airport

അയോദ്ധ്യ: ഡിസംബര്‍ 30ന് ഉദ്ഘാടനം ചെയ്യാനിരിക്കുന്ന അയോദ്ധ്യയിലെ പുതിയ വിമാനത്താവളത്തിന് വാത്മീകി മഹര്‍ഷിയുടെ പേര് നല്‍കിയേക്കുമെന്ന് റിപ്പോര്‍ട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് വിമാനത്താവളം ഉദ്ഘാടനം ചെയ്യുന്നത്. 1450 കോടി രൂപ ചിലവാക്കിയാണ് വിമാനത്താവളത്തിന്റെ ഒന്നാം ഘട്ടം പൂര്‍ത്തിയാക്കിയിരിക്കുന്നത്.

6500 ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. പ്രതിവര്‍ഷം പത്ത് ലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യാനുള്ള സൗകര്യങ്ങളാണ് വിമാനത്താവളത്തിലുള്ളത്. അയോദ്ധ്യയിലെ രാമക്ഷേത്രത്തിന് സമാനമായ ക്ഷേത്ര വാസ്തുവിദ്യയെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് വിമാനത്താവളത്തിന്റെ മുന്‍വശം പണികഴിപ്പിച്ചിരിക്കുന്നത്.

തദ്ദേശീയ കലാരൂപങ്ങള്‍, ചിത്രകലകള്‍, എല്‍ഇഡി ലൈറ്റിംഗുകള്‍, ഭഗവാന്‍ ശ്രീരാമന്റെ ജീവിതം ചിത്രീകരിക്കുന്ന ചുവര്‍ചിത്രങ്ങള്‍ തുടങ്ങിയവ ഉപയോഗിച്ചാണ് ഉള്‍വശം അലങ്കരിച്ചിരിക്കുന്നത്. ഇന്‍സുലേറ്റഡ് റൂഫിങ് സംവിധാനം, മഴവെള്ള സംഭരണം, ഫൗണ്ടെയ്‌നുകള്‍ എന്നിവയും വിമാനത്താവളത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്.

അയോദ്ധ്യയില്‍ 2,180 കോടി രൂപ ചെലവില്‍ വികസിപ്പിക്കുന്ന ഗ്രീന്‍ഫീല്‍ഡ് ടൗണ്‍ഷിപ്പിന്റെ തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിക്കും. രണ്ട് പുതിയ അമൃത് ഭാരത് ട്രെയിനുകളും ആറ് പുതിയ വന്ദേ ഭാരത് ട്രെയിനുകളും പ്രധാനമന്ത്രി മോദി ഫ്‌ളാഗ് ഓഫ് ചെയ്യും.