾ മായ്ക്ക് മാനസിക രോഗമുണ്ടെന്ന് ആരോപിക്കുകയും ചെയ്തു. എന്നാൽ ആരോപണങ്ങൾ തള്ളിയ കോടതി മായുടെ വിൽപത്രം അംഗീകരിക്കുകയും സ്വത്തുക്കൾ ലിയുവിന് നൽകാൻ ഉത്തരവിടുകയുമായിരുന്നു.